- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി; ദാരുണാന്ത്യം സംഭവിച്ചത് നെല്ലിക്കംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിക്ക്; ആന ചവിട്ടിക്കൊന്നതെന്ന് സംശയം; ആന്തരികാവയവങ്ങൾ പുറത്തായ നിലയിൽ
ഇരിട്ടി: ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം. ഉളിക്കൽ ടൗണിന് സമീപമുള്ള ലറ്റിൻ പള്ളിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടയാളാവാമെന്നാണ് സംശയം. നെല്ലിക്കംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് ( 68) മരിച്ചത്. ഉളിക്കലിൽ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു. കാൽപ്പാടുകൾ നിരീക്ഷിച്ച വനപാലകർ ഇക്കാര്യം സ്ഥിരീകരിച്ചു.
ഇന്നലെയാണ് ഉളിക്കൽ ടൗണിൽ ആന എത്തിയത്. മുൻകരുതലിന്റെ ഭാഗമായി ഉളിക്കലിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ആനയെ കണ്ട് ഭയന്നോടിയ ആറുപേർക്ക് പരുക്കേറ്റിരുന്നു. വയത്തൂർ വില്ലേജ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ടായിരു
ന്നു. മാട്ടറ വഴിയാണ് കാട്ടാനയെ വനത്തിലേക്ക് തുരത്തിയത്.
നേരത്തെ ഉളിക്കൽ ടൗണിലെ പള്ളിയോട് ചേർന്നുള്ള കൃഷിയിടത്തിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. പിന്നീട് സമീപത്തെ കശുമാവിൻ തോട്ടത്തിലേക്ക് ആനയെ നീക്കുന്നതിനാണ് വനംവകുപ്പ് പടക്കം പൊട്ടിച്ചത്. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉദ്ദേശിച്ച ഭാഗത്തേക്കായിരുന്നില്ല ആന നീങ്ങിയത്. ഇതിനു ശേഷം മഴ പെയ്തതിനാൽ തുരത്തൽ പ്രവർത്തനങ്ങൾ തടസപ്പെട്ടുവെങ്കിലും രാത്രിയോടെ കർണാടക വനാതിർത്തിയിലേക്ക് കടത്തി വിടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് ജോസ് വീട്ടിൽ നിന്നിറങ്ങിയത്. കാട്ടുകൊമ്പൻ ടൗണിലിറങ്ങിയ വിവരമറിഞ്ഞ് നിരവധി പേർ ആനയെ കാണാനെത്തിയിരുന്നു. ഇവരുടെ കൂട്ടത്തിൽ ജോസുമുണ്ടായിരുന്നെന്നാണ് വിവരം. പടക്കം പൊട്ടിച്ചതോടെ ആന ഓടി. ഇതോടെ ഭയന്ന് ആളുകളും പരക്കം പാഞ്ഞു. ഇതിനിടയിൽ വീണ് ആറ് പേർക്ക് പരിക്കേറ്റു.പരിക്കേറ്റ ഉളിക്കലിലെ തേറമ്പ് പുത്തൻപുരയിൽ സജീവനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും മണിപ്പാറയിലെ സജീർ കല്ലിപ്പീടികയിൽ, നിസാം ഉളിക്കൽ എന്നിവരെ ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റു മൂന്നു പേർക്ക് പ്രാഥമിക ചികിത്സ നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധിയായിരുന്നു. വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും അടച്ചിട്ടു. ഗതാഗതവും നിയന്ത്രിച്ചു.
കർണാടക വനത്തിൽ നിന്നാണ് കൊമ്പൻ ഉളിക്കൽ ടൗണിലെത്തിയത്. രാവിലെ ആറു മണിയോടെ മണ്ഡപപ്പറമ്പിലെ ലോട്ടറി തൊഴിലാളി സ്നേഹ രാജനാണ് ആദ്യം കണ്ടത്. ടൗണിനു സമീപത്തെ സെന്റ് ജോസഫ് ദേവാലയത്തിന്റെ കൃഷിയിടത്തിലാണ് എത്തിയത്. ആ സമയം പ്രഭാത കുർബാനയായിരുന്നു. ഇത് വേഗത്തിൽ പൂർത്തിയാക്കി വിശ്വാസികളെ തിരിച്ചയച്ചു. പതിനൊന്ന് മണിയോടെ ആനയെ പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമം തുടങ്ങി.
പലതവണ പടക്കം പൊട്ടിച്ചതോടെ ഉളിക്കൽ ബസ് സ്റ്റാൻഡ് വഴി അമരവയൽ ഭാഗത്തേക്ക് ഓടി വയത്തൂരിൽ നിലയുറപ്പിച്ചു. നാലു മണിയോടെ മഴ പെയ്തതിനാൽ ആനയെ തുരത്തുന്നതിനുള്ള ശ്രമം നിർത്തി. ആന കടന്നുപോയ വഴിയിൽ കൃഷിനാശമുണ്ടായി. രാത്രിയോടെ ആന കാട് കയറി. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്.