- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിറ്റുകളുടെ 'ഗോഡ്ഫാദർ' ഇനി ഓർമ്മകളുടെ വെള്ളിത്തിരയിൽ! സംവിധായകൻ സിദ്ദിഖിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിച്ച് മലയാള സിനിമാ ലോകവും ചലച്ചിത്ര പ്രേമികളും; ഭൗതിക ദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കി; സംസ്കാര ചടങ്ങ് ഔദ്യോഗിക ബഹുമതികളോടെ
കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ സിദ്ദിഖിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി ജന്മനാട്. ഔദ്യോഗിക ബഹുമതികളോടെ എറണാകുളം സെൻട്രൽ ജുമാമസ്ജിദിലെ ഖബറിസ്ഥാനിൽ ഭൗതിക ശരീരം ഖബറടക്കി. മലയാള സിനിമ എക്കാലവും ഓർക്കുന്ന ഹിറ്റ്മേക്കർ ഓർമ്മകളുടെ വെള്ളിത്തിരയിൽ ഇനി ജ്വലിക്കും.
മലയാളത്തിന്റെ ഹിറ്റ് മേക്കർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മലയാള സിനിമാ ലോകവും ചലച്ചിത്ര പ്രേമികളും ഒന്നടങ്കം എത്തിയിരുന്നു. വീട്ടിൽ വച്ച് പൊലീസ് ഔദ്യോഗിക ബഹുമതി നൽകി. തുടർന്ന് വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലേക്ക് നീങ്ങി. പള്ളിയിൽ ഔദ്യോഗിക ബഹുമതി നൽകിയ ശേഷം നിസ്‌കാര ചടങ്ങുകൾക്ക് പിന്നാലെ ഖബർസ്ഥാനിൽ ഖബറടക്കം നടന്നു. ജനക്കൂട്ടം ഖബർസ്ഥാനിലും തടിച്ചുകൂടിയിരുന്നു. ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും അന്തിമോപചാരമർപ്പിക്കാൻ വീട്ടിൽ സൗകര്യമൊരുക്കിയിരുന്നു.
പതിനാറാം വയസു മുതൽ ഒപ്പം ചേർന്ന ചങ്ങാതിയെ അവസാനമായി കാണാൻ എത്തിയ നടൻ ലാൽ പൊട്ടിക്കരഞ്ഞതു കണ്ടുനിന്നവരെ ദുഃഖത്തിലാഴ്‌ത്തി. ഫാസിലും ഫഹദ് ഫാസിലും ചേർന്നാണ് ലാലിനെ ആശ്വസിപ്പിച്ചത്. മമ്മൂട്ടി, സായ്കുമാർ തുടങ്ങി നിരവധി പേർ പ്രിയസുഹൃത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. രാവിലെ 9 മുതൽ 12 വരെയായിരുന്നു കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം. പൊതുദർശനത്തിനുശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ടുപോയി.
ഇന്ന് രാവിലെ എട്ടരയോടെയാണ് പള്ളിക്കരയിലെ വീട്ടിൽ നിന്ന് മൃതദേഹം വിലാപയാത്രയായി എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. മലയാള സിനിമാ ലോകവും അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവിടേക്കെത്തി. മമ്മൂട്ടി, സായികുമാർ, ജഗദീഷ്, കമൽ, ബി ഉണ്ണികൃഷ്ണൻ തുടങ്ങി താരങ്ങളും സംവിധായകരുമടക്കം സിനിമാ മേഖല ഒന്നാകെ യാത്രാമൊഴി ചൊല്ലി.
പുല്ലേപ്പടിയിലെ വീട്ടിൽ നിന്ന് കൊച്ചിൻ കലഭവനിലൂടെ സിനിമയിലെത്തിയ സിദ്ദിഖിനെ നഗരപൗരാവലിയും ചലച്ചിത്രപ്രേമികളും അവസാനമായി ഒരുനോക്കുകണ്ടു. നാലരയോടെയാണ് ശേഷമാണ് മൃതദേഹം വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാമസ്ജിദിലേക്ക് കൊണ്ടുവന്നത്, തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതി. പിന്നാലെ ഖബറിസ്ഥാനിൽ സംസ്‌കാരം.
കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയിൽ കഴിയവെ തിങ്കളാഴ്ച ഉച്ചയോടെയാണ് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്. മലയാള സിനിമയിൽ ചിരിയുടെ പുതുവഴി തുറക്കുകയും തമിഴിലും ഹിന്ദിയിലും വരെ ഹിറ്റ്‌മേക്കർ ആകുകയും ചെയ്ത സംവിധായകൻ സിദ്ദിഖ് ഇന്നലെ രാത്രിയാണു വിടവാങ്ങിയത്. രാത്രി 9.10ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾരോഗം മൂർഛിച്ച് മൂന്നാഴ്ചയിലേറെയായി ഐസിയുവിലായിരുന്നു. ഇന്നലെ സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് മരണം വിവരം ഔദ്യോഗികമായി അറിയിച്ചത്.
