- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ വിസ്മയിപ്പിച്ച മലയാളി ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍; ശ്രീചിത്രയെ പാവങ്ങളുടെ ആശുപത്രിയാക്കിയ പടത്തലവന്; ഡോ എംഎസ് വല്യാത്താന് അന്തരിച്ചു
തിരുവനന്തപുരം: ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. എം.എസ്.വല്യത്താന്‍ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ആദ്യ ഡയറക്ടറാണ്. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വിസിയായിരുന്നു. മണിപ്പാലിലായിരുന്നു അന്ത്യം. പത്മവിഭൂഷണ്‍ ഉള്‍പ്പെടെ ഇന്ത്യയിലെയും വിദേശത്തെയും ധാരാളം ബഹുമതികള്‍ക്ക് അര്‍ഹനായ വ്യക്തിയാണ് വിടവാങ്ങുന്നത്. മാവേലിക്കര രാജകുടുബാംഗമായിരുന്ന വല്യത്താന്റെ മുഴുവന്‍ പേര് മാര്‍ത്താണ്ഡവര്‍മ്മ ശങ്കരന്‍ വല്യത്താന്‍ എന്നായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ചുകാരനായ ഈ മലയാളി ആരോഗ്യ രംഗത്ത് എഴുതി ചേര്‍ത്തത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനത്തിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നാണ് അദ്ദേഹം എംബിബിഎസ് നേടിയത്. എംഎസ് പഠനം യൂണിവേഴ്‌സിറ്റി ഓഫ് ലിവര്‍പൂളില്‍. എഫ്ആര്‍സിഎസ് കൂടി എടുത്തശേഷം തിരികെ നാട്ടിലേക്ക്. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (പിജിമര്‍) കുറച്ചു കാലം ജോലി ചെയ്തു. ജോലി കിട്ടിയപ്പോഴും പഠനം ഉപേക്ഷിച്ചില്ല. ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് ഉന്നതപഠനത്തിനായി ജോണ്‍ ഹോപ്കിന്‍സ് അടക്കമുള്ള ഉന്നത വിദേശ സര്‍വകലാശാലകളിലേക്ക് തിരികെപ്പോയി.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ആദ്യ ഡയറക്ടറായി സമാനതകളില്ലാത്ത സംഭാവന ആരോഗ്യ കേരളത്തിന് നല്‍കി. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് പാവപ്പെട്ടവരുടെ പ്രധാന ആതുരാലയമാക്കി മാറ്റി. വിദേശത്തുനിന്നു വലിയ വില കൊടുത്തു വാങ്ങിക്കൊണ്ടിരുന്ന ഹൃദയ വാല്‍വുകള്‍ ശ്രീചിത്രയില്‍ നിര്‍മിച്ച് ഇന്ത്യയില്‍ ആദ്യമായി കുറഞ്ഞ വിലയ്ക്കു വാല്‍വ് ലഭ്യമാക്കി. രക്തബാഗുകള്‍ നിര്‍മിച്ചു വ്യാപകമാക്കുകയും ചെയ്തു.
ആയുര്‍വേദത്തിന്റെ ഗവേഷണത്തിലേക്കു വല്യത്താന്‍ പിന്നീട് കടന്നു. അലോപ്പതി ഡോക്ടര്‍മാരും ആയുര്‍വേദക്കാരും തമ്മില്‍ പലപ്പോഴും അഭിപ്രായഭിന്നതകള്‍ ഉണ്ടാകാറുള്ളപ്പോള്‍ രണ്ടിലും അതിന്റേതായ ഗുണങ്ങള്‍ കണ്ടെത്താന്‍ പരിശ്രമിച്ചു. ആയുര്‍വേദവും അലോപ്പതിയും സമന്വയിപ്പിച്ചു കൊണ്ടുപോകാവുന്ന പല നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. കോഴിക്കോട്ട് കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് തുടങ്ങാനും സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സിലിനു കീഴില്‍ വിവിധ സ്ഥാപനങ്ങളെ ഏകീകരിക്കാനും പരിശ്രമിച്ചു. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ചെയര്‍മാനായിരുന്നു.
ശ്രീചിത്ര വിട്ട് 1994ല്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വൈസ് ചാന്‍സലറായി എത്തിയ അദ്ദേഹം 1999വരെ സ്ഥാനത്ത് തുടര്‍ന്നു. മാവേലിക്കര ഗവ. ഹൈസ്‌കൂളില്‍ പഠിച്ച് രാജ്യത്തിന് അഭിമാനമായ വല്യത്താന്‍ വ്യത്യസ്തമായ ശൈലിയാണ് സ്വീകരിച്ചത്. അലോപ്പതിയും ആയുര്‍വേദവും പലപ്പോഴും ഏറ്റുമുട്ടുമ്പോഴും രണ്ടിലും അതിന്റേതായ ഗുണങ്ങള്‍ കണ്ടെത്താന്‍ പരിശ്രമിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ആയുര്‍വേദവും അലോപ്പതിയും സമന്വയിപ്പിച്ചു കൊണ്ടുപോകാവുന്ന സാദ്ധ്യതകള്‍ കണ്ടെത്താനും ശ്രദ്ധിച്ചു.
2005ലാണ് രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചത്. മണിപ്പാല്‍ യൂണിവേഴ്സിറ്റി ഓര്‍ത്തോഡോന്റിക്സ് മുന്‍ പ്രൊഫസറായ പഞ്ചാബ് സ്വദേശി ഡോ. അഷിമയാണ് ഭാര്യ. ഡോ. മനീഷും ഡോ. മന്നാ വല്യത്താനും മക്കളാണ്.