- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുവിതരണ സമ്പ്രദായത്തെയും താങ്ങുവിലയെയും ശക്തമായി പിന്തുണച്ച വ്യക്തി; ഗ്രാമീണ സമ്പദ് വ്യവസ്ഥയെപ്പറ്റി ആഴത്തിൽ പഠിച്ച മഹാൻ: അന്തരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനും ആസൂത്രണ കമ്മിഷൻ മുൻ അംഗവുമായ അഭിജിത് സെന്നിന് ആദരാഞ്ജലികൾ

ന്യൂഡൽഹി: അന്തരിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ആസൂത്രണ കമ്മിഷൻ മുൻ അംഗവുമായ അഭിജിത് സെന്നിന് രാജ്യത്തിന്റെ ആദരാഞ്ജലി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 72 വയസ്സായിരുന്നു. ഭക്ഷ്യ പൊതുവിതരണ സമ്പ്രദായത്തെയും താങ്ങുവിലയെയും ശക്തമായി പിന്തുണച്ച വ്യക്തിയായിരുന്നു അദ്ദേഹം. അരിയുടെയും ഗോതമ്പിന്റെയും സാർവത്രിക പൊതുവിതരണമാണ് വേണ്ടതെന്ന് ശക്തമായി വാദിച്ച് കേന്ദ്ര സർക്കാരിന്റെ കാതുകളിൽ എത്തിച്ചത് അദ്ദേഹമായിരുന്നു.
ഡോ.മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന 2004 മുതൽ 2014 വരെ ആസൂത്രണ കമ്മിഷനിൽ അംഗമായിരുന്നു. കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടിയ സെൻ ഓക്‌സ്ഫഡ്, കേംബ്രിജ്, ജെഎൻയു എന്നീ സർവകലാശാലകളിൽ സാമ്പത്തികശാസ്ത്ര അദ്ധ്യാപകനായിരുന്നു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെപ്പറ്റി ആഴത്തിൽ പഠിച്ചു. 2014 ൽ എൻഡിഎ സർക്കാർ ധാന്യങ്ങളുമായി ബന്ധപ്പെട്ട ദീർഘകാല നയം രൂപീകരിക്കാനുള്ള ഉന്നതതല കർമ സമിതിയുടെ അധ്യക്ഷനാക്കി. 2010 ൽ പത്മഭൂഷൺ നൽകി ആദരിച്ചു.
അരിയുടെയും ഗോതമ്പിന്റെയും സാർവത്രിക പൊതുവിതരണമാണ് വേണ്ടതെന്നും ഇക്കാര്യത്തിൽ സമ്പന്നനെന്നും ദരിദ്രനെന്നും വേർതിരിക്കേണ്ട കാര്യമില്ലെന്നും അഭിജിത് സെൻ നൽകിയ റിപ്പോർട്ടാണ് 2013 ൽ കേന്ദ്രസർക്കാർ അംഗീകരിച്ചത്. ഭക്ഷ്യ സബ്സിഡി ഖജനാവിന് ഭാരമുണ്ടാക്കുന്നുവെന്ന വാദം അതിശയോക്തി കലർന്നതാണെന്ന് അദ്ദേഹം സമർഥിച്ചു. സാർവത്രിക ഭക്ഷ്യ പൊതുവിതരണം നടത്താനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പുനൽകാനും വേണ്ട സാമ്പത്തിക സൗകര്യം രാജ്യത്തിനുണ്ടെന്നും ചൂണ്ടിക്കാട്ടി.
യുഎൻഡിപി, ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്ക്, ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ (എഫ്എഒ) തുടങ്ങിയ രാജ്യാന്തര സ്ഥാപനങ്ങളുമായി ചേർന്നും പ്രവർത്തിച്ചു. ബംഗാൾ, ത്രിപുര എന്നിവിടങ്ങളിലെ ആസൂത്രണ ബോർഡ് അംഗവുമായിരുന്നു. കാർഷിക ഉൽപന്നങ്ങളുടെ മിനിമം താങ്ങുവില നിശ്ചയിക്കാനുള്ള അഗ്രികൾചറൽ കോസ്റ്റ്‌സ് ആൻഡ് പ്രൈസസ് കമ്മിഷന്റെ ചെയർമാനായിരുന്നു.
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും ജെഎൻയുവിലെ സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ് ചെയർപഴ്‌സനുമായ ജയതി ഘോഷ് ആണ് ഭാര്യ. മാധ്യമപ്രവർത്തക ജാഹ്നവി ആണ് മകൾ. അഭിജിത് സെന്നിന്റെ പിതാവ് സമർ സെൻ ലോക ബാങ്കിൽ സാമ്പത്തികശാസ്ത്രജ്ഞനായിരുന്നു. സഹോദരൻ പ്രണബ് സെൻ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷന്റെ ചെയർമാനും ഇന്ത്യയുടെ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു.


