ആലപ്പുഴ: കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടർന്ന് തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കിസാൻ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്.

കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആർഎസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനം മടുത്താണാണ് പ്രസാദ് ആത്മഹത്യ ചെയ്തതെന്ന് കിസാൻ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ് പറയുന്നു. പിആർഎസ് കുടിശ്ശിക കർഷകരെ ബാധിക്കില്ലെന്നും സർക്കാർ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ അവകാശവാദം. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനുമായുള്ള പ്രസാദിന്റ ഫോൺ സംഭാഷണം പുറത്തുവന്നു.

കുട്ടനാട്ടിലെ നെൽകർഷകരുടെ പ്രതിസന്ധികൾ നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആത്മഹത്യ ഉണ്ടായിരിക്കുന്നതും. രണ്ടാം വിളയിൽ സംഭരിക്കുന്ന നെല്ലിന്റെ വില പാഡി റസിപ്റ്റ് ഷീറ്റ് (പിആർഎസ്) വായ്പ അടിസ്ഥാനത്തിലാകും വിതരണം ചെയ്തത്. ഇതോടെ കർഷകർക്ക് തിരിച്ചടി ഉണ്ടാകുന്നുണ്ട്.

കർഷകർക്കു നൽകുന്ന നെല്ലു സംഭരണ രസീതിയാണ് (പിആർഎസ്) വായ്പയ്ക്കുള്ള ഈട്. വായ്പയും പലിശയും സപ്ലൈകോ ബാങ്കിൽ തിരിച്ചടയ്ക്കും വരെ കർഷകർ കടക്കാരനായി തുടരും. ഇതു കൃഷിക്കാരുടെ സിബിൽ സ്‌കോറിനെയും ബാധിക്കും. സപ്ലൈകോയുടെ കടമെടുപ്പു പരിധി സംസ്ഥാന സർക്കാർ ഉയർത്താത്ത സാഹചര്യത്തിലാണ് പിആർഎസ് ഈടാക്കി സപ്ലൈകോയ്ക്കു കടമെടുക്കേണ്ടി വന്നത്.

350 കോടി രൂപ മുൻകൂർ തുകയടക്കം കേന്ദ്രത്തിൽ നിന്നു സപ്ലൈകോയ്ക്കു ലഭിക്കാനുള്ള പണം മുഴുവൻ കിട്ടി. മാർച്ച് 31 വരെ പിആർഎസ് പാസാക്കിയതിനുള്ള നെൽവില നൽകാൻ ഈ തുക മതിയാകുമെന്നാണു വിലയിരുത്തൽ. കൃഷിക്കാരെ കടക്കാരാക്കാതെ അവരുടെ അക്കൗണ്ടിലേക്കു നേരിട്ടാണു തുക ലഭ്യമാക്കുക. എന്നാൽ അതിനു ശേഷം പിആർഎസ് പാസാകുന്നവർക്കാണു വായ്പയുടെ അടിസ്ഥാനത്തിൽ വില ലഭിക്കുക.

കേന്ദ്രത്തിൽ നിന്നുള്ള തുക കോർപറേഷനു ലഭിച്ചെങ്കിലും വിവിധ ഇനത്തിലായി 750 കോടി രൂപ സംസ്ഥാനം സപ്ലൈകോയ്ക്കു നൽകാനുണ്ട്. തുടർന്നുള്ള നെല്ലിന്റെ വില വിതരണത്തിന് 1000 കോടി രൂപയെങ്കിലും വേണ്ടിവരും. സംസ്ഥാന സർക്കാരിന്റെ കുടിശിക പൂർണമായും ലഭിച്ചാൽ നെല്ലിന്റെ വില വിതരണം സുഗമമാകും. ഒപ്പം കർഷകരെ കടക്കാരാക്കേണ്ട സാഹചര്യവും ഒഴിവാക്കാം.