ആലുവ: മുൻ ആലുവ എംഎ‍ൽഎയും മുതിർന്ന കോൺഗ്രസും നേതാവുമായ കെ. മുഹമ്മദ് അലി അന്തരിച്ചു. 76 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ആറ് തവണ ആലുവയിൽ നിന്ന് തുടർച്ചയായി എംഎൽഎയായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു മുഹമ്മദ് അലി. സംസ്‌കാരം വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷം.

ആലുവ പാലസ് റോഡ് ചിത്ര ലൈനിൽ കൊച്ചുണ്ണിയുടെയും നസീബയുടെയും മകനായി 1946 മാർച്ച് 17നായിരുന്നു ജനനം. കെ.എസ്.യു എറണാകുളം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, എറണാകുളം ഡിസിസി വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ, കെടിഡിസി ഡറക്ടർ ബോർഡ് അംഗം, സ്പോർട്സ് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1973-ൽ എഐസിസി അംഗമായി. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ്. ഭാര്യ: പിഎം നസീം ബീവി.

കുറച്ചുനാളായി അദ്ദേഹം കോൺഗ്രസുമായി അകൽച്ചയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അൻവർ സാദത്തിനെതിരേ കെ മുഹമ്മദ് അലിയുടെ മരുമകൾ ഷെൽന നിഷാദിനെയായിരുന്നു സിപിഎം സ്ഥാനാർത്ഥിയാക്കിയത്. എന്നിട്ടും അൻവർ സാദത്ത് ജയിച്ചു. കോൺഗ്രസ് പ്രാദേശിക നേതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്ന മുഹമ്മദാലി അതിനാൽ തന്നെ ഷെൽന്നയെ പിന്തുണക്കുകയായിരുന്നു. എങ്കിലും പാർട്ടിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നില്ല.

മുഹമ്മദ് അലി ആലുവയിൽ നിന്ന് തുടർച്ചയായി അഞ്ചു തവണ (6, 7, 8, 9, 10, 11 നിയമസഭകളിൽ) നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കെ.എസ്.യു (1966-68), യൂത്ത് കോൺഗ്രസ് (1968-72) എറണാകുളം ജില്ലാ പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി (1972-75), ഡി.സി.സി വൈസ് പ്രസിഡന്റ് (1976), കെപിസിസി നിർവാഹക സമിതിയംഗം, എ.ഐ.സി.സി അംഗം (1973), എം.ജി യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം, കുസാറ്റ് സെനറ്റംഗം, കെ.ടി.ഡി.സി ഡയറക്ടർ ബോർഡ് അംഗം, കേരള സ്പോർട്സ് കൗൺസിൽ അംഗം എന്നീ പദവികളിൽ വഹിച്ചിട്ടുണ്ട്.

ഇന്റർനാഷണൽ പീസ് കോൺഫറൻസ് (മോസ്‌കോ-1973), ഹജ്ജ് പ്രതിനിധി (1999), സ്റ്റേറ്റ് കോർപറേറ്റീവ് യൂണിയൻ മാനേജിങ് കമ്മിറ്റിയംഗം, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് സൊസൈറ്റി ലിമിറ്റഡ് ബോർഡ് അംഗം, രാജ്യ സൈനിക ബോർഡ് അംഗം, കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി വിപ്പ്, പ്രസിഡന്റ്, എറണാകുളം ജില്ല സഹകരണ ബാങ്ക് ഡയറക്ടർ, 1970ൽ ഇന്ദിര ഗാന്ധി പങ്കെടുത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന റാലി ഓർഗനൈസിങ് കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

15 വർഷമായി സജീവ രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു മുഹമ്മദ് അലി. 1980ൽ സിപിഎം പിന്തുണയോടെയായിരുന്നു മുഹമ്മദാലി കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചത് എന്നതു ചരിത്രം. ആലുവയിലെ സിറ്റിങ് എംഎൽഎ ആയിരുന്ന ഇന്ദിര കോൺഗ്രസിലെ ടി.എച്ച്.മുസ്തഫയ്ക്ക് എതിരെയായിരുന്നു കന്നിയങ്കം. അന്നത്തെ പ്രത്യേക രാഷ്ട്രീയ സമവാക്യങ്ങൾക്കിടെ എ.കെ.ആന്റണിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു മത്സരരംഗത്തെത്തിയത്. കോൺഗ്രസ് എയും സിപിഎമ്മും ലീഗിലെ ഒരു വിഭാഗവും മുഹമ്മദാലിക്കു വേണ്ടി രംഗത്തിറങ്ങിയപ്പോൾ ഇന്ദിരാ കോൺഗ്രസും മുസ്‌ലിം ലീഗും സിപിഐയും മറുവശത്ത് ടി.എച്ച്.മുസ്തഫയ്ക്കു വേണ്ടി രംഗത്തിറങ്ങി.

എ.കെ.ആന്റണി യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്നപ്പോൾ ആണ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നത്. ഉമ്മൻ ചാണ്ടി പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോൾ സംസ്ഥാന സെക്രട്ടറിയായി. 1982ൽ വീണ്ടും നടന്ന തിരഞ്ഞെടുപ്പിൽ ആദ്യ തിരഞ്ഞെടുപ്പിൽ ഒപ്പം നിന്ന സിപിഎമ്മിനെതിരെയായിരുന്നു മുഹമ്മദാലിയുടെ മത്സരം. 2006 നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി. തുടർന്നും പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നെങ്കിലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. എകെ ആന്റിണിയുടേയും ഉമ്മൻ ചാണ്ടിയുടേയും അതിവിശ്വസ്തനായിരുന്നു അദ്ദേഹം.