കോട്ടയം: വൈക്കത്ത് കെ.എസ്.ആർ.ടി.സിയിലെ മുൻ എംപാനൽഡ് ജീവനക്കാരനെയും ഭാര്യയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ(48), ഭാര്യ സിനിമോൾ (43) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറിനാണ് ഇവരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യത മൂലമാകാം ഇവർ ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് വർഷം മുമ്പ് വരെ കെ.എസ്.ആർ.ടി.സി എംപാനൽഡ് ജീവനക്കാരനായിരുന്നു നടേശൻ. ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടശേഷം കക്കാവാരൽ നടത്തിയാണ് ഇയാൾ കുടുംബം പുലർത്തിയിരുന്നത്.

5ാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ഇന്നലെ വൈകിട്ട് അഞ്ചോടെ സ്‌കൂളിൽനിന്നു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതോടെ നടേശനും കുടുംബവും വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നു പ്രദേശവാസികൾ പറഞ്ഞു. മക്കൾ: ശ്രദ്ധ, ശ്രേയ.