- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിജനോദ്ധാരണത്തിനായി 1934 ൽ കോഴിക്കോടെത്തിയ ഗാന്ധിജിയെ ശുശ്രൂഷിച്ച വിദ്യാർത്ഥി; സത്യസന്ധനായി ജീവിക്കാനും ഹിന്ദി പഠിക്കാനും ഗാന്ധിജി നൽകിയ അനുഗ്രഹ ഉപദേശം കരുത്താക്കി; അരുതായ്മകളോട് അരുതെന്നു പറയാനുള്ള അസാമാന്യമായ ധീരതയും; സ്വാതന്ത്യസമര സേനാനി ഗോപാലൻകുട്ടി മേനോൻ ഇനി ഓർമ്മകളിൽ
കോഴിക്കോട്: പ്രമുഖ സ്വാതന്ത്യസമര സേനാനിയും ഗാന്ധിയനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ ഗോപാലൻകുട്ടി മേനോൻ (106) അന്തരിച്ചു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും അദ്ധ്യാപികയുമായിരുന്ന പരേതയായ വി എൻ ഭാനുമതി ടീച്ചറാണു ഭാര്യ. മക്കൾ: വി എൻ ജയ ഗോപാൽ (മാതൃഭൂമി റിട്ട. ഡപ്യൂട്ടി എഡിറ്റർ) വി എൻ ജയന്തി (യൂനൈറ്റഡ് ഇന്തൃ ഇൻഷ്യൂറൻസ്). സഹോദരങ്ങൾ: പരേതരായ കുഞ്ഞു അമ്മ, ലക്ഷ്മിക്കുട്ടി അമ്മ, മാധവ മേനോൻ, അപ്പുക്കുട്ടി മേനോൻ, കല്യാണിക്കുട്ടി അമ്മ, മീനാക്ഷി ക്കുട്ടി അമ്മ.
കൊയിലാണ്ടിയിലെ അള്ള മ്പത്തൂർ ചുട്ടേത്ത് തറവാട്ടിൽ കണാരൻ നായർ ശ്രീദേവി അമ്മ ദമ്പതികളുടെ ഏഴ് മക്കളിൽ അഞ്ചാമനായിട്ടായിരുന്നു ജനനം. കുട്ടിക്കാലത്ത് തന്നെ ദേശീയ ബോധം മനസിൽ കൂടി. വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി. അയിത്തോച്ചാടാനം, കള്ള് ഷാപ്പ് ഉപരോധം, ഹരിജനോദ്ധാരണം, ഹിന്ദി പ്രചാരണം, വിദേശവസ്ത്ര ബഹിഷ്‌ക്കരണം തുടങ്ങിയ ദേശസ്‌നേഹപരമായ പൊതുപ്രവർത്തനങ്ങളിൽ കുട്ടിക്കാലത്ത് തന്നെ മേനോൻ പങ്കെടുത്തു.
കറ കളഞ്ഞ മനുഷ്യ സ്‌നേഹി, സത്യസന്ധതയുടെ ആൾരൂപം, ലളിതമായ ജീവിത ശൈലി, ആരിലും മതിപ്പുളവാക്കുന്ന വിനയ മധുരമായ പെരുമാറ്റം അധികാര പദവികളിലും സ്ഥാനമാനങ്ങളിലും അശേഷം താൽപ്പര്യം പ്രകടിപ്പിക്കാത്ത പ്രകൃതം ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാത്ത അടിയുറച്ച കമ്മ്യൂണിസ്റ്റ് - എല്ലാ അർത്ഥത്തിലും ശീല ശുദ്ധിയുള്ള കുലീനനായ പൊതുപ്രവർത്തകനായിരുന്നു മേനോൻ. ആരോഗ്യം അനുവദിച്ച കാലമത്രയും പൊതു സേവനങ്ങൾക്ക് ഉഴിഞ്ഞു വെച്ച ത്യാഗ നിർഭരമായ ജീവിതമായിരുന്നു. അരുതായ്മകളോട് അരുതെന്നു പറയാനുള്ള അസാമാന്യമായ ധീരത എപ്പോഴും പ്രകടിപ്പിച്ചു.
ഹരിജനോദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി 1934 ൽ കോഴിക്കോടെത്തിയ ഗാന്ധിജിയോടൊപ്പം കഴിയാൻ മേനോനു അസുലഭമായ ഭാഗ്യം ഉണ്ടായി. കൊയിലാണ്ടിയിലെ സ്വീകരണം കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ ഗാന്ധിജിയുടെ ശുശ്രൂഷയ്ക്ക് വേണ്ടി കെ കേളപ്പന്റെ നേതൃത്വത്തിലുള്ള സംഘാടകർ ചുമതലപ്പെടുത്തിയത് എ ഗോപാലൻകുട്ടി മേനോന്റെ നേതൃത്വത്തിലുള്ള മൂന്ന് വിദ്യാർത്ഥികളെയായിരുന്നു.
സത്യസന്ധനായി ജീവിക്കാനും ഹിന്ദി പഠിക്കാനുമാണു ഇവരെ അനുഗ്രഹിച്ചു കൊണ്ട് ഗാന്ധിജി ഉപദേശിച്ചത്. ആ സംഭവം മേനോന്റെ ജീവിതത്തിലെ നിർണ്ണായമായ വഴിത്തിരിവായി. ഗാന്ധിജിയുടെ എളിമ ജീവിതം സ്വജീവിതത്തിൽ പകർത്തിയ മേനോൻ ഗാന്ധിയൻ കമ്മ്യൂണിസ്റ്റായി സത്യസന്ധനായി ജീവിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കോൺഗ്രസ്സിലും സോഷ്യലിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ച മേനോൻ ഇരുപത്തി ഒന്നാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി.
പന്തലായിനി (ഇന്നത്തെ കൊയിലാണ്ടി) പഞ്ചായത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളരുമ്പോൾ മേനോൻ ദേശാഭിമാനി പത്രത്തിന്റെ മാനേജറായിരുന്നു. പാർട്ടി പിളർന്നപ്പോൾ സിപിഐക്കൊപ്പം നിന്നു. പൊതുപ്രവർത്തനത്തിനിടയിൽ പലപ്പോഴും ഭീകര മർദനത്തിനു വിധേയമായി. ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നു.