- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാലി എസ് നരിമാന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടം; അനുശോചിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ നിയമജ്ഞർക്കിടയിലെ അവസാന വാക്കായിരുന്നു അന്തരിച്ച അഡ്വ. ഫാലി എസ് നരിമാൻ. രാജ്യത്തെ സുപ്രധാന മേഖലകളിൽ എല്ലാം കൈവെച്ചിരുന്നു അദ്ദേഹം. രാജ്യത്തെ നിയമ പോരാട്ടങ്ങളുടെ ചരിത്രത്തിൽ സുപ്രധാനമായ പല കേസുകളിലും സാന്നിധ്യമുള്ള വ്യക്തിയായിരുന്നു നരിമാൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്കും തീരാ നഷ്ടമാണ്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഭരണഘടനാ വിദഗ്ധനും മുതിർന്ന സുപ്രീംകോടതി അഭിഭാഷകനുമായ ഫാലി എസ്. നരിമാന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച നിയമജ്ഞരിൽ ഒരാളായിരുന്നു നരിമാൻ എന്ന് പ്രധാനമന്ത്രി പറഞ്ഞു.
സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്നതിനായി അദ്ദേഹം ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുച്ചേരുന്നുവെന്നും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
95ാം വയസിലാണ് നരിമാൻ വിട പറയുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ഡൽഹിയിലായിരുന്നു അന്ത്യം. 1971 മുതൽ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനാണ്. 1991 മുതൽ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമാണ്. 1972-1975 കാലത്ത് ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു. പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു.
നരിമാന്റെ പല കേസുകളും അഭിഭാഷകർ ഇന്നും പഠന വിധേയമാക്കുന്നുണ്ട്. അഭിഭാഷക വൃത്തിയിലെ ഓർമകൾ പങ്കുവയ്ക്കുന്ന 'ബിഫോർ മെമ്മറി ഫെയ്ഡ്സ്' എന്ന ആത്മകഥ നിയമ വിദ്യാർത്ഥികൾക്കിടയിലും യുവ അഭിഭാഷകർക്കിടയിലും വളരെയധികം വായിക്കപ്പെടുന്ന ഒന്നാണ്. ബോംബെ ഹൈക്കോടതിയിലാണ് നരിമാൻ അഭിഭാഷകനായി എന്റോൾ ചെയ്ത് പ്രാക്ടിസ് ആരംഭിച്ചത്. 22 വർഷം ബോബെ ഹൈക്കോടതിയിൽ പ്രാക്ടിസ് ചെയ്ത നരിമാൻ 1971ൽ സുപ്രീം കോടതിയിൽ സീനിയർ അഡ്വക്കറ്റായി. അഭിഭാഷകനായിരുന്ന ജാംസേഠ്ജി കംഗയായിരുന്നു നരിമാന്റെ മാർഗദർശി.
ഭോപാൽ ദുരന്തത്തെ തുടർന്ന് (യൂണിയൻ കാർബൈഡ് കോർപറേഷനും ഇന്ത്യൻ സർക്കാരും തമ്മിലുള്ള കേസ്) ഇരകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട മധ്യസ്ഥത അടക്കം നരിമാന്റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. അഭിഭാഷകവൃത്തിയുടെ സങ്കീർണതകളും ധാർമികതയും തൊഴിൽപരമായ അഭിമാനവും വ്യക്തിപരമായ സങ്കടവും എല്ലാം നിറഞ്ഞതായിരുന്നു ഈ കേസിലെ ഇടപെടലെന്നാണ് ആത്മകഥയിൽ ഫാലി എസ്. നരിമാൻ തന്നെ വിശേഷിപ്പിക്കുന്നത്.
ദുരന്തത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന യൂണിയൻ കാർബൈഡ് കോർപറേഷനു വേണ്ടി നരിമാൻ കോടതിയിൽ ഹാജരായി. അഭിഭാഷക കരിയറിൽ സുപ്രധാന വഴിത്തിരിവായ ഈ കേസിനു വേണ്ടി ഹാജരായ സംഭവത്തെ തന്റെ ആത്മകഥയായ 'ബിഫോർ മെമ്മറീസ് ഫെയ്ഡ്' എന്ന കൃതിയിലാണ് നരിമാൻ വിവരിക്കുന്നത്. കമ്പനിക്കു വേണ്ടി ഹാജരായത് തന്റെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റായിരുന്നു എന്നും അദ്ദേഹം ആത്മകഥയിൽ പറയുന്നുണ്ട്.
ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ ഒട്ടേറെ കേസുകളിൽ അദ്ദേഹം സുപ്രീം കോടതിയിൽ തലയുയർത്തിനിന്നു വാദിച്ചു. പാർലമെന്റിനു ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ റദ്ദു ചെയ്യാൻ കഴിയില്ലെന്ന സുപ്രധാന വിധി പറഞ്ഞ ഗോലക്നാഥ് കേസ്, ജഡ്ജിനിയമനവുമായി ബന്ധപ്പെട്ട എസ്പി.ഗുപ്ത കേസ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തിൽ പിന്നീടു നിർണായകമായ ടി.എം.എ. പൈ കേസ് തുടങ്ങി ഭരണഘടനാവ്യാഖ്യാനം പ്രധാനമായ ഒട്ടേറെ കേസുകളിൽ നരിമാന്റെ ഇടപെടലുകൾ ശ്രദ്ധേയമായി.
1991 മുതൽ 2010 വരെ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ നരിമാന്റെ സേവനം ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. 1986 മുതൽ 2005 വരെ പാരിസിലെ ഇന്റർനാഷനൽ കോർട്ട് ഓഫ് ആർബിട്രേഷനിൽ വൈസ് ചെയർമാനായിരുന്നു അദ്ദേഹം. 1995- 97 കാലഘട്ടത്തിൽ ജനിവയിലെ ഇന്റർനാഷനൽ കൗൺസിൽ ഫോർ കമേഴ്സ്യൽ ആർബിട്രേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. രാജ്യത്തെ നിയമ വിദ്യാർത്ഥികൾക്കും യുവ അഭിഭാഷകർക്കും മാതൃകയായ നിയമവിദഗ്ധനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. വായ്പാ പരിധി വെട്ടിക്കുറച്ചതടക്കം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നുകാട്ടി കേന്ദ്രസർക്കാരിനെതിരെ നിയമപോരാട്ടത്തിന് സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകിയത് ഫാലി എസ്.നരിമാൻ ആയിരുന്നു.