- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനിയുടെ കത്തിമുനയിൽ തീർന്നത് ഹക്കീമിന്റെ കുടുംബത്തിന്റെ സ്വപ്നങ്ങൾ; സ്വന്തമായി ഒരു വീട് നിർമ്മിക്കുന്നതിനായി ഭൂമി വാങ്ങിയത് അടുത്തിടെ; സ്വപ്‌നം പൂർത്തിയാക്കും മുമ്പ് യാത്രയായി ഹക്കീം; പ്രകോപിതനായ പാക്കിസ്ഥാനിയെ അനുനയിപ്പിക്കാൻ ശ്രമിക്കവേ ഷവർമ കത്തികൊണ്ട് കുത്തി; നടുക്കത്തോടെ പ്രവാസികൾ
മണ്ണാർക്കാട്: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചുതിന്റെ ഞെട്ടലിലാണ് പ്രവാസി സമൂഹം. ഒരു തർക്കം തീർക്കാൻ ശ്രമിക്കവേയാണ് പ്രകോപിതനായ പാക്കിസ്ഥാനി ആക്രമണം നടത്തിയതും മലയാളിയായ ഹിക്കീമിനെ കുത്തി കൊലപ്പെടുത്തിയതും. എല്ലാ പ്രവാസികളെയുംപോലെ, നാട്ടിൽ സ്വന്തമായൊരു വീട് അബ്ദുൾഹക്കീമിന്റെയും സ്വപ്നമായിരുന്നു. ആ സ്വപ്‌നം കൂടിയാണ് ആ പാക്കിസ്ഥാനിയുടെ കത്തിമുനയിൽ പൊലിഞ്ഞത്. എല്ലാവരുടെയും സന്തോഷം ആഗ്രഹിച്ച യുവാവിനാണ് വിധിയുടെ ക്രൂരത നേരിടേണ്ടി വന്നത്.
ഞായറാഴ്ച രാത്രിയാണ് പാക്കിസ്ഥാൻ സ്വദേശിയുടെ കുത്തേറ്റ് ഹക്കീം മരിച്ചത്. ഒന്നരവർഷംമുമ്പാണ് ഹക്കീമിന്റെ മാതാവ് സക്കീന കോവിഡ് ബാധിച്ചു മരിച്ചത്. ഇതിന്റെ സങ്കടത്തിൽനിന്ന് കുടുംബം കരകയറിവരുന്നതേയുള്ളൂ. ഇതിനിടെയാണ് രണ്ടാമത്തെ ദുരന്തം. ഡിഗ്രി പഠനത്തിനുശേഷമാണ് ഹക്കീം ഷാർജയിലെ കമ്പനിയിൽ സൂപ്പർവൈസറായി ജോലിക്കുചേർന്നത്. എട്ടുവർഷമായി ഇവിടെ ജോലിചെയ്യുന്നു. കാഞ്ഞിരം കല്ലാംകുഴിയിലെ തറവാട്ടുവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.
സ്വന്തമായി വീടെന്ന സ്വപ്‌നത്തിനായുള്ള പരിശ്രമത്തിലായിരുന്നു ഹക്കീം. അതിനുള്ള ഒരുക്കങ്ങളും നടത്തി വരികയായിരുന്നു. സ്വന്തമായി ഒരു വീട് നിർമ്മിക്കുന്നതിനായി ചിറക്കൽപ്പടിയിൽ എട്ടുസെന്റ് വാങ്ങാൻ മുൻകൂർതുക നൽകിയിരുന്നതായി ഹക്കീമിന്റെ പിതാവിന്റെ സഹോദരൻ മുഹമ്മദാലി പറഞ്ഞു. ഇതിന്റെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായ മരണം. ഞായറാഴ്ച വൈകുന്നേരവും പിതാവ് ഹംസയുമായി ഇതിന്റെ കാര്യങ്ങൾ ഹക്കീം സംസാരിച്ചിരുന്നു. രാത്രി 2.30-നാണ് ഹക്കീമിന്റെ മരണവാർത്ത മുഹമ്മദാലിയെ തേടിയെത്തുന്നത്.
