- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വെപ്രാളം' എന്ന സിനിമയിലൂടെ നിർമ്മാതാവായി; പട്ടികയിൽ എക്കാലത്തെയും വലിയ ഹിറ്റുകൾ; മോഹൻലാൽ സൂപ്പർതാരമായി കുതിച്ചതും ജയസൂര്യ തുടക്കമിട്ടതും പി.കെ.ആർ.പിള്ളയുടെ സിനിമയിലൂടെ; മുംബൈയിലെ കയറ്റുമതി ബിസിനസുകാരനെ വീഴ്ത്തിയതും സിനിമാ ഭ്രമം; കൈവിട്ട സാറ്റലൈറ്റ് റൈറ്റുകൾ; തീരാനോവായി മകന്റെ മരണം; അവസാന കാലത്ത് അനുഭവിച്ചത് ദാരിദ്യവും ഒറ്റപ്പെടലും
തൃശൂർ: മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി.കെ.രാമചന്ദ്രൻ പിള്ള (പി.കെ.ആർ പിള്ള) (92) അന്തരിച്ചു. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങിയ ഇരുപത്തിനാല് ചിത്രങ്ങൾ നിർമ്മിച്ച ഷിർദിസായി ക്രിയേഷൻസ് എന്ന നിർമ്മാണക്കമ്പനിയുടെ ഉടമയായിരുന്നു. തൃശൂർ പീച്ചിയിലെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഏറെക്കാലമായി സിനിമാരംഗത്തു സജീവമല്ലാതിരുന്ന പിള്ളയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളും ഓർമക്കുറവുമുണ്ടായിരുന്നു.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയായ പി.കെ.രാമചന്ദ്രൻ പിള്ളയ്ക്ക് മുംബൈയിൽ കയറ്റുമതി ബിസിനസായിരുന്നു. ഇന്ദിര ഗാന്ധിയുമായി സൗഹൃദമുണ്ടായിരുന്ന പിള്ള അക്കാലത്ത് മുംബൈ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ചിട്ടുണ്ട്. 1984 ൽ 'വെപ്രാളം' എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്രനിർമ്മാണരംഗത്തേക്കുള്ള പ്രവേശനം. അതിൽ അഭിനയിച്ചിട്ടുമുണ്ട്.
എൺപതുകളിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സിനിമകൾ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ പട്ടികയിലുണ്ട്. ചിത്രം എന്ന സിനിമ നിർമ്മാതാവ് എന്ന നിലയിൽ പിള്ളയുടെ തലവര മാറ്റിക്കുറിച്ചു. പിന്നാലെ വന്ദനം, അർഹത, കിഴക്കുണരും പക്ഷി, അഹം തുടങ്ങിയ ചിത്രങ്ങളും പുറത്തുവന്നു. 2002 ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവലാണ് അവസാനം നിർമ്മിച്ച ചിത്രം.
ഇതിൽ ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, ഊമപ്പെണ്ണിനും ഊരിയാടാപ്പയ്യൻ തുടങ്ങി മിക്കതും സൂപ്പർ ഹിറ്റുകൾ. വിതരണത്തിന്നെടുത്ത സിനിമകൾ വേറെയും. പക്ഷെ ഈ സിനിമകളുടെയെല്ലാം സാറ്റലൈറ്റ് റൈറ്റ് മറ്റാരുടെയോ കൈകളിലാണ് എത്തിയത്. ഇതാണ് പിള്ളയ്ക്ക് സിനിമയിൽ തിരിച്ചടിയായത്.
സ്വത്തുകൾ എല്ലാം നഷ്ടമാവുകയും സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങുകയും ചെയ്തതോടെയാണ് പി.കെ.ആർ പിള്ളയുടെ ശനിദശയിൽ അകപ്പെട്ടത്. അദ്ദേഹം അവസാനകാലത്ത് സാമ്പത്തിക സഹായത്തിനു ആഗ്രഹിച്ചിരുന്നു. പക്ഷെ ആ രീതിയിലുള്ള ഒരു സഹായം അദ്ദേഹത്തിനു ലഭിച്ചില്ല. അദ്ദേഹത്തിന്റെ അവസാന കാലത്ത് അനുഭവിച്ചത് ദാരിദ്യവും ഒറ്റപ്പെടലുമായിരുന്നു. ഓർമ്മക്കുറവും അദ്ദേഹത്തെ അലട്ടിയിരുന്നു. തൃശൂർ പീച്ചിയിലെ വീട്ടിൽ കഴിഞ്ഞിരുന്ന പിള്ളയുടെ അവസ്ഥ മാധ്യമങ്ങൾ മുൻപ് വാർത്തയാക്കിയിരുന്നു.
പിള്ളയുടെ സിനിമകളിൽ താരങ്ങളായവർ ആരും പിള്ളയെ തിരിഞ്ഞു നോക്കിയില്ലെന്നു ഭാര്യ രമ പിള്ള പറഞ്ഞത് വിവാദമായിരുന്നു. എല്ലാവരെയും വിശ്വസിച്ച ആളായിരുന്നു പി.കെ.ആർ.പിള്ള. ആര് എന്ത് ചോദിച്ചാലും കൊടുക്കാനും അന്ന് പ്രാപ്തിയുണ്ടായിരുന്നു. എല്ലാം സിനിമയിൽ മുടക്കിയെങ്കിലും അതൊന്നും ലാഭമായി പിള്ളയുടെ കീശയിൽ തിരികെ എത്തിയില്ല. ഒരു മകന്റെ അകാല മരണവും പിള്ളയ്ക്കും കുടുംബത്തിനും തിരിച്ചടിയായിരുന്നു.
