തൃപ്പൂണിത്തുറ: വിഖ്യാത ഭാരതീയ ആധ്യാത്മിക പ്രഭാഷകനും ശാസ്ത്രജ്ഞനുമായിരുന്ന തൃപ്പൂണിത്തുറ ലായം റോഡ് ശ്രീനിവാസിൽ ഡോ.എൻ ഗോപാലകൃഷ്ണൻ (68) അന്തരിച്ചുത് കഴിഞ്ഞ ദിവസമാണ്. അധ്യാത്മിക രംഗത്ത് ശോഭിച്ചിരുന്ന അദ്ദേഹം ജീവിതം കെട്ടിപ്പൊക്കിയത് കടുത്ത ദാരിദ്ര്യത്തോടെ പടവെട്ടിയായിരുന്നു. മംഗലാപുരത്തു നിന്നും എറണാകുളത്തെത്തി താമസമാക്കിയ തുളു ബ്രാഹ്മണ കുടുംബാംഗമായിരുന്നു അദ്ദേഹം.

തൃപ്പൂണിത്തുറ കുഴുപ്പിള്ളി നാരായണൻ എബ്രാന്തിരി-സത്യഭാമ ദമ്പതികളുടെ മൂന്നാമത്തെ മകനാനായാണ് ജനനം. അക്കാലത്ത് പഠനം മുന്നോട്ടുകൊണ്ടുപോകാൻ അടക്കം കാര്യമായി ബുദ്ധിമുട്ടി. കടുത്ത ദാരിദ്ര്യത്തോടു പടവെട്ടിയായിരുന്നു ജീവിതം. അക്കാലത്ത് എറണാകുളം നോർത്ത് പരമാര ക്ഷേത്രത്തിൽ പൂജാരിയായും ദ്വാരക ഹോട്ടലിൽ സപ്ലൈയറായും ജോലി ചെയ്താണു അദ്ദേഹം പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. പിൽക്കാലത്ത് കോളേജ് പഠനം പൂർത്തിയാക്കിയത് അടക്കം ഈ കഠിന ജീവിതത്തിനിടെയാണ്.

പഠനത്തിലെ മിടുക്കനായിരുന്നു കൗമാരക്കാരനായിരുന്ന ഗോപാലകൃഷ്ണൻ. പഠനം മുന്നോട്ടു കൊണ്ടുപോയതോടെ കെമിസ്ട്രിയിൽ രണ്ട് എംഎസ്സിയും സോഷ്യോളജിയിൽ എംഎയും ബയോകെമിസ്ട്രിയിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ഏഴ് പേറ്റന്റ് സ്വന്തമായിട്ടുള്ള ഗോപാലകൃഷ്ണൻ  സയൻസിൽ സംസ്‌കൃതത്തിന്റെ സാധ്യതകളെപ്പറ്റി ഗവേഷണം നടത്തി ഡിലിറ്റ് നേടിയ ഏക ഇന്ത്യൻ ശാസ്ത്രജ്ഞനാണ്. 29 വർഷത്തെ ഗവേഷണ കാലയളവിൽ 50 റിസേർച്ച് പേപ്പറുകൾ രാജ്യാന്തരതലത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രഗവേഷണത്തിനുള്ള ആറ് പുരസ്‌കാരവും ശാസ്ത്രത്തെ ജനകീയവൽക്കരിക്കുന്നതിനുള്ള ഒൻപത് രാജ്യാന്തര പുരസ്‌കാരവും രണ്ട് രാജ്യാന്തര ഫെല്ലോഷിപ്പും നേടി.

ഭാരതീയ സംസ്‌ക്കാരവുമായി ചേർത്തുകൊണ്ടാണ് അദ്ദേഹം സയൻസിനെ സമീപിച്ചത്. 60 പുസ്തകങ്ങൾ എഴുതിയ ഇദ്ദേഹം പ്രഭാഷണങ്ങളുടെ 200 എംപി3 സിഡികളും 50 വീഡിയോ സിഡികളും പുറത്തിറക്കി. ആറായിരത്തിലേറെ പ്രഭാഷണങ്ങൾ രാജ്യത്തും വിദേശത്തുമായി നടത്തിയിട്ടുണ്ട്. ഇതിൽ ടെലിവിഷൻ പ്രഭാഷണങ്ങളുടെ മാത്രം ദൈർഘ്യം 200 മണിക്കൂറിലേറെ വരും. യുഎസ്, യുകെ, കാനഡ, ഗൾഫ് രാജ്യങ്ങളിൽ ഒട്ടേറെ ശാസ്ത്ര പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. നിലവിൽ കാനഡ ആൽബർട്ട യൂണിവേഴ്സിറ്റി ഫെല്ലോയാണ്.

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ സ്ഥാപക ഡയറക്ടറാണ്. 1999ൽ ഗോപാലകൃഷ്ണൻ സ്ഥാപിച്ച സ്ഥാപനം ഇന്ന് മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. ഡൽഹിയിലെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ചിലെ ശാസ്ത്രജ്ഞനും ഡയറക്ടറുമായിരുന്നു.
ഭാരതീയ പൈതൃകത്തെക്കുറിച്ചും ചിന്താധാരകളെക്കുറിച്ചും ദീർഘമായ പ്രഭാഷണങ്ങൾ നടത്തി ശ്രദ്ധേയനാണ്. രാജ്യത്തും അൻപതിലേറെ വിദേശ രാജ്യങ്ങളിലുമായി ആയിരക്കണക്കിനു പ്രഭാഷണങ്ങൾ നടത്തി.

അതിനിടെ അദ്ധ്യാത്മിക വഴിയിൽ സഞ്ചരിക്കുമ്പോഴും അദ്ദേഹം ചില വീഡിയോകളുടെ പേരിൽ കടുത്ത വിമർശനം കേൾക്കുകയും നിയമ നടപടി നേരിടേണ്ടി വരികയും ചെയ്തു. യൂടൂബ് വഴി ഇദ്ദേഹം നടത്തിവന്നിരുന്ന പ്രഭാഷണങ്ങളിൽ ചിലത് വിവാദമാവുകയും അതിന്റെ പേരിൽ നിയമനടപടി നേരിടേണ്ടിവരികയും ചെയ്തിരുന്നു. അതേസമരം തന്റെ ഉദ്ദേശം സദുദ്ദേശപരമായിരുന്നു എന്നായിരുന്നു വിവാദങ്ങളോട് അദ്ദേഹം മറുപടി നൽകിയത്.

ഒരു മാസമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ബുധനാഴ്‌ച്ച വൈകിട്ട് വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാത്രി എട്ടോടെ അന്ത്യം സംഭവിച്ചു. ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥ പരേതയായ രുഗ്മിണിയാണു ഭാര്യ. മക്കൾ: ഹരീഷ് (ഐടി ഉദ്യോഗസ്ഥൻ, ബെംഗളൂരു), ഹേമ. മരുമകൻ: ആനന്ദ് (ഐടി ഉദ്യോഗസ്ഥൻ). സഹോദരങ്ങൾ: എൻ. ശ്രീനിവാസൻ, എൻ.വാസുദേവൻ, എൻ. ബാലചന്ദ്രൻ, എൻ.രാജഗോപാൽ, വനജ ശ്രീനിവാസൻ. സംസ്‌കാരം ഇന്നു 11നു മേക്കര തുളു ബ്രാഹ്മണ സമാജം ശ്മശാനത്തിൽ നടക്കും.