തൃശ്ശൂർ: തൃശ്ശൂർ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി രായാംമരക്കാർ വീട്ടിൽ ഹസ്ബുവിന്റെ ഭാര്യ നുസൈബ (56) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ ഹോട്ടലിൽ നിന്നുള്ള ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് വിഷബാധയുണ്ടായത്.

ശനിയാഴ്ച രാത്രിയാണ് ഹോട്ടലിൽ നിന്നും പാർസൽ വാങ്ങിയ ഭക്ഷണം ഇവർ വീട്ടിൽ വെച്ച് കഴിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച രാവിലെ വീട്ടിലുള്ള മറ്റ് മൂന്നുപേർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. അപ്പോഴും നുസൈബക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് ശാരീരിക അസ്വസ്ഥതകൾ തോന്നിയ നുസൈബയെ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

സ്ഥിതി മോശമായതിനെ തുടർന്ന് ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലേക്കും വൈകീട്ട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്. സെയിൻ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച് നിരവധി പേർ ആശുപത്രിക്‌ളിൽ ചികിത്സ തേടിയിരുന്നു.

മയോണൈസിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച നൂറോളം പേർ ചികിത്സ തേടിയിട്ടുണ്ട്. കുഴിമന്തി, അൽഫാം കഴിച്ചവർക്കായിരുന്നു ആരോഗ്യപ്രശ്നങ്ങൾ. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടൽ പൂട്ടിച്ചിരിക്കുകയാണ്.