പാരീസ്: വിഖ്യാത ഫ്രഞ്ച് സംവിധായകനും നവതരംഗസിനിമയുടെ അമരക്കാരനുമായ ഴാങ് ലൂക് ഗൊദാർദ് അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ലൈഫ് ടൈം പുരസ്‌കാരം നേടിയിരുന്നു.
ചലച്ചിത്രനിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. രാഷ്ട്രീയസിനിമകൾക്ക് വേറിട്ട ദിശാബോധം സമ്മാനിച്ചവയായിരുന്നു ഗൊദാർദിന്റെ സിനിമകൾ.

1930 ഡിസംബർ 3ന് പാരീസിലെ ധനികമായ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തിൽ ഫ്രഞ്ച്-സ്വിസ് ദമ്പതികളുടെ മകനായി ജനനം. പിതാവ് റെഡ്‌ക്രോസിൽ ഡോക്ടറായിരുന്നു. അമ്മ സ്വിസ് ബാങ്ക് ഉടമയും. പ്രശസ്ത സംഗീതജ്ഞനായിരുന്ന ജാക്വിസ് ലൂയിസ് മൊനോദ് അമ്മയുടെ കസിനായിരുന്നു. ലോകമഹായുദ്ധകാലത്ത് സ്വിറ്റ്‌സർലൻഡിലേക്ക് കുടുംബത്തോടൊപ്പം താമസം മാറ്റിയ ഗൊദാർദ് നിയോണിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം 1950-ൽ പാരീസിലെ സോർബൺ യുണിവേഴ്‌സിറ്റിയിൽനിന്ന് നരവംശശാസ്ത്രത്തിൽ ഉന്നതബിരുദം നേടി.

1950-കളിലും 60-കളിലും സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ചലച്ചിത്രകാരനായിരുന്നു ഗൊദാർദ്. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. 'പൊളിറ്റിക്കൽ സിനിമ'യുടെ ശക്തനായ പ്രയോക്താവ്. ചലച്ചിത്രനിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിലും ഗൊദാർദ് ശക്തമായ സാന്നിധ്യമായി.

തിരക്കഥാ രചനയിലൂടെ സിനിമയിലേക്ക് കടന്നു വന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം പരീക്ഷണസ്വഭാവമുള്ളവയായിരുന്നു. ബ്രെത്ത്ലെസ് ആണ് ആദ്യ ചിത്രം. 1969-ൽ പുറത്തിറങ്ങിയ എ വുമൺ ഈസ് എ വുമൺ ആയിരുന്നു കളറിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യചിത്രം. അറുപതുകളുടെ മധ്യത്തോടെ ഗൊദാർദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓർ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെർ (1966) ഈ സമയത്താണ് നിർമ്മിച്ചത്.

ദ് സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. ഗൊദാർദും ടോങ് പിയറി ഗോറിനുമായിരുന്നു ഈ സംഘത്തിൽ പ്രമുഖർ. ആ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണ് 1969-ൽ പുറത്തിറങ്ങിയ വിൻഡ് ഫ്രം ദ ഈസ്റ്റ്. എഴുപതുകളിൽ വീഡിയോയും ടെലിവിഷൻ പരമ്പരകളും ഗൊദാർദ് മാധ്യമമാക്കി. എൺപതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.ബ്രെത്ത് ലസ്, വീക്കെൻഡ്, ലാ ചീനോയിസ്, കണ്ടംപ്റ്റ്, പ്രീംഹോം കാർമെൻ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