- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ വിളയിച്ച പച്ചക്കറികളും ഫലവർഗങ്ങളുമായി ഭർത്താവിനും മകനും ഒപ്പം സ്‌കൂളിലെത്തി പൊലീസ് കേഡറ്റുകൾക്ക് ഭക്ഷണം പാകം ചെയ്തു നൽകുന്ന ടീച്ചർ; പഠനം പാതിവഴിയിൽ നിലച്ചവർക്ക് പ്രതിഫലം വാങ്ങാതെ ട്യൂഷൻ നൽകിയ 'ഹോപ്പ്'; അവയവ ദാനത്തിലൂടെ മാർഗദീപം തെളിയിച്ച് ഗോപിക ടീച്ചർ; ശാസ്തമംഗലം സ്കൂളിൽ ദുഃഖം നിറയുമ്പോൾ

തിരുവനന്തപുരം: ഗോപികടീച്ചർ വിദ്യാർത്ഥികൾക്കെന്നും വിസ്മയമായിരുന്നു. ഒരു അദ്ധ്യാപികയെന്നതിനപ്പുറം സ്‌നേഹത്തിന്റെ നിറകുടമായിരുന്ന ടീച്ചർ. അപ്രതീക്ഷിതമായെത്തി ടീച്ചറുടെ വിയോഗം സ്വന്തം കുടുംബാംഗങ്ങളെപ്പോലെ തന്നെ ശാസ്തമംഗലം ആർ കെ ഡി എൻ എസ് എസ് ഹയർസെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കു താങ്ങാവുന്നതിലുമപ്പുറമാണ്.
സ്വന്തം വീട്ടിൽ വിളയിച്ച പച്ചക്കറികളും ഫലവർഗങ്ങളുമായി ഭർത്താവിനും മകനും ഒപ്പം സ്‌കൂളിലെത്തി കമ്യൂണിറ്റി പൊലീസ് ഓഫീസ് കൂടിയായ ടീച്ചർ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾക്ക് ഭക്ഷണം പാകം ചെയ്തു നൽകുന്നതും ഹോപ്പ് എന്ന പദ്ധതിയിൽ സ്വമേധയാ അംഗമാകുകയും പഠനം പാതിവഴിയിൽ നിലയ്ക്കുകയും തോറ്റു പോകുകയും ചെയ്ത കുട്ടികൾക്ക് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ട്യൂഷൻ നൽകുകയും ചെയ്യുന്നത് ടീച്ചറുടെ ശിഷ്യ സ്‌നേഹത്തിന്റെ ഒരു ഭാഗം മാത്രമാണ്.
ആറുദിവസം മുമ്പ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് പക്ഷാഘാതമുണ്ടായി വലിയവിള കുണ്ടമൺകടവ് ബാലഭാരതി സ്‌കൂളിനുസമീപം ശ്രീവല്ലഭയിൽ ഗോപികാറാണി(47) എന്ന ഗോപിക ടീച്ചർ ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായി തുടരുകയും ബുധനാഴ്ച മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഒരു അദ്ധ്യാപികയെന്ന നിലയിൽ കുട്ടികളിൽ സഹജീവികളോടുള്ള സ്‌നേഹം, മനുഷ്യത്വം, ദയ തുടങ്ങിയ സദ്ഗുണങ്ങൾ നിർലോഭം പകർന്നു നൽകുന്ന ടീച്ചറുടെ ജീവിതസന്ദേശം മരണശേഷവും തുടരണമെന്ന് ബന്ധുക്കൾ ആഗ്രഹിച്ചു.
ഭർത്താവ് പ്രവീൺ കുമാറും മകൻ പ്രാൺ പ്രവീണും ബന്ധുക്കളുമെല്ലാം ചേർന്ന് ഏകകണ്ഠമായെടുത്ത തീരുമാനം ഒരു പിടി പേരുടെ ജീവിതമാണ് മടക്കിനൽകുന്നത്. കേരളാ സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനുമായി (കെ സോട്ടോ) ബന്ധപ്പെട്ട ബന്ധുക്കളുടെ തീരുമാനത്തെ അധികൃതർ അത്യന്തം ആദരവോടെയാണ് സ്വീകരിച്ചത്. തുടർന്ന് അവയവദാന നടപടികൾ പുരോഗമിച്ചു. ബുധൻ വൈകുന്നേരത്തോടെ ആരംഭിച്ച ശസ്ത്രക്രിയ രാത്രിയോടെ അവസാനിച്ചു.

കരൾ, വൃക്കകൾ, ഹൃദയ വാൽവ് എന്നിവയാണ് വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്ക് ദാന ചെയ്യുന്നത്. കരൾ കിംസ് ആശുപത്രിയിലും വൃക്കകൾ യഥാക്രമം തിരുവനന്തപുരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലും പുഷ്പഗിരി മെഡിക്കൽ കോളേജിലും ഹൃദയ വാൽവ് ശ്രീ ചിത്രയിലും ചികിത്സയിലുള്ള രോഗികൾക്കാണ് നൽകിയത്. പ്രസിദ്ധ ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെയും ഗിരിജാകുമാരി (റിട്ട. പ്രധാനാധ്യാപിക) യുടെയും മകളാണ് ഗോപികാ റാണി.