തിങ്കളാഴ്ചയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് നില അതീവ ഗുരുതരമായി. പിന്നീട് ഉപകരണ സഹായത്താലായിരുന്നു (എക്‌മോ) ആന്തരികാവയവങ്ങളുടെ പ്രവർത്തനം. ഭാര്യ: ഷാജിദ. മക്കൾ: സുമയ്യ, സാറ, സുക്കൂൻ. മരുമക്കൾ: നബീൽ, ഷെഫ്‌സിൻ. കൊച്ചി പുല്ലേപ്പടി കറുപ്പ്നുപ്പിൽ പരേതരായ കെ.എം.ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനാണ്.
തുടർച്ചയായി സൂപ്പർ മെഗാ ഹിറ്റുകൾ എങ്ങനെയൊരുക്കാമെന്ന് മലയാള സിനിമയെ പരിചയപ്പെടുത്തിയ 'ഗോഡ്ഫാദർ' ആയിരുന്നു സിദ്ദിഖ്. 68-ാമത്തെ വയസിൽ അപ്രതീക്ഷിതമായി ചലച്ചിത്ര ലോകത്ത് നിന്ന് അദ്ദേഹം യാത്രപറഞ്ഞു. കൊച്ചിൻ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെ കലാജീവിതം ആരംഭിക്കുന്നത്. കലാഭവനിൽ വച്ചാണ് അദ്ദേഹം പിൽക്കാലത്ത് തന്റെ സംവിധാന പങ്കാളിയായ ലാലുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഈ സൗഹൃദം ഇരുവരുടെയും ജീവിതത്തെ മാറ്റി മറിക്കുകയായിരുന്നു.
34 വർഷം മുൻപ് 'റാംജിറാവ് സ്പീക്കിങ്' എന്ന സിനിമയിലൂടെ മലയാളത്തിൽ ചിരിയുടെ പുതിയ ട്രാക്ക് സൃഷ്ടിച്ച സിദ്ദിഖ്-ലാൽ സംവിധായക കൂട്ടുകെട്ട് തുടർന്ന് ഹിറ്റുകളുടെ പരമ്പര തന്നെ സൃഷ്ടിച്ചു. 'ഇൻ ഹരിഹർ നഗർ', 'ഗോഡ്ഫാദർ', 'വിയറ്റ്‌നാം കോളനി', 'കാബൂളിവാല' എന്നീ സിനിമകൾക്കുശേഷം സിദ്ദിഖ് ഒറ്റയ്ക്കു സംവിധാനം ചെയ്തുതുടങ്ങിയപ്പോഴും വിജയചരിത്രം തുടർന്നു. 'ഹിറ്റ്‌ലർ', 'ഫ്രണ്ട്‌സ്', 'ക്രോണിക് ബാച്ചിലർ', 'ബോഡിഗാർഡ്', 'ലേഡീസ് ആൻഡ് ജന്റിൽമാൻ', 'ഭാസ്‌കർ ദ റാസ്‌കൽ', 'കിങ് ലയർ', 'ഫുക്രി', 'ബിഗ് ബ്രദർ' തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ.
സൽമാൻ ഖാൻ നായകനായ 'ബോഡിഗാർഡി'ന്റെ ഹിന്ദി റീമേക്ക് 200 കോടിയിലേറെ രൂപ കലക്ഷൻ നേടി. 'ഫ്രണ്ട്‌സ്', 'എങ്കൾ അണ്ണ', 'കാവലൻ', 'സാധുമിരണ്ട', 'ഭാസ്‌കർ ഒരു റാസ്‌കൽ' എന്നീ സിനിമകൾ തമിഴിലും 'മാരോ' എന്ന ചിത്രം തെലുങ്കിലും സംവിധാനം ചെയ്തു.
മോഹൻലാൽ നായകനായ 'ബിഗ് ബ്രദർ' (2020) ആണ് അവസാന സിനിമ. മഹാരാജാസിൽ വിദ്യാർത്ഥിയായിരിക്കെ മിമിക്രി, മോണോ ആക്ട് വേദികളിൽ തിളങ്ങിയ സിദ്ദിഖ് കൊച്ചിൻ കലാഭാവനിലൂടെയാണ് കലാവേദികളിൽ സജീവമായത്. സത്യൻ അന്തിക്കാടിന്റെ 'പപ്പൻ പ്രിയപ്പെട്ട പപ്പന്' തിരക്കഥയൊരുക്കിയായിരുന്നു സിദ്ദിഖ്‌ലാൽ ജോടിയുടെ സിനിമയിലെ അരങ്ങേറ്റം.