തിരുവനന്തപുരം: ടെലിവിഷൻ സീരിയൽ നടി ഡോ. പ്രിയയുടെ മരണ വാർത്തയിൽ ഞെട്ടി മലയാള സീരിയൽ പ്രവർത്തകർ. നിരവധി സീരിയലുകളിൽ പ്രിയ അഭിനയിച്ചിട്ടുണ്ട്. എംബിബിഎസ് കഴിഞ്ഞ പ്രിയ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. എംഡി ചെയ്യാൻ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് അപ്രതീക്ഷിത വിടവാങ്ങൽ. ബെംഗളൂരു സ്വദേശിയാണ് ഭർത്താവ്. പൂജപ്പുരയിൽ അമ്മയ്ക്കും മകൾക്കുമൊപ്പമായിരുന്നു താമസം.

വീട്ടിലെ ഒറ്റക്കുട്ടി ആണ് പ്രിയ. പഠനത്തിലും കലാപരമായ കഴിവുകളിലും ചെറുപ്പം മുതലേ മുന്നിട്ടുനിന്ന പ്രിയ നന്നേ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തേക്ക് എത്തിയിരുന്നു. പഠനത്തിരക്കുകളിൽ പെട്ട് കുറച്ചുനാൾ മാറി നിന്നെങ്കിലും അടുത്തിടെ തിരിച്ചുവരവും താരം നടത്തിയിരുന്നു. ചൈനയിൽ നിന്നാണ് എംബിബിഎസ് നേടിയത്. സൂപ്പർ ഹിറ്റായ 'കറുത്തമുത്ത്' സീരിയലിൽ അഭിനയിച്ചിരുന്നു പ്രിയ.

എട്ടുമാസം ഗർഭിണിയായിരുന്ന നടി പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു. അവിടെ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. അടിയന്തര ശുശ്രുഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിനെ ഉടൻ തന്നെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.കുഞ്ഞ് ഐ.സി.യുവിൽ തുടരുകയാണ്. നടൻ കിഷോർ സത്യയാണ് മരണവിവരം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.

ചെറിയ കഥാപാത്രങ്ങളിലൂടെയാണ് ഡോക്ടർ പ്രിയ ശ്രദ്ധിക്കപ്പെടുന്നത്. എം.ഡി ചെയ്യാനായി തായാറെടുക്കവെയാണ് അപ്രതീക്ഷിത വിയോഗം. പി ആർ എസ് തിരുവനന്തപുരം ആശുപത്രിയിലെ ഡോക്ടറായ പ്രിയ നായരുടെ മരണം തീർത്തും അപ്രതീക്ഷിതം എന്നാണ് സുഹൃത്തുക്കളും ആരാധകരും പറയുന്നത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് പ്രിയയുടെ മരണം.

ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെയാണ് പ്രിയ ട്രീറ്റ്‌മെന്റിന് എത്തുന്നതും. അമ്മയുമായി സംസാരിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം പ്രകടമായതിനെ തുടർന്നാണ് പ്രിയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പെട്ടെന്ന് പ്രിയയുടെ ആരോഗ്യ സ്ഥിതി വഷളായി. ഉടനെ തന്നെ ഐസിയുവിലേക്ക് താരത്തെ മാറ്റി എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. എട്ടുമാസം ഗർഭിണി ആയ പ്രിയയെ സി സെക്ഷനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്. കുഞ്ഞിപ്പോൾ വെന്റിലേറ്ററിൽ ആണെന്നാണ് ബന്ധുക്കൾ പറയുന്നത്.

35 വയസ്സുകാരിയായ പ്രിയയുടെ മരണം ഹൃദയസ്തംഭനം മൂലമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പ്രിയയുടെ മരണം സംഭവിക്കുന്നത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.