തിരുവനന്തപുരം: ഇ.എം.എസ്. മുതൽ പിണറായി വിജയൻവരെ കേരളം ഭരിച്ച പത്ത് മുഖ്യമന്ത്രിമാർക്കൊപ്പം വേദിപങ്കിട്ട മുൻ എംഎൽഎ നബീസാ ഉമ്മാൾ മുസ്ലിം സമുദായ സമ്മേളനങ്ങളിലും ശിവഗിരിയും ദേവീക്ഷേത്രങ്ങളുമുൾപ്പെടെ മറ്റു മതവേദികളിലും അടക്കം ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു. യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു വിരമിച്ച് ഒരുവർഷത്തിനുശേഷമാണ് 1987-ൽ നബീസാ ഉമ്മാൾ നിയമസഭയിലെത്തിയത്.

'യുദ്ധം' ചെയ്ത് എംഎൽഎ ആയി

വി.ജെ.ടി. ഹാളിൽ ശരീയത്ത് വിവാദത്തെക്കുറിച്ചുള്ള പ്രസംഗം കേട്ട ഇ.എം.എസ്. ഇവരെ മത്സരിപ്പിക്കണമെന്ന നിർദ്ദേശംവെച്ചു. സുശീലാ ഗോപാലനാണ് വീട്ടിലെത്തി മത്സരിക്കാൻ ക്ഷണിച്ചത്. തുടക്കത്തിൽ തീരുമാനമെടുക്കാൻ മടിച്ചു. വി എസ്.അച്യുതാനന്ദൻ സംശയം പ്രകടിപ്പിച്ചപ്പോൾ സുശീലാ ഗോപാലൻ വീണ്ടും വീട്ടിലെത്തി അനുനയിപ്പിച്ചു. നബീസാ നിൽക്കണമെന്ന് ഉറപ്പിച്ചും, നിന്നുനോക്ക് ഒരു രസമല്ലേ എന്ന് നർമരൂപത്തിലും അവർ പറഞ്ഞു.

ഇ.എം.എസിന്റെ അധ്യക്ഷതയിൽ വി.പി.സിങാണ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. നിയമസഭയിൽ കെ.ആർ.ഗൗരിയമ്മ, മേഴ്സിക്കുട്ടി അമ്മ എന്നിവരും സിപിഐ.യിൽ ഭാർഗവിതങ്കപ്പൻ, റോസമ്മ പുന്നൂസ്, കോൺഗ്രസിൽ എം ടി.പത്മ, ലീലാ ദാമോദരമേനോൻ, റോസമ്മ ചാക്കോ എന്നിവരും അവർക്കൊപ്പമുണ്ടായിരുന്നു. നിയമസഭയുടെ ലൈബ്രറി കമ്മിറ്റിയിലും ഉറപ്പുകൾ സംബന്ധിച്ച സമിതിയിലും അംഗമായിരുന്നെങ്കിലും വിദേശയാത്രകൾ അവർ ഒഴിവാക്കി. ഞങ്ങൾക്കൊപ്പംനിന്നാൽ മന്ത്രിയാക്കാമെന്ന് മുസ്ലിംലീഗ് നേതാവ് സീതിഹാജി പറഞ്ഞത് നബീസ ഉമ്മാൾ അനുസ്മരിച്ചിരുന്നു.

മുൻ വിദ്യാഭ്യാസ മന്ത്രികൂടിയായിരുന്ന ടി.എം.ജേക്കബുമായി യുദ്ധംചെയ്താണ് താൻ എംഎ‍ൽഎ. ആയതെന്ന് നബീസാ ഉമ്മാൾ പറയുമായിരുന്നു. നബീസ ഉമ്മാൾ നിയമസഭയിൽ എത്തുമ്പോൾ വിദ്യാഭ്യാസമന്ത്രിയായിരുന്ന ടി.എം.ജേക്കബ് അപ്പോൾ പ്രതിപക്ഷത്തുണ്ടായിരുന്നു. എട്ടാം നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ നവാഗത എംഎ‍ൽഎ.യായ നബീസാ ഉമ്മാളും ടി.എം.ജേക്കബും തമ്മിൽ സഭയിൽ വാക്‌പോര് അരങ്ങേറി. സ്പീക്കറുടെ പ്രത്യേക അനുമതിയോടെ അന്ന് അവർ നൽകിയ വിശദീകരണം ശ്രദ്ധേയമായിരുന്നു. അതിന്റെ ഓർമയിലാണ് ജേക്കബുമായുള്ള യുദ്ധമെന്ന് ഫലിതരൂപേണ അവർ പറഞ്ഞിരുന്നത്.

