അമ്പലപ്പുഴ: സൈക്കിൾ പോളോ താരം ഫാത്തിമ നിദയുടെ ചേതനയറ്റ ശരീരം കൊച്ചിയിൽ എത്തിച്ചു. ഭക്ഷ്യവിഷബാധയ്ക്കുള്ള കുത്തിവയ്പിനു പിന്നാലെ വ്യാഴാഴ്ച മരിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിനി ഫാത്തിമ നിദ ഷിഹാബുദ്ദീന്റെ (10) കബറടക്കം ഇന്നു ജന്മനാട്ടിൽ നടത്തും.

നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം രാവിലെയാണ് കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും മറ്റു ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. നിദയുടെ പിതാവ് ഷിഹാബുദീനും വിമാനത്തിൽ ഉണ്ടായിരുന്നു. മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടു പോയി. വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ മതപരമായ ചടങ്ങുകൾക്ക് ശേഷം പതിനൊന്നുമണിക്ക് നിദ പഠിച്ച നീർക്കുന്നം ഗവ സ്‌കൂളിൽ പൊതുദർശനത്തിന് വെയ്ക്കും. പതിനൊന്ന് മണിയോടെ അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും. ഉച്ചക്ക് പന്ത്രണ്ടരയോടെ കാക്കാഴം ജുമാമസ്ജിദ് ഖബർസ്ഥാനത്തിലാണ് ഖബറടക്കം.

കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കിട മത്സരമാണ് നാഗ്പൂരിൽ മലയാളി താരം നിദ ഫാത്തിമയുടെ ജീവനെടുത്തത്. ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലെന്ന പേരിൽ താരങ്ങൾക്ക് നാഗ്പൂരിൽ താമസ സൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷൻ ഒരുക്കിയിരുന്നില്ല. സ്‌പോട്‌സ് കൗൺസിലിന്റെ അംഗീകാരമില്ലാത്തതും ദേശീയ ഫെഡറേഷന്റെ അംഗീകാരമുള്ള സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ ടീമും നാഗ്പൂപൂരിൽ മത്സരിക്കുന്നുണ്ട്. അസോസിയേഷനിലെ അധികാര വടംവലിയാണ് ഇതിനെല്ലാം കാരണം.

നിദ ഫാത്തിമയടക്കം കേരള സൈക്കിൾ പോളോ അസോസിയേഷന്റെ 24 താരങ്ങൾ നാഗ്പൂരിലെത്തിയത് കേരള സ്‌പോട്‌സ് കൗൺസിലിന്റെ അംഗീകാരത്തിലും സാമ്പത്തിക സഹായത്തിലുമായിരുന്നു. എന്നാൽ സൈക്കിൾപോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളത് സൈക്കിൾ ഫോളോ അസോസിയേഷൻ ഓഫ് കേരളയ്ക്കാണ്. ഇതിന്റെ പേരിലാണ് കേരളത്തിൽ നിന്നുള്ള സംഘത്തിന് അവഗണന നേരിടേണ്ടി വന്നത്. എന്നാൽ നേരത്തെ തന്നെ ഈ സംഘടനയ്ക്ക് അംഗീകാരമില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് ടീം യാത്രയായത്. അവഗണനയിലെ ദുരന്തമായി.

വ്യാഴാഴ്ച രാത്രി നാഗ്പുരിലെത്തിയ പിതാവ് ഷിഹാബുദ്ദീൻ മെഡിക്കൽ കോളജ് മോർച്ചറിയിലെത്തി മകളുടെ ചേതനയറ്റ ശരീരം ഏറ്റു വാങ്ങി. നിദയുടെ മരണം ഇനിയും ടീമിലെ എല്ലാവരെയും അറിയിച്ചിട്ടില്ല. താമസവും ഭക്ഷണവും ഒരുക്കാതെ ദേശീയ ചാംപ്യൻഷിപ് സംഘടിപ്പിച്ച ദേശീയ സൈക്കിൾ പോളോ ഫെഡറേഷനെതിരെയും ചികിത്സപ്പിഴവ് വരുത്തിയ ശ്രീകൃഷ്ണ ആശുപത്രിക്കെതിരെയും ഷിഹാബുദ്ദീൻ പൊലീസിൽ പരാതി നൽകി. മൃതദേഹം വിമാനമാർഗം രാവിലെ കൊച്ചിയിലെത്തിച്ചു.

മൃതദേഹം എത്തിക്കാനും ആശുപത്രി ചെലവുകൾക്കുമായി കേരള സ്പോർട്സ് കൗൺസിൽ 5 ലക്ഷം രൂപ അനുവദിച്ചതായി നിദയുടെ വീട്ടിലെത്തിയ മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. ചികിത്സാപ്പിഴവ് മൂലമാണ് മരണമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും മന്ത്രി വി.അബ്ദുറഹിമാൻ കേന്ദ്ര കായിക മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, കായിക മന്ത്രി എന്നിവർക്കും കത്തയച്ചു.

അതിനിടെ ഫാത്തിമ നിദയുടെ മരണത്തിൽ, സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി, സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള സെക്രട്ടറി എന്നിവർ 12ന് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കേരള സൈക്കിൾ പോളോ അസോസിയേഷൻ നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണു ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്.

സ്‌പോൺസർ ചെയ്ത ടീമിനു ഭക്ഷണം, താമസം, യാത്ര തുടങ്ങിയ സൗകര്യങ്ങൾ നൽകിയില്ലെന്നും ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവുകൾ ലംഘിച്ചെന്നും ഹർജിയിൽ പറയുന്നു. ദേശീയ ചാംപ്യൻഷിപ്പിലേക്ക് കേരള സൈക്കിൾ പോളോ അസോസിയേഷൻ തിരഞ്ഞെടുത്ത ടീമിനെ പങ്കെടുപ്പിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു.