കരമനയാറ്റില്‍ മുങ്ങി മരിച്ചത് ഐ.ജിയുടെ ഡ്രൈവറും ബന്ധുക്കളും; ഒഴുക്കില്‍ പെട്ട ആനന്ദിനെ രക്ഷിക്കാന്‍ ഇറങ്ങിയപ്പോള്‍ മറ്റുള്ളവരും മുങ്ങിത്താണു; ദാരുണം
- Share
- Tweet
- Telegram
- LinkedIniiiii
ആര്യനാട്: കരമനയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങി മരിച്ചത് ഐ.ജിയുടെ ഡ്രൈവറും ബന്ധുക്കളും. നാല് പേരാണ് ഇന്നലെ ദാരുണായി മരിച്ചത്. ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ ഡ്രൈവറായിരുന്നു ആര്യനാട് കോട്ടയ്ക്കകം പൊട്ടന്‍ചിറ ശ്രീനിവാസില്‍ അനില്‍കുമാര്‍ (50). ഇദ്ദേഹത്തിന്റെ മകന് അമല്‍ (13), അനില്‍കുമാറിന്റെ സഹോദരന് സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി കഴക്കൂട്ടം കുളത്തൂര്‍ വൈകുണ്ഠം വീട്ടില്‍ സുനില്‍കുമാറിന്റെ മകന് അദ്വൈത് (22), സഹോദരി നിയമസഭ ജീവനക്കാരി കുളത്തൂര്‍ കിഴക്കുംകര കൈലാസം വീട്ടില്‍ ശ്രീപ്രിയയുടെ മകന് ആനന്ദ് (25 ) എന്നിവരാണ് കരമനയാറ്റില്‍ മുങ്ങി മരിച്ചത്.
ഒപ്പം കുളിക്കാനിറങ്ങിയ അനില്‍കുമാറിന്റെ മറ്റൊരു മകന് അഖില്‍, സുനില്‍കുമാറിന്റെ മറ്റൊരു മകന് അനന്തരാമന് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലരയോടെ മൂന്നാറ്റുമുക്കിന് സമീപം വരിപ്പാറ കടവിലായിരുന്നു അപകടം. പേപ്പാറ ഡാമിന്റെ ഷട്ടര്‍ തുറന്നിരുന്നതിനാല്‍ ഒഴുക്ക് കൂടുതലായിരുന്നു. ഇത് ശ്രദ്ധിക്കാതെ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ദുരന്തമുണ്ടായത്്.
കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ആനന്ദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെയാണ് മറ്റുള്ളവരും അപകടത്തില്‍പെട്ടത്. നീന്തി രക്ഷപ്പെട്ടവര്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നെടുമങ്ങാട് നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.ഇന്നലെ രാവിലെ 11ന് സുനില്‍കുമാറും ശ്രീപ്രിയയും മക്കളുമായി അനില്‍കുമാറിന്റെ ആര്യനാട്ടെ വീട്ടില്‍ എത്തി. ഉച്ചഭക്ഷണത്തിനു ശേഷം ഒരു കിലോമീറ്റര്‍ അകലെ പറണ്ടോട് മൂന്നാറ്റുമുക്കിന് സമീപം അനില്‍കുമാറിന്റെ കൃഷിയിടത്തില്‍ വളമിടാനായി പോയി.
തുടര്‍ന്നാണ് വരിപ്പാറ കടവില്‍ കുളിക്കാനിറങ്ങിയത്. ആര്യനാട് ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമല്‍ നെടുമങ്ങാട് അമൃതകൈരളി വിദ്യാലയത്തിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്. ആനന്ദ് ബാങ്ക് ജോലിക്കുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.
എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയാണ് അദ്വൈത്.സരിതയാണ് അനില്‍കുമാറിന്റെ ഭാര്യ. അദ്വൈതിന്റെ അമ്മ: മിനി (സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്), സഹോദരി അഭിരാമി. ചെന്നൈ എയര്‍പോര്‍ട്ട് ജീവനക്കാരനായ സനലാണ് ആനന്ദിന്റെ പിതാവ്. സഹോദരന് അരവിന്ദ്.