കൊച്ചി: പെപ്‌സികോ വൈസ് പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ പ്രമുഖ ബഹുരാഷ്ട്ര കമ്പനികളിൽ സുപ്രധാന പദവികൾ വഹിച്ച സംരംഭകനാണ് പത്തനംതിട്ട ഇലന്തൂർ ചേനപ്പാടിയിൽ ഈപ്പൻ ജോർജ്. പെപ്‌സികോയുടെ വിഖ്യാത ബ്രാൻഡ് ആയ 'ലേയ്‌സ്' വികസനത്തിൽ അദ്ദേഹം നിർണായക പങ്കു വഹിച്ച മലയാളിയാണ് വിടവാങ്ങുന്നത്. 71-ാം വയസ്സിലാണ് ഈപ്പൻ ജോർജിന്റെ മരണം. കാലിഫോർണിയയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.

കലിഫോർണിയയിലെ സാന്തിയാഗോ ആസ്ഥാനമായ ഡിസൈൻ ഇന്നവേഷൻ കമ്പനിയായ റൗണ്ട് ഫെതർ എൽഎൽസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി പ്രവർത്തിക്കുകയായിരുന്നു. എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി ബിരുദധാരിയായ അദ്ദേഹം എവിടി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ, മക്കോർമിക് ആൻഡ് കമ്പനി വൈസ് പ്രസിഡന്റ്, പെപ്‌സികോ ഇന്നവേഷൻ ആൻഡ് ഡിസൈൻ വിഭാഗം വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

1995 96 ൽ മക്കോർമിക് ആൻഡ് കമ്പനി വൈസ് പ്രസിഡന്റ് പദവി വിട്ട് യുഎസിലെത്തി. പെപ്‌സികോയിൽ 17 വർഷം പ്രവർത്തിച്ച അദ്ദേഹം 2013 ൽ ഇന്നവേഷൻ വിഭാഗം വൈസ് പ്രസിഡന്റായാണു വിരമിച്ചത്. 'ലേയ്‌സ്' വികസന് പിന്നിൽ ഈ മലയാളിയായിരുന്നു. അത് വലിയ വിജയവുമായി. കേരളത്തിൽ പുഷ്പ കൃഷി മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്നതിനും മുന്നിൽ നിന്നു. ഓർക്കിഡ്, ആന്തൂറിയം തുടങ്ങിയവയുടെ കൃഷി കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നു തിരിച്ചറിഞ്ഞായിരുന്നു ഇത്.

ഇറക്കുമതി ചെയ്തും ടിഷ്യു കൾചർ രീതിയിലൂടെയും വ്യത്യസ്ത ഇനങ്ങൾ കേരളത്തിൽ അവതരിപ്പിച്ചു. പിൽക്കാലത്ത് ഓർക്കിഡ്, ആന്തൂറിയം കയറ്റുമതിയുടെ പ്രമുഖ കേന്ദ്രമായി കേരളം മാറിയതിന് പിന്നിൽ ഈ ഇടപെടലാണ്. ഭാര്യ: കോട്ടയം പള്ളിപ്പീടികയിൽ കുടുംബാംഗം സൂസൻ ഈപ്പൻ (യുഎസ്എ). മക്കൾ: ജോർജ് ഈപ്പൻ (ലണ്ടൻ), മറിയം (യുഎസ്എ). മരുമക്കൾ: റേയ്ച്ചൽ ജോർജ് (ലണ്ടൻ), സ്‌കോട്ട് കോസ്റ്റർ (യുഎസ്എ).