- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌നേഹത്തിന്റെയും സേവനത്തിന്റെയും പാതയിലൂടെ ജനമനസ്സിൽ ഇടംനേടി; വികേന്ദ്രീകൃതവും വ്യക്തികൾക്ക് ഭരണസ്വാതന്ത്ര്യവും നൽകുന്ന പ്രവർത്തന ശൈലിയിലുടെ യഥാർത്ഥ്യമാക്കിയത് ഒട്ടനവധി പദ്ധതികൾ; കൊല്ലം മുൻ ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസിന് ആദരാഞ്ജലികളുമായി മന്ത്രിമാർ ഉൾപ്പടെ പ്രമുഖർ; കബറടക്കം ഇന്ന്
കൊല്ലം: കഴിഞ്ഞദിവസം അന്തരിച്ച കൊല്ലം രൂപതാ മുൻ ബിഷപ്പ് ജോസഫ് ജി.ഫെർണാണ്ടസിന് ഇന്ന് ജന്മനാട് വിട നൽകും.തിങ്കളാഴ്ച രാവിലെ പത്തിന് തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ നടക്കുന്ന കബറടക്കച്ചടങ്ങുകൾക്ക് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി കാർമികത്വം വഹിക്കും.
ഞായരാഴ്‌ച്ച നടന്ന പൊതുദർശനത്തിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്.സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സേവനത്തിന്റെയും പാതയിലൂടെ ജനമനസ്സിൽ അണയാവിളക്കായ ദൈവദാസനെ അവസാനമായൊന്നു കാണാൻ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരെത്തി. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, ജി.ആർ.അനിൽ, എംപി.മാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎ.മാരായ എം.നൗഷാദ്, പി.സി.വിഷ്ണുനാഥ്, എം.വിൻസെന്റ്, കോവൂർ കുഞ്ഞുമോൻ, മേയർ പ്രസന്ന ഏണസ്റ്റ്, സിപിഎം. ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ബിജെപി. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി എന്നിവർ ആദരാഞ്ജലികൾ നേർന്നു.
ഇവർക്ക് പുറമെ കർദിനാൾ ജോർജ് ആലഞ്ചേരി, ബിഷപ്പ് ഉമ്മൻ ജോർജ്, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, മുൻ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, ആർ.എസ്‌പി. നേതാവ് എ.എ.അസീസ്, എ.െഎ.സി.സി. അംഗം ബിന്ദുകൃഷ്ണ തുടങ്ങി ഒട്ടേറെപ്പേർ അന്ത്യോപചാരം അർപ്പിച്ചു.ബംഗാൾ ഗവർണർ സി.വി.ആനന്ദബോസിനുവേണ്ടി പുഷ്പചക്രം സമർപ്പിച്ചു.
1925 സെപ്റ്റംബർ 16ന് മരുതൂർകുളങ്ങര പണ്ടാരതുരുത്തിൽ ഗബ്രിയേൽ ഫെർണാണ്ടസ്-ജോസഫീന ദമ്പതികളുടെ മകനായി ജനനം. 1939ൽ കൊല്ലം സെന്റ് റഫേൽ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ച അദ്ദേഹം 1949 മാർച്ച് 19ന് അന്നത്തെ ബിഷപ്പായിരുന്ന ജറോം ഫെർണാണ്ടസിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചത്. 29 വർഷങ്ങൾക്ക് ശേഷം ബിഷപ് പദവിയിൽ ബിഷപ് ജെറോമിന്റെ പിൻഗാമിയായാണ് കൊല്ലം രൂപതയുടെ തലപ്പത്തെത്തിയത്.
ശക്തികുളങ്ങര, ചാരുംമൂട് ദേവാലയങ്ങളിൽ അസിസ്റ്റന്റ് വികാരി, കണ്ടച്ചിറ, മങ്ങാട്, ക്ലാപ്പന, ഇടമൺ എന്നിവിടങ്ങളിൽ വികാരിയായും പ്രവർത്തിച്ചു. ഫാത്തിമ മാത നാഷനൽ കോളജ്, കർമല റാണി ട്രെയിനിങ് കോളജ് എന്നിവിടങ്ങളിൽ ബർസാർ, സെന്റ് റാഫേൽ സെമിനാരി പ്രീഫെക്ട് ചുമതലകളും വഹിച്ചു. ബിഷപ് ജെറോമിന്റെ സെക്രട്ടറി, രൂപത ചാൻസലർ എന്നീ പദവികളും വഹിച്ചതിന് ശേഷമാണ് 1978 മെയ് 14ന് ബിഷപ്പായി ചുമതല ഏറ്റത്.
ബിഷപ് ആയിരിക്കെ കെ.സി.ബി.സി വൈസ് ചെയർമാൻ, സി.ബി.സിഐ ഹെൽത്ത് കമീഷൻ ചെയർമാൻ, ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരി എപ്പിസ്‌കോപ്പൽ കമീഷൻ ചെയർമാൻ പദവികൾ വഹിച്ചിട്ടുണ്ട്. വികേന്ദ്രീകൃതവും വ്യക്തികൾക്ക് ഭരണസ്വാതന്ത്ര്യവും നൽകുന്ന പ്രവർത്തന ശൈലിയായിരുന്നു ബിഷപ് ജോസഫ് സ്വീകരിച്ചത്. കൊല്ലം ബിഷപ് ജെറോം ഷോപ്പിങ് കോംപ്ലക്‌സ്, ക്രിസ്തുജ്യോതി ആനിമേഷൻ സെന്റർ, ബെൻസിഗർ ആശുപത്രി മില്ലേനിയം കോംപ്ലക്‌സ് ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ, ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യാഥാർഥ്യമാക്കിയതാണ്.