വത്തിക്കാൻ സിറ്റി: പോപ്പ് എമിരറ്റ്സ് ബെനഡിക്ട് പതിനാറാമന്റെ വിയോഗ വാർത്ത പ്രഖ്യാപിച്ച ഉടൻ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നിന്ന് ഒറ്റമണി നാദം മുഴങ്ങി. വാർത്ത അറിഞ്ഞ് ആളുകൾ ചത്വരത്തിൽ ഒത്തുകൂടി. പലരും പ്രാർത്ഥിക്കുകയായിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പയിൽ നിന്ന് വളരെ വ്യത്യസ്തനായിരുന്നു അദ്ദേഹം. വലിയ പണ്ഡിതൻ, ധിഷണാശാലി, 65 കാരിയായ അന്ന മരിയയും 64 കാരിയായ പട്രീഷ്യയും ബിബിസിയോട് പറഞ്ഞു. പലർക്കും പോപ്പ് എമിരറ്റസിന്റെ സംസ്‌കാര ചടങ്ങുകളുടെ പ്രോട്ടോക്കോൾ എങ്ങനെയായിരിക്കും എന്നായിരുന്നു ആകാംക്ഷ.

വത്തിക്കാനിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് വൈകാതെ എത്തി. സംസ്‌കാര ശുശ്രൂഷ ജനുവരി അഞ്ചിന് നടക്കും. ശുശ്രൂഷ ഫ്രാൻസിസ് മാർപ്പാപ്പ നയിക്കും. ജനുവരി 2, തിങ്കളാഴ്ച മുതൽ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ പോപ് എമിരറ്റസിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ചാൾസ് രാജാവ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തുടങ്ങിയ ലോകനേതാക്കൾ ബെനഡിക്ട് പതിനാറാമന്റെ വിയോഗത്തിൽ അനുശോചിച്ചു.

സമൂഹത്തിന് നൽകിയ മഹത്തായ സേവനങ്ങളുടെ പേരിൽ അദ്ദേഹം ഓർമിക്കപ്പെടുമെന്ന് മോദി ട്വീറ്റ് ചെയ്തു. ക്രിസ്തുവിന്റെ പ്രബോധനങ്ങൾ പഠിപ്പിക്കാനും സഭയ്ക്കു വേണ്ടിയും ജീവിതം ചെലവഴിച്ച മഹത് വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

കുറച്ചുനാളായി ബെനഡിക്റ്റ് പതിനാറാമൻ സുഖമില്ലാതെ ഇരിക്കുകയായിരുന്നെങ്കിലും പ്രായാധിക്യത്തോടെ സ്ഥിതി മോശമാവുകയായിരുന്നു. ബുധനാഴ്ച ഫ്രാൻസിസ് മാർപ്പാച്ച പ്രത്യേക പ്രാർത്ഥന നടത്താൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

2005 മുതൽ 2013 വരെ ആഗോള കത്തോലിക്കാ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ, സഭാചരിത്രത്തിൽ കഴിഞ്ഞ ആറ് നൂറ്റാണ്ടിനിടെ സ്ഥാനത്യാഗം ചെയ്ത ആദ്യ മാർപാപ്പയാണ്. 1415-ൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപാപ്പ ആണ് ബെനഡിക്ട് പതിനാറാമന് മുമ്പ് പേപ്പൽ പദവിയിൽ നിന്ന് സ്ഥാനത്യാഗം ചെയ്ത വ്യക്തി.

2005 ഏപ്രിൽ 19 ന് എഴുപത്തെട്ടാം വയസിൽ 265-ാമത് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട അദേഹം, 2013 ഫെബ്രുവരി 28-നാണ് മാർപാപ്പ പദവി ഒഴിഞ്ഞത്.

അനുശോചന പ്രവാഹം

ബനഡിക്ട് പതിനാറാമന്റെ വിയോഗത്തിൽ മാർ ജോർജ് ആലഞ്ചേരിയും കർദിനാൾ മാർ ക്ലിമ്മിസ് കത്തോലിക്കാ ബാവയും അനുശോചിച്ചു

മാർ ജോർജ് ആലഞ്ചേരി

ബനഡിക്ട് പതിനാറാമന്റെ വിയോഗത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. ചരിത്രം സൃഷ്ടിച്ച പാപ്പയാണ് ഓർമയായതെന്ന് അദ്ദേഹം പറഞ്ഞു. ലോകമാകെയുള്ള ക്രൈസ്തവസമൂഹം വേദനയുടെ നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഭാരതസഭയുടെയും സിറോമലബാർ സഭയുടെയും ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർദിനാൾ മാർ ക്ലിമ്മിസ് കത്തോലിക്കാ ബാവ

കത്തോലിക്കാ സഭയെ ദിശാബോധത്തോടെ നയിച്ച മാർപാപ്പയാണ് പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമൻ എന്ന് സിറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ക്ലിമ്മിസ് കത്തോലിക്കാ ബാവ അനുസ്മരിച്ചു. ഇന്ത്യയിൽ വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെന്നും ബാവ കൂട്ടിച്ചേർത്തു.

ലത്തീൻ അതിരൂപതാ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ-

തിരുവനന്തപുരം: ശ്രദ്ധേയമായ സംഭാവനകൾ ക്രൈസ്തവ സമൂഹത്തിനും ലോകജനതയ്ക്കും നൽകാൻ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ധന്യജീവിതത്തിനു സാധിച്ചുവെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ.

മുഖ്യമന്ത്രിയുടെ അനുശോചനം

പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന്റെ വിയോഗം ലോക വിശ്വാസിസമൂഹത്തിന് വേദനയുണ്ടാക്കുന്നതാണ്. 2005 മുതൽ 2013 വരെയുള്ള കാലം ആഗോള കത്തോലിക്കാ സഭയുടെ അധിപതിയായിരുന്നു അദ്ദേഹം. മികച്ച ദൈവശാസ്ത്ര പണ്ഡിതൻ കൂടിയായിരുന്ന അദ്ദേഹം ഇസ്ലാം, യഹൂദ മതങ്ങളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാൻ പരിശ്രമിച്ചു.

മാനവികതയെയും സഹോദര്യത്തെയും മുറുകെപ്പിടിച്ച വ്യക്തിത്വമായിരുന്നു ബെനഡിക്ട് പതിനാറാമന്റേത്. ഹിറ്റ്‌ലറിന്റെ സൈന്യത്തിൽ നിർബന്ധിത സേവനമനുഷ്ഠിക്കേണ്ടി വന്ന ഘട്ടത്തിൽ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ യഹൂദരേറ്റു വാങ്ങിയ പീഡനങ്ങൾ കണ്ടാണ് അദ്ദേഹം മനുഷ്യ സേവകനായി മാറിയത്. 2013 ൽ സ്ഥാനത്യാഗം ചെയ്യാൻ അദ്ദേഹം കാണിച്ച സന്നദ്ധതയും വലിയ മാതൃകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വിശ്വാസി സമൂഹത്തിന്റെ വേദനയിൽ പങ്കുചേരുന്നു.