തിരുവനന്തപുരം: മലയാളത്തിൽ തെക്കൻ ഭാഷയുടെ കരുത്തറിയിച്ച കഥാകൃത്തും അദ്ധ്യാപകനുമായ ഡോ. എസ് വി വേണുഗോപൻ നായർ അന്തരിച്ചു. 76 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.

ഈടുറ്റ കഥകൾ, നർമ്മത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും സ്പർശമുള്ള കഥകൾ, അസാധാരണ വിഷയങ്ങൾ, തെക്കൻ ഭാഷയുടെ ശക്തി തുടങ്ങി നിരവധി വിശേഷതകളാൽ കാലാനന്തര പ്രസക്തിയുള്ള കഥകളാണ് അദ്ദേഹം എഴുതിയത്.

1945 ഏപ്രിൽ 18ന് നെയ്യാറ്റിൻകര താലൂക്കിലെ കാരോടാണ് എസ്. വി. വേണുഗോപൻ നായരുടെ ജനനം. മലയാള സാഹിത്യത്തിൽ എം എ, എം ഫിൽ, പിഎച്ച്ഡി ബിരുദങ്ങൾ നേടി.1965 മുതൽ വിവിധ കോളജുകളിൽ അദ്ധ്യാപകനായി ജോലി ചെയ്തു.

നാഗർകോവിൽ സ്‌കോട്ട് ക്രിസ്റ്റിയൻ കോളജ്, മഞ്ചേരി, നിലമേൽ, ധനുവച്ചപുരം, ഒറ്റപ്പാലം, ചേർത്തല എൻ എസ് എസ് എന്നീ കോളേജുകളിലും മലയാളം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.

ഗർഭശ്രീമാൻ, ആദിശേഷൻ, മൃതിതാളം, രേഖയില്ലാത്ത ഒരാൾ, തിക്തം തീക്ഷ്ണം തിമിരം, ഭൂമിപുത്രന്റെ വഴി, കഥകളതിസാദരം, എന്റെ പരദൈവങ്ങൾ, ഒറ്റപ്പാലം തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങൾ. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഇടശേരി അവാർഡ്, പത്മരാജൻ പുരസ്‌കാരം, ലളിതാംബിക അന്തർജനം ജന്മശതാബ്ദി പുരസ്‌കാരം, സി.വി സാഹിത്യ പുരസ്‌കാരം, ഡോ. കെ എം ജോർജ് ട്രസ്റ്റ് ഗവേഷണ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ചയാണ് സംസ്‌കാരം. ഭാര്യ വത്സല. മൂന്ന് മക്കൾ.