ഒരു ജനുവരിയിൽ ഗോവയിൽ കടലിൽ മരിച്ച നിലയിലാണ് ഇളയമകൻ സിദ്ധാർത്ഥിനെ കണ്ടത്. മകന്റെ മൃതദേഹം വീട്ടിലെത്തിച്ചത് മുതൽ പിള്ള മൗനത്തിലേക്ക് ആഴ്ന്നു പോവുകയായിരുന്നു. മകളുടെ വിവാഹസമയത്ത് പണമില്ലാത്ത അവസ്ഥ പോലും നിലനിന്നിരുന്നു. ഇതും വാർത്തകളിൽ സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു.
24 പടങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് വെറും 12 ലക്ഷം രൂപയ്ക്ക് താൻ സ്വന്തമാക്കി എന്നാണ് സിനിമാരംഗത്തുള്ള ഒരാൾ പറയുന്നത്. ഇത് തന്നെ തട്ടിപ്പല്ലേ? ഇതിലൊക്കെ ചതിയുണ്ടെന്നു ഭാര്യ രമ പിള്ള പറഞ്ഞത് വിവാദവുമായിരുന്നു.
ഒരു സിനിമയുടെ റൈറ്റ് തന്നാൽ ഞാൻ രക്ഷപ്പെടും എന്ന് ഒരാൾ പറയും. ഇത് കേട്ട് പിള്ള അയാൾ തന്ന കടലാസിൽ ഒപ്പിട്ട് നൽകും. അത് വായിച്ച് നോക്കുകപോലുമില്ല. അങ്ങനെയാണ് സിനിമകൾ നഷ്ടമായത്-രമ പിള്ള പറഞ്ഞിരുന്നു. അച്ഛനുറങ്ങാത്ത വീട് എന്ന ലാൽ ജോസ് സിനിമ വിതരണത്തിനു എടുത്തത് പിള്ളയായിരുന്നു. അതും റൈറ്റ് എഴുതി വാങ്ങിക്കുന്നതിൽ വീഴ്ച വന്നതായി രമ ചൂണ്ടിക്കാട്ടിയിരുന്നു.
സിനിമാ രംഗത്തുള്ളവരും ബന്ധുക്കളും പല രീതിയിൽ അദ്ദേഹത്തെ ചൂഷണം ചെയ്തു. അങ്ങനെ അദ്ദേഹം നൽകിയ തുകയിൽ ഒരു രൂപപോലും തിരികെ വന്നില്ലെന്നാണ് രമ പറഞ്ഞത്. പിള്ളയുടെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു രമ ഈ കാര്യങ്ങൾ മുൻപ് ചൂണ്ടിക്കാട്ടിയത്.
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന നിർമ്മാതാവ് പിള്ളയായിരുന്നു. സൂപ്പർതാരമെന്ന നിലയിലേക്ക് മോഹൻലാലിനു ഉയരാൻ കഴിഞ്ഞതിൽ നിർണായകമായി പങ്ക് വഹിച്ചത് പിള്ളയുടെ സിനിമകളായിരുന്നു. ജയസൂര്യ ഉയർന്നു വന്നതും പിള്ള സിനിമ വഴിയാണ്. ഊമപെണ്ണും ഒരിയാടാ പയ്യനും ഹിറ്റായില്ലെങ്കിൽ ജയസൂര്യ എന്ന നടൻ ഉണ്ടാവുമായിരുന്നില്ലെന്നു ആ ഘട്ടത്തിൽ രമ പറഞ്ഞിരുന്നു.
പിള്ളയുടെ സിനിമാ ഭ്രമത്തിലാണ് മുംബൈ അന്ധേരിയിലുള്ള ഫാക്ടറി നഷ്ടമായത്. വലിയ കെട്ടിടവും വീടുമുണ്ടായിരുന്നു. അഞ്ചു നില ഓഫീസുമുണ്ടായിരുന്നു. എൺപതുകളുടെ മധ്യത്തിൽ അന്ധേരിയിലെ ഈ ഫാക്ടറിയും കെട്ടിടവും വിൽക്കുകയായിരുന്നു. കോടികൾ വിപണന മൂല്യമുള്ള കെട്ടിടവും ഫാക്ടറികളുമാണ് നിസാര വിലയിൽ വിറ്റഴിച്ചത്.
സിനിമയിലും കുതിരപന്തയത്തിലും ഒരുപോലെ മുഴുകിയത് പിള്ളയ്ക്ക് തിരിച്ചടിയായി. അദ്ദേഹത്തിന്റെ സമ്പത്തുകൾ ആ രീതിയിൽ നഷ്ടമായി. ഒട്ടനവധി പന്തയക്കുതിരകൾ പിള്ളയ്ക്ക് സ്വന്തമായിട്ടുണ്ടായിരുന്നു. വിജയ് മല്യ,രാഹുൽ ബജാജ്, ഗ്വാളിയോർ മഹാരാജാവ് തുടങ്ങിയവരുമൊക്കെയായിരുന്നു പിള്ളയുടെ സൗഹൃദം. എല്ലാം പഴയ കഥകളും. ഓർമ്മകളും മാത്രമാക്കി തൃശൂരിലെ വീട്ടിൽ നിന്നും പി കെ ആർ പിള്ള വിടവാങ്ങുന്നത്.
പക്ഷെ പിള്ള നിർമ്മിച്ച ചിത്രവും, വന്ദനവും , കിഴക്കുണരും പക്ഷിയും വിതരണത്തിന്നെടുത്ത ഏയ് ഓട്ടോ തുടങ്ങിയ ഒട്ടനവധി സിനിമകളും അദ്ദേഹത്തിന്റെ ഓർമ്മകളായി മലയാളികൾക്കൊപ്പമുണ്ടാകും.