ഹക്കീമിന് ഒരപകടം പറ്റിയിട്ടുണ്ടെന്ന് മാത്രമാണ് ഹംസയോടും വീട്ടുകാരോടും മുഹമ്മദാലി പറഞ്ഞത്. തിങ്കളാഴ്ച രാവിലെമുതൽ ബന്ധുക്കൾ വിളിക്കുകയും വരികയും ചെയ്തതോടെ കുടുംബത്തിന് ആശങ്കയായി. ഹംസ മാനസികമായി തകർന്നതോടെ വീട്ടിലെ എല്ലാവരെയും ചിറക്കൽപ്പടിയിലുള്ള ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി. ഗുജറാത്തിൽ ജോലിചെയ്യുന്ന സഹോദരൻ ജംഷാദ് അലിയും വിവരമറിഞ്ഞയുടൻ നാട്ടിലേക്ക് തിരിച്ചു.
പാക്കിസ്ഥാൻകാരനാണ് ആക്രമിച്ചത്. ആക്രമണത്തിൽ രണ്ടു മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും പരിക്കേറ്റു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പാക്കിസ്ഥാൻകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാർജ ബുതീനയിലാണ് സംഭവം. ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. സ്ഥാപനത്തിന് സമീപത്തെ ലഘുഭക്ഷണശാലയിൽ സഹപ്രവർത്തകരും പാക്കിസ്ഥാൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയതായിരുന്നു ഇദ്ദേഹം.
സഹോദരാ എന്നു വിളിച്ചു പ്രശ്‌നം അനുനയിപ്പിക്കാൻ ഹക്കീം ശ്രമിച്ചെങ്കിലും പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. തർക്കത്തിനിടെ സഹപ്രവർത്തകന്റെ മുഖത്തേക്ക് പാക്കിസ്ഥാൻകാരൻ ചൂടുള്ള ചായ ഒഴിച്ചപ്പോൾ ഹക്കീം ഇടപെട്ടു. ഉടനെ ഷവർമ മുറിക്കുന്ന കത്തിയെടുത്ത് പാക്കിസ്ഥാൻകാരൻ ആക്രമിക്കുകയായിരുന്നു. നെഞ്ചിലും ശരീരത്തിന് പിൻഭാഗത്തും കാലിനും ആഴത്തിൽ മുറിവേറ്റ ഹക്കീമിനെ ഉടൻതന്നെ തൊട്ടടുത്തുള്ള സുലേഖ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണം തടുക്കാൻ ശ്രമിച്ച കഫ്റ്റീരിയ ഉടമയുൾപ്പെടെ രണ്ടുമലയാളികളും ഒരു ഈജിപ്ഷ്യൻ സ്വദേശിയും കുത്തേറ്റ് ചികിത്സയിലാണ്.
ഗുരുതരമായി പരിക്കേറ്റ ഹക്കീമിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ഷാർജയിലുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്. ഹംസയുടെയും പരേതയായ സക്കീനയുടെയും മകനാണ് ഹക്കീം. ഭാര്യ: ഷഹാന. മക്കൾ: ഹയ ഇഷാൽ, സിയ മെഹ്ഫിൻ. സഹോദരങ്ങൾ: ജംഷാദ് അലി, സമീന.
'പ്രവാസം മതിയാക്കി പെട്ടെന്ന് നാട്ടിലേക്കുമടങ്ങണം. നാട്ടിലെന്തെങ്കിലും ജോലിചെയ്ത് കുടുംബത്തോടൊപ്പം കഴിയണം'' കുത്തേറ്റുമരിക്കുന്നതിന് തലേന്നാൾ അബ്ദുൽ ഹക്കീം പറഞ്ഞ വാക്കുകൾ സഹപ്രവർത്തകൻ വേദനയോടെ പങ്കുവെച്ചു.