കൊച്ചി: പ്രമുഖ ശാസ്ത്രജ്ഞനും വിഖ്യാത ആദ്ധ്യാത്മിക പ്രഭാഷകനുമായ ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാത്രി ഒൻപത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ലളിതമായ അദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ അദ്ദേഹം 6000-ൽ അധികം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. യുഎസ്, കാനഡ, യുകെ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ അദ്ദേഹം നിരവധി തവണ സന്ദർശിക്കുകയും ഇന്ത്യൻ, വിദേശ സർവകലാശാലകളിൽ നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.

എൻ ഗോപാലകൃഷ്ണനും സഹപ്രവർത്തകരും ചേർന്ന് 1999-ൽ തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹം ഇന്ത്യൻ ശാസ്ത്ര പൈതൃകം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുഴുവൻ സമയവും നീക്കി വെച്ചു. സംസ്‌കൃതത്തിലെ ഗവേഷണത്തിനും പഠനത്തിനും ഡി.ലിറ്റ് ലഭിച്ച ഏക ശാസ്ത്രജ്ഞനാണ് അദ്ദേഹം.

ശാസ്ത്രത്തെയും ആദ്ധ്യാത്മികതയേയും കോർത്തിണക്കി നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ, ഗ്രന്ഥങ്ങൾ, പഠനങ്ങൾ എന്നിവയെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു.

1982 മുതൽ 25 വർഷക്കാലം സിഎസ്ഐആറിൽ സയന്റിസ്റ്റ് ആയി സേവനമനുഷ്ഠിച്ചു. 1993-94 കാലഘട്ടത്തിൽ കാനഡയിലെ ആൽബർട്ട സർവ്വകലാശാലയിൽ വിസിറ്റിങ് സയന്റിസ്റ്റ് ആയി. ഇന്ത്യയിലെയും വിദേശത്തെയും സർവ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിസിറ്റിങ് ഫാക്കൽറ്റി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ദേശീയ അന്തർദേശീയ ശാസ്ത്ര ജേർണലുകളിൽ അൻപതോളം റിസർച്ച് പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്ത് ആറ് പേറ്റന്റുകൾ നേടി.

മംഗലാപുരത്തുനിന്ന് വന്ന് കുമ്പളത്ത് താമസമാക്കിയ പരമ്പരയിൽ പെട്ട പൂജാരിയും ശാന്തിക്കാരനുമായ നാരായണൻ എമ്പ്രാന്തിരിയുടേയും കൊച്ചി രാജാവിന്റെ വിഷവൈദ്യൻ കേശവൻ എമ്പ്രാന്തിരിയുടെ മകൾ സത്യഭാമയുടെ മകനായി തൃപ്പുണിത്തുറയിൽ 1955 ലായിരുന്നു ജനനം

സമൂഹത്തെ തട്ടിയുണർത്തിയ പ്രഭാഷകനെന്ന് സ്വാമി ചിദാനന്ദപുരി

സനാതനധർമ്മസംസ്ഥാപനത്തിനു വേണ്ടി ഏറെ പ്രവർത്തിച്ച ഡോക്ടർ ഗോപാലകൃഷ്ണൻജി യാത്രയായി. ഏറെ ഒന്നിച്ചു പ്രവർത്തിച്ചു. ഒരു കാലഘട്ടത്തിൽ കേരളത്തിലെ വളരെയധികം ക്ഷേത്രങ്ങളിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ റെക്കോർഡിട്ടു കേൾപ്പിക്കുമായിരുന്നത് ഓർക്കുകയാണ്. ആയിരക്കണക്കിന് ക്ലാസുകളിലൂടെയും ഭാഷണങ്ങളിലൂടെയും അദ്ദേഹം സമൂഹത്തെ തട്ടിയുണർത്തി. ഒടുവിൽ ഒന്നിച്ചത് ഇക്കഴിഞ്ഞ മാർച്ച് 18നു കേരള ധർമാചാര്യ സഭയുടെ യോഗത്തിനായിരുന്നു. എറണാകുളം ഭാസ്‌കരീയത്തിൽ വെച്ച്.
പ്രണാമാഞ്ജലി.

സ്വാമി ചിദാനന്ദ പുരി