പ്രീഡിഗ്രി ബോർഡ് രൂപവത്കരണത്തിന് എതിരായ സമരത്തിൽ പൊലീസ് വിദ്യാർത്ഥികളെ തല്ലിച്ചതച്ചതിലെ പ്രതിഷേധം പ്രിൻസിപ്പലായിരുന്ന നബീസാ ഉമ്മാൾ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജേക്കബിനെ അറിയിച്ചിരുന്നു. യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ പൊലീസിനെ കയറ്റാൻ അവർ അനുവദിച്ചില്ല. ഒരുഘട്ടത്തിൽ സർക്കാരിന്റെ സമ്മർദത്തിനു വഴങ്ങാത്തതിന്റെ പേരിൽ അവർക്ക് സ്ഥലംമാറ്റ ഭീഷണിയുമുണ്ടായി. എന്നാൽ വിദ്യാർത്ഥിപ്രക്ഷോഭം നേരിടാനാകാതെ നബീസാ ഉമ്മാൾ കരഞ്ഞെന്നും കരുണാകരൻ സർക്കാർ അവർക്ക് പൊലീസ് സംരക്ഷണം നൽകിയെന്നുമാണ് ടി.എം.ജേക്കബ് സഭയിൽ പറഞ്ഞത്.

ഞാൻ ആരുടെയും മുന്നിൽ കരഞ്ഞിട്ടില്ല. കരയുന്ന പ്രകൃതക്കാരിയുമല്ല എന്ന് അവർ സഭയിൽ തുറന്നടിച്ചു. ഞാൻ പ്രിൻസിപ്പൽ ആയിരുന്നപ്പോൾ കാമ്പസിനുള്ളിൽ പൊലീസിനെ കയറ്റിയിട്ടുമില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ മുഖ്യമന്ത്രിയുടെ സീറ്റിലിരുന്ന ഇ.കെ.നായനാർ ഡെസ്‌ക്കിലടിച്ച് അഭിനന്ദിച്ചു.

മക്കൾ എതിർത്തു, ഒപ്പം നിന്നത് ഭർത്താവ്

ഇന്ത്യ സ്വതന്ത്രമാകുമ്പോൾ നബീസാ ഉമ്മാൾ ആറ്റിങ്ങൽ ഗവ. ഗേൾസ് ഹൈസ്‌കൂളിൽ ഇ.എസ്.എൽ.സി. വിദ്യാർത്ഥിയായിരുന്നു. ക്ലാസിൽ മൂന്ന് നബീസമാരുണ്ടായിരുന്നു. ഇവരെ തിരിച്ചറിയാനായി അദ്ധ്യാപകർ ഒരാളെ നബീസാ ഉമ്മാളും ഒരാളെ നബീസാബീവിയും മറ്റൊരാളെ നബീസയുമാക്കി. അമ്മ അസനുമ്മാളുടെ പേരിലെ ഉമ്മാളാണ് അവർ സ്വീകരിച്ചത്. വിവാഹത്തിനുശേഷമാണ് അവർ എം.എ.ക്കു ചേർന്നത്. ജോലിയും ശമ്പളവും വേണമെന്ന വാശിയായിരുന്നു പഠനത്തിനു പിന്നിൽ. പട്ടാള സർവീസിലായിരുന്ന ഭർത്താവ് എം. ഹുസൈൻ കുഞ്ഞിന്റെ പിന്തുണ അതിനുണ്ടായിരുന്നു. നിയമസഭയിലേക്ക് മത്സരിക്കുന്നതിൽ മക്കൾ എതിർപ്പ് അറിയിച്ചപ്പോൾ ഒപ്പംനിന്നതും ഭർത്താവായിരുന്നു. നബീസാ ഉമ്മാൾ നെടുമങ്ങാട് നഗരസഭാ ചെയർമാനായിരിക്കെ 1998-ലാണ് അദ്ദേഹം മരിച്ചത്.

