- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമൻ ഫുട്ബാൾ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്താലെന്ന് കുടുംബം; വിട പറഞ്ഞത് കളിക്കാരനായും മാനേജരായും ജർമ്മനിക്ക് വേണ്ടി ലോകകപ്പുയർത്തിയ താരം; ബയേൺ മ്യൂണിക്ക് പരിശീലകനായി യുവേഫ കപ്പും മൂന്ന് യൂറോപ്യൻ കപ്പും നേടിക്കൊടുത്തും
മ്യൂണിക്ക്: ജർമൻ ഫുട്ബാൾ ഇതിഹാസം ഫ്രാൻസ് ആന്റൺ ബെക്കൻബോവർ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. കളിക്കാരനായി ജർമനിക്കുവേണ്ടി ലോകകപ്പ് ഉയർത്തുകയും ടീം മാനേജരെന്ന നിലയിൽ ലോകകപ്പ് നേടിക്കൊടുക്കുകയും ചെയ്ത ഇതിഹാസതാരം ബയേൺ മ്യൂണിക്കിന് യുവേഫ കപ്പും മൂന്ന് യൂറോപ്യൻ കപ്പും നേടിക്കൊടുത്ത താരംകൂടിയാണ്.
1974ൽ ജർമ്മനിയുടെ നായകനായും 1990ൽ പരിശീലകനായുമാണ് ജർമ്മനിക്ക് ലോകകിരീടം നേടിക്കൊടുത്തത്. മൂന്ന് ലോകകപ്പുകൾ കളിച്ച താരം പശ്ചിമ ജർമനിക്ക് വേണ്ടി 103 അന്താരാഷ്ട്ര മത്സരങ്ങളിൽ ബൂട്ടുകെട്ടി. 1972 മുതൽ തുടർച്ചയായി മൂന്ന് തവണ ബയേൺ മ്യൂണികിനെ ചാമ്പ്യന്മാരാക്കി. 1945 സെപ്റ്റംബർ 11നു ജർമനിയിലെ മ്യൂണിക്കിൽ ജനിച്ച ഫ്രാൻസ് ബെക്കൻ ബോവർ ഫുട്ബോളിൽ ജർമനിയുടെ എക്കാലത്തെയും മികച്ച താരമായാണ് വിലയിരുത്തപ്പെടുന്നത്.
കരിയറിന്റെ തുടക്കത്തിൽ മധ്യനിരയിൽ കളിച്ചിരുന്ന ബെക്കൻ ബോവർ പ്രതിരോധനിരയിലാണ് തിളങ്ങിയത്.ആധുനിക ഫുട്ബോളിലെ 'സ്വീപ്പർ' പൊസിഷന് കൂടുതൽ പ്രാധാന്യം കൈവന്നത് ബെക്കൻബോവറിന്റെ കേളീശൈലിയിൽ നിന്നാണ്. രണ്ടുതവണ യൂറോപ്യൻ ഫുട്ബോളർ ആയി തിരഞ്ഞെടുക്കപ്പെട്ട ബെക്കൻ ബോവർ പശ്ചിമ ജർമ്മനിക്കായി 103 മത്സരങ്ങൾ കളിച്ചു.
1974ൽ ക്യാപ്റ്റനായും 1990ൽ പരിശീലകനായും ജർമനിക്ക് ലോകകപ്പ് കിരീടം സമ്മനിച്ച ബെക്കൻ ബോവർ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ലോക ഫൂട്ബോളിലെ മൂന്ന് പേരിൽ ഒരാളാണ്. കഴിഞ്ഞ ദിവസം അന്തരിച്ച ബ്രസീൽ ഫുട്ബോൾ ഇതിഹാസം മാരിയോ സഗാലോ, ഫ്രാൻസിന്റെ നിലവിലെ പരിശീലകൻ ദിദിയർ ദെഷാംപ്സ് എന്നിവരാണ് മറ്റു രണ്ടുപേർ. ആരാധകർക്കിടയിൽ കൈസർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബെക്കൻ ബോവർ വിരമിച്ചശേഷം ഫുട്ബോൾ ഭരണകർത്താവെന്ന നിലയിലും ശ്രദ്ധേയനായി. എന്നാൽ 2006ൽ ജർമനി ആതിഥേയരായ ലോകകപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളും ബെക്കൻ ബോവർക്കെതിരെ ഉയർന്നു.
1966ൽ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റ ജർമൻ ടീമിൽ കളിച്ച ബെക്കൻ ബോവർ 1970ൽ മൂന്നാം സ്ഥാനം നേടിയ ജർമൻ ടീമിലും അംഗമായിരുന്നു. 1974ൽ ക്യാപ്റ്റനായി പശ്ചിമ ജർമനിക്ക് ലോക കിരീടം സമ്മാനിച്ച ബെക്കൻ ബോവർ ജർമനിയുടെ ഇതിഹാസ താരമായി. ക്ലബ്ബ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിന്റെ വിശ്വസ്ത താരം കൂടിയായിരുന്നു കൈസർ.
നാല് വീതം ബുണ്ടസ് ലീഗ, ജർമൻ കപ്പ്, മൂന്ന് തവണ യൂറോപ്യൻ കപ്പ്, യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ്, ഇന്റർ കോണ്ടിനെന്റൽ കപ്പ് നേട്ടങ്ങളിലും ബയേണിനൊപ്പം ബെക്കൻ ബോവർ പങ്കാളിയായി. ജർമനിക്ക് പുറമെ ബയേൺ മ്യൂണിക്കിന്റെയും ഫ്രഞ്ച് ക്ലബ്ബായ മാഴ്സയുടെയും പരിശീലകനായിരുന്നു.
മറുനാടന് ഡെസ്ക്