തിരുവനന്തപുരം: പ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധൻ എം കുഞ്ഞാമൻ അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മഹാരാഷ്ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. കുഞ്ഞാമൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു എത്തിയത്. സുഹൃത്തായ കെ എം ഷാജഹാൻ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞാമൻ മരിച്ചുവെന്ന് വ്യക്തമായത്. വീട്ടിലെത്തി ഷാജഹാൻ വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഇതോടെ പൊലീസിനെ വിളിച്ചു വരുത്തി. പ്രതികരിക്കാത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഷാജഹാൻ പൊലീസിനെ അറിയിച്ചത്.

ഷാജഹാനോട് ഇന്ന് നാലു മണിക്ക് വീട്ടിലെത്താൻ കുഞ്ഞാമൻ ഫോണിൽ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് വന്നവർ കണ്ടത് വീട്ടിലെ ലൈറ്റ് ഓണായി കിടക്കുന്നതായിരുന്നു. പിന്നീട് പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി നോക്കിയപ്പോഴാണ് അടുക്കളയിൽ കുഞ്ഞാമൻ മരിച്ചു കിടക്കുന്നത് കണ്ടത്. ഇൻക്വസ്റ്റ് തയ്യാറാക്കി കുഞ്ഞാമന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറി. രണ്ടു മാസമായി ഭാര്യ വണ്ടൂരിൽ ചികിൽസയിലാണ്. അന്ന് മുതൽ ഒറ്റയ്ക്കായിരുന്നു കുഞ്ഞാമൻ. സാമ്പത്തിക ശാസ്ത്ര മേഖലയ്ക്ക് വലിയ സംഭാവന നൽകിയ വ്യക്തിയാണ് കുഞ്ഞാമൻ.

കേരളത്തിലെ അംബേദ്ക്കർ' എന്ന് ഏതെങ്കിലും ഒരു വ്യക്തിയെ വിശേഷിപ്പിക്കാൻ കഴിയുമെങ്കിൽ അത് ഡോ എം കുഞ്ഞാമനെ ആയിരിക്കും. ഉപ്പുമാവ് കിട്ടുമെന്നതിനാൽ സ്‌കൂളിലെ പടി ചവിട്ടിയ ഈ ദലിത് ബാലൻ, പിന്നീട് ലോകം അറിയുന്ന അക്കാദമീഷ്യനും സാമ്പത്തിക ശാസ്ത്രജ്ഞനും, ദലിത് ചിന്തകനും ആയി മാറി. ഡോ എം കുഞ്ഞാമൻ എന്ന മണ്ണ്യമ്പത്തൂർ കുഞ്ഞാമന്, ഡോ കെ ആർ നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എഎ യിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് കേരളീയൻ എന്ന ബഹുമതി കൂടിയുണ്ട്.

അദ്ദേഹത്തിന്റെ ഡവലപ്മെന്റ് ഓഫ് ട്രൈബൽ ഇക്കോണോമി, സ്റ്റേറ്റ് ലെവൽ പ്ലാനിങ് ഇൻ ഇന്ത്യ, എക്കണോമിക് ഡെവലപ്പ്മെന്റ് ആൻഡ് സോഷ്യൽ ഗ്ലോബലൈസേഷൻ, എന്നീ പുസ്തകങ്ങളും എറെ ചർച്ചചെയ്യപ്പെട്ടതാണ്. കേരളത്തിലെ ദലിത് ജീവിതത്തെക്കുറിച്ച് ഇത്രമേൽ പഠനവും വിശലകനവും നടത്തിയ വ്യക്തി വേറെയുണ്ടാവില്ല. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആത്മകഥയായ 'എതിരിന്' മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരിക്കയാണ്. എന്നാൽ 'അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ല', എന്ന് വിനയപൂർവം പറഞ്ഞുകൊണ്ട് കുഞ്ഞമാൻ ഈ അവാർഡ് നിരസിക്കയാണു ചെയ്തത്.

എച്ചില് തിന്ന് ജീവിച്ച ബാലനിൽനിന്ന്, ജാതിവെറിയന്മാരോട് പൊരുതിക്കയറിയാണ് ഡോ കുഞ്ഞാമൻ, അക്ഷരം പഠിക്കുന്നതും വളരുന്നതും, ഡോക്ടറേറ്റ് എടുക്കുന്നതും. അംബേദ്ക്കറെപ്പോലെ ശരിക്കും കനലെരിയുന്ന ജീവിതമാണ് കുഞ്ഞാമന്റെതും.