- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് ഫുട്ബോളിൽ ഫ്രാൻസിനെ അടയാളപ്പെടുത്തിയ പ്രതിഭ; പെലയെപ്പോലും പിന്നിലാക്കി ഒരു ലോകകപ്പിൽ അടിച്ചുകൂട്ടിയത് 13 ഗോളുകൾ;ഫ്രഞ്ച് ഇതിഹാസതാരം ജസ്റ്റ് ഫോണ്ടെയ്ൻ ഇനി ത്രസിപ്പിക്കുന്ന ഓർമ
പാരീസ്: 1958 ലെ ലോകകപ്പിൽ പതിമൂന്ന് ഗോളുകൾ നേടിയ ഫ്രഞ്ച് ഇതിഹാസതാരം ജസ്റ്റ് ഫോണ്ടെയ്ൻ അന്തരിച്ചു.89 വയസായിരുന്നു.വാർധക്യ സഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം.1958 ലെ സ്വീഡനിൽ നടന്ന ലോകകപ്പിലായിരുന്നു ഫൊണ്ടെയ്നിന്റെ അതുല്യനേട്ടം.ആറ് മത്സരത്തിൽ നിന്നായിരുന്നു പതിമൂന്ന് ഗോൾ നേടിയത്.ഒരു ലോകകപ്പിൽ ഒരു കളിക്കാരൻ നേടിയ ഏറ്റവും കുടുതൽ ഗോളുകളുടെ റെക്കോർഡ് ഇന്നും ഫൊണ്ടെയ്നിന്റെ പേരിലാണ്.
1930 മുതൽ ലോകകപ്പിൽ പന്തുതട്ടിത്തുടങ്ങിയതാണ് ഫ്രാൻസ്.ആദ്യ ലോകകപ്പിൽ തന്നെ ഏഴാം സ്ഥാനത്ത് അവർ മത്സരം പൂർത്തീകരിച്ചു. പിന്നീട് കാര്യമായ നേട്ടങ്ങൾ ലോകകപ്പിൽ ഫ്രാൻസിന് നേടാനായില്ല.1938 ലോകകപ്പിൽ ക്വാർട്ടറിലെത്തിയതാണ് ഓർക്കാനുള്ള ഏക ഓർമ.
എന്നാൽ 1958ലെ സ്വീഡൻ ലോകകപ്പ് ഫ്രാൻസ് ഫുട്ബോളിന്റെ ജനിതകഘടനയിൽ കാതലായ മാറ്റങ്ങളുണ്ടാക്കി.കിരീടസാധ്യത ഒട്ടും കൽപ്പിക്കാതിരുന്ന ഫ്രാൻസ് പക്ഷേ ആ ലോകകപ്പിലെ കറുത്ത കുതിരകളാകുകയായിരുന്നു.അതിന് കരുത്ത് പകർന്നത് ജസ്റ്റ് ഫോണ്ടെയ്‌ന്റെ ബൂട്ടുകളായിരുന്നു.
ഫോണ്ടെയ്‌ന്റെ മാസ്മരിക പ്രകടനത്തിന്റെ കരുത്തിൽ ഫ്രാൻസ് 58ലോകകപ്പിലെ പ്രതിബന്ധങ്ങളെ ഓരോന്നോരോന്നായി അരിഞ്ഞുവീഴ്‌ത്തി. സാക്ഷാൽ പെലെയെപ്പോലും പിന്നിലാക്കിയാണ് ഫോണ്ടെയ്ൻ ഫ്രാൻസിനെ മുന്നിൽ നിന്ന് നയിച്ചത്. ഗ്രൂപ്പ് ബിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് കയറിയ ഫ്രഞ്ച് പട ക്വാർട്ടറിൽ ഉത്തര അയർലൻഡിനെ തകർത്ത് സെമിയിലെത്തി ചരിത്രം കുറിച്ചു.
എന്നാൽ സെമിയിൽ കരുത്തരും ആ ലോകകപ്പിൽ കിരീടം നേടുകയും ചെയ്ത ബ്രസീലായിരുന്നു ഫ്രാൻസിന്റെ എതിരാളികൾ. തോൽക്കുമെന്ന് ഉറപ്പായിട്ടും ഫ്രാൻസ് പൊരുതി. ഒടുവിൽ ടീം 5-2 ന് തോൽവി വഴങ്ങി. പെലെയുടെ ഹാട്രിക്കാണ് ബ്രസീലിന് വിജയമൊരുക്കിയത്. ഇതോടെ ടീം മൂന്നാം സ്ഥാനക്കാർക്കായുള്ള ലൂസേഴ്‌സ് ഫൈനലിൽ കളിക്കാൻ യോഗ്യത നേടി.
ലൂസേഴ്‌സ് ഫൈനലിൽ കരുത്തരായ ജർമനിയായിരുന്നു ഫ്രാൻസിന്റെ എതിരാളികൾ. നാല് ഗോളടിച്ച ഫോണ്ടെയ്‌നിന്റെ മികവിൽ ഫ്രാൻസ് മൂന്നിനെതിരേ ആറുഗോളുകൾക്ക് ജർമനിയെ മുക്കി മൂന്നാം സ്ഥാനം നേടി. ഫ്രാൻസ് ഫുട്‌ബോൾ ടീം ചരിത്രം കുറിച്ച മുഹൂർത്തമായിരുന്നു അത്. രാജ്യത്തിനായി 21മത്സരങ്ങൾ കളിച്ച ഫൊണ്ടെയ്ൻ 30 ഗോളുകൾ നേടി.