പഠിച്ച കോളേജിന്റെ പ്രിൻസിപ്പലായി വിരമിച്ചു

യൂണിവേഴ്‌സിറ്റി കോളേജിൽ പഠിച്ച് അവിടെ മലയാളം വകുപ്പധ്യക്ഷനും പ്രിൻസിപ്പലുമായ ഖ്യാതി നേരത്തെ കേരളപാണിനി എ.ആർ. രാജരാജവർമയ്ക്കു മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിനുശേഷം മലയാളവിഭാഗത്തിൽനിന്ന് ഒരാൾ പ്രിൻസിപ്പലാകുന്നത് നബീസാ ഉമ്മാളായിരുന്നു. 1955-ൽ വിമെൻസ് കോളേജിലാണ് ആദ്യം ജോലി ലഭിച്ചത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ്‌കോയയെ ഒരു പൊതുവേദിയിൽവെച്ച് കണ്ടപ്പോൾ യൂണിവേഴ്സിറ്റി കോളേജിൽ ജോലി ലഭിച്ചാൽ കൊള്ളാമെന്ന ആഗ്രഹം അവർ അറിയിച്ചു. അതു സാധിച്ചു. പഠിച്ച കോളേജിൽ വിവിധ കാലത്തായി എട്ടുവർഷം ജോലി ചെയ്തു. കോളേജ് മാഗസിനിൽ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തെക്കുറിച്ച് ലേഖനമെഴുതിയതിന് പ്രിൻസിപ്പലിന്റെ ശാസന ലഭിച്ച വിദ്യാർത്ഥിനി, അതേ കോളേജിൽ പ്രിൻസിപ്പലായി ജോലി ചെയ്ത് 1986-ൽ വിരമിച്ചു.

കീഴ്‌വഴക്കങ്ങളെ മാറ്റിമറിച്ചു

കീഴ്‌വഴക്കങ്ങളെ മാറ്റിമറിച്ചുകൊണ്ടാണ് നബീസ എന്ന പെൺകുട്ടി ബിരുദാനന്തരപഠനത്തിന് യൂണിവേഴ്സിറ്റി കോളേജിലെത്തിയത്. ഒരു മുസ്ലിം പെൺകുട്ടി കലാലയത്തിലെത്തി ബിരുദങ്ങൾ നേടിയതും പ്രൊഫസറായതും പിന്നീട് നിയമസഭാ സാമാജികയായതുമെല്ലാം ആവേശത്തോടെ ഓർക്കുന്ന ചരിത്രമായി മാറി. 92-ാം വയസ്സിൽ നവതിയുടെ നിറവിൽ നിൽക്കുമ്പോഴും പ്രൊഫ. നബീസാ ഉമ്മാളിന്റെ പോരാട്ടവീര്യത്തിനു തെല്ലും കുറവുണ്ടായിരുന്നില്ല. വർത്തമാനകാല സാമൂഹികവിഷയങ്ങളോടു വീറും വാശിയും ഉയർത്തിപ്പിടിച്ചാണ് എന്നും നബീസാ ഉമ്മാൾ പോരാടിയത്.

തിരുവനന്തപുരം ജില്ലയിൽ പോസ്റ്റ് ഗ്രാജ്വേഷൻ നേടുന്ന ആദ്യ മുസ്ലിം വനിതയായിരുന്നു നബീസാ ഉമ്മാൾ. പിതാവ് ഖാദർമൊയ്തീന്റെ ആശയങ്ങളും വർത്തമാനങ്ങളുമാണ് തന്നെ വിദ്യാഭ്യാസത്തിന്റെ നല്ലവഴിയിലെത്തിച്ചതെന്ന് നബീസാ ഉമ്മാൾ പറയുമായിരുന്നു. കേരള നിയമസഭയിൽ 1987-ൽ അംഗമായിരുന്നപ്പോൾ സംസ്ഥാനത്തിന് അകത്തും പുറത്തും അനർഗളമായ ഭാഷയിൽ നബീസാ ഉമ്മാൾ നടത്തിയ പ്രസംഗപരമ്പരകൾ പുസ്തകമായിട്ടുണ്ട്. അമ്മയും ഉമ്മയും മമ്മിയും ഒന്നാണ് എന്നു പഠിപ്പിച്ചിരുന്ന ടീച്ചർ തന്റെ വിദ്യാർത്ഥികളെ എന്നും മക്കളേ എന്നേ വിളിച്ചിരുന്നുള്ളൂ.

സമന്വയത്തിന്റെ ശൈലി

രാഷ്ട്രീയത്തിൽ ഇറങ്ങി തീപ്പൊരി നേതാവ് ആയെങ്കിലും മുസ്ലിം സമുദായത്തിൽനിന്ന് അവർക്ക് എതിർപ്പു നേരിടേണ്ടി വന്നിട്ടില്ല. സമന്വയത്തിന്റെ ശൈലിയാണ് പ്രസംഗത്തിലും പ്രവൃത്തിയിലും അവർ സ്വീകരിച്ചത്. തലയിൽ തട്ടമിട്ട് ബ്ലൗസിന്റെ കൈകൾ നീട്ടിയിരുന്നെങ്കിൽ എന്ന് മുസ്ലിം ലീഗ് നേതാവ് ചാക്കീരി അഹമ്മദ് കുട്ടി തമാശരൂപത്തിൽ പറഞ്ഞത് അവർ ഓർമിക്കുമായിരുന്നു. ആകാശവാണിയിൽ പ്രോഗ്രാം കമ്മിറ്റി അംഗം, ബി.എസ്.എസ്. കേരള സ്റ്റേറ്റ് കമ്മിറ്റി അംഗം, കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല എന്നിവിടങ്ങളിലെ പരീക്ഷാ ബോർഡ് അംഗം എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ജനസേവകർ പരിവേഷങ്ങൾ വെടിഞ്ഞ് ജനസംരക്ഷകരാകണം എന്നതാണ് നബീസ ഉമ്മാളിന്റെ കാഴ്ചപ്പാട്. 90-ാം വയസ്സിലും സാമൂഹ്യപ്രശ്‌നങ്ങളിൽ അവർ സജീവമായി രംഗത്തുണ്ടായിരുന്നു. നേരത്തെ റോഡ് വികസനത്തിനു അവലംബിച്ച രീതി തുടരണമെന്ന ആവശ്യമായിരുന്നു അവർ ഉന്നയിച്ചത്. പാർട്ടിയിൽനിന്നു കാണാനെത്തിയവർ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പും നൽകിയിരുന്നു. ആവശ്യം ഫലംകണ്ടെന്ന ആശ്വാസത്തിലായിരുന്നു അവസാനകാലത്ത് അവർ കഴിഞ്ഞിരുന്നത്.

ഇടതിന് അടിത്തറ പാകിയ നേതാവ്

നെടുമങ്ങാട് മുനിസിപ്പാലിറ്റിക്ക് ഇടതിന്റെ അടിത്തറ പാകിയത് നബീസാ ഉമ്മാളായിരുന്നു. പോരാട്ടത്തിന്റെ ഇന്നലെകളിൽ നബീസാ ഉമ്മാൾ പിടിച്ചെടുത്ത ഇടതുകസേര കാൽനൂറ്റാണ്ടു കഴിഞ്ഞിട്ടും ഇളകാതെ ഇടതുകോട്ടയിൽ തന്നെയുണ്ട്. നെടുമങ്ങാട് നഗരസഭയുടെ 43 വർഷത്തെ ചരിത്രത്തിൽ 11 പേരാണ് ചെയർമാന്മാരായത്. അതിൽ മൂന്നുപേർമാത്രമായിരുന്നു സ്ത്രീകൾ. 1995-ൽ പ്രൊഫ. നബീസാ ഉമ്മാളും 2010-ൽ ലേഖാസുരേഷും. 2021-ൽ സി.എസ്.ശ്രീജയും

വിവിധ കോളേജുകളിൽ അദ്ധ്യാപികയും പിന്നീട് എൽ.എൽ.എ.യും ആയതിനുശേഷമാണ് നബീസാ ഉമ്മാൾ നെടുമങ്ങാട് നഗരസഭയിൽ മത്സരിച്ച് ചെയർപേഴ്‌സൺ പദവിയിലെത്തിയത്. ദീർഘവീക്ഷണത്തോടെ, ടീച്ചർ തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങളാണ് ഇന്നും നഗരത്തിൽ നടപ്പാക്കുന്നത്. അദ്ധ്യാപികയായതിനാൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് ടീച്ചർ മുൻതൂക്കം നൽകിയിരുന്നത്. അദ്ധ്യാപികയായിരുന്നപ്പോഴുള്ള സ്നേഹവും ബഹുമാനവും ചെയർപേഴ്‌സൺ ആയിരുന്നപ്പോഴും കിട്ടിയെന്ന് അവർ പറയുമായിരുന്നു.

നെടുമങ്ങാട് നഗരത്തിനടുത്ത് മരങ്ങളും തണുപ്പുമുള്ള 25 സെന്റ് സ്ഥലത്താണ് അവർ ആഗ്രഹിച്ച വീടു നിർമ്മിച്ചത്. റോഡ് വികസനത്തിന്റെ ഭാഗമായി വീട് നഷ്ടപ്പെടുമെന്ന അവസ്ഥ അവരെ വേദനിപ്പിച്ചു. ആകാശസർവേയുടെ അടിസ്ഥാനത്തിലുള്ള രൂപരേഖയാണ് സ്ഥലമേറ്റെടുപ്പിന് ഉപയോഗിച്ചത്. നബീസാ ഉമ്മാളുടെ അടുക്കളയുടെ അടുത്തുവരെ കല്ലിട്ടു. 700 വീടുകൾ ഇത്തരത്തിൽ നഷ്ടമാകും. അതിനെതിരായ സമരത്തിൽ അവർ മുന്നിൽനിന്നു.