കോഴിക്കോട്: മതവിലക്കുകളെ പിന്നിലാക്കി മാപ്പിള പാട്ടും കഥാപ്രസംഗവും വേദിയിൽ അവതരിപ്പിച്ച ഗായിക റംലാ ബീഗം വിടവാങ്ങിയിരിക്കുകയാണ്. 83 വയസായിരുന്നു. കോഴിക്കോട് പാറോപ്പടയിലെ വീട്ടിലായിരുന്നു അന്ത്യം. മതവിലക്കുകളെ മറികടന്ന് പരിപാടി അവതരിപ്പിച്ച ആദ്യ മുസ്ലിം വനിതയും റംലയായിരുന്നു.

വളരെയധികം സന്തുഷ്ടയാണ്. തിരിഞ്ഞുനോക്കുമ്പോൾ നിരാശയില്ല, ഏറെ നാളായി വിശ്രമത്തിൽ കഴിഞ്ഞിരുന്ന റംല ബീഗം, കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിള കലയുടെ തനതുശൈലി നിലനിർത്തിയ കലാകാരിയായിരുന്നു റംലാ ബീഗം.

ആലപ്പുഴയാണ് റംലാബീഗത്തിന്റെ ജന്മദേശം. ഏഴുവയസ്സുമുതൽ ആലപ്പുഴയിൽ അമ്മാവൻ സത്താർ ഖാന്റെ ആസാദ് മ്യൂസിക് ക്ലബ്ബിലെ പ്രധാന ഗായികയായിരുന്നു. പട്ടാണി കുടുംബത്തിലായതിനാൽ ഹിന്ദിയായിരുന്നു പ്രിയഭാഷ. ചെറുപ്പത്തിൽ പാടിയതേറെയും ഹിന്ദി. കല്യാണശേഷം 1963 മുതലാണ് കഥാപ്രസംഗത്തിലേക്കും മാപ്പിളപ്പാട്ടിലേക്കും വരുന്നത്. കാഥികൻ വി സാംബശിവന്റെ തബലിസ്റ്റായിരുന്ന അബ്ദുൾസലാമായിരുന്നു ഭർത്താവ്. അദ്ദേഹമാണ് റംലയെ മലയാളവും കഥാപ്രസംഗവും മാപ്പിളപ്പാട്ടുമെല്ലാം പഠിപ്പിച്ചത്.

'വിവാഹശേഷമാണ് ഞാൻ കഥാപ്രസംഗ രംഗത്തേക്ക് കടക്കുന്നത്. ഇതിനു പ്രേരണയും പ്രചോദനവും നൽകിയത് ഭർത്താവ് അബ്ദുസ്സലാം മാസ്റ്റർ ആയിരുന്നു. അദ്ദേഹം പ്രശസ്ത കാഥികൻ സാമ്പശിവന്റെ തബലിസ്റ്റായിരുന്നു. 1963ലാണിത്. റമദാൻ കാലത്തും രാത്രിയിൽ പരിപാടികൾ അവതരിപ്പിക്കാൻ പോയിട്ടുണ്ട്. എന്നാലും നോമ്പിനു പ്രോഗ്രാം കുറയ്ക്കും. ശാകുന്തളം തൊട്ട് ബദ്റുൽ മുനീർ ഹുസ്നുൽ ജമാൽ, ഇസ്ലാമിക ചരിത്രങ്ങൾ വരെ പാടിപ്പറഞ്ഞിട്ടുണ്ട്. ഇസ്ലാമിക ചരിത്രങ്ങളും ഹൈന്ദവഗ്രന്ഥങ്ങളിലെ കഥകളും പാടിപ്പറയുമായിരുന്നു. അമ്പലപ്പറമ്പുകളിലും മുസ്ലിം സൗഹൃദ വേദികളിലും ക്ഷണിതാവായി', റംല ഒരു അഭിമുഖത്തിൽ പറഞ്ഞു.

സിംഗപ്പൂർ ഉൾപ്പെടെ ഒട്ടുമിക്ക രാജ്യങ്ങളിലും പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വർഷങ്ങളായി രോഗം കാരണം പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. അതിനിടെ മഹാകവി മോയിൻകുട്ടി വൈദ്യർ പുരസ്‌കാരം റംലാ ബീഗത്തെ തേടിയെത്തി. 23 കഥാപ്രസംഗം അവതരിപ്പിച്ചു. ഇസ്ലാമിക ചരിത്രമായിരുന്നു 20 എണ്ണവും. കേശവദേവിന്റെ ഓടയിൽനിന്ന്, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി എന്നിവയും കഥാപ്രസംഗമായി അവതരിപ്പിച്ചു. അഞ്ഞൂറോളം ഓഡിയോ കാസറ്റിലും 35 എച്ച്എംവി റെക്കോഡിലും പാടി.

എതിർപ്പുകളുടെ നാളുകൾ

കോഴിക്കോട് ഫറോക്ക് സ്വദേശിയാണ് ഉമ്മ മറിയം. കുട്ടിക്കാലത്തേ റംലക്ക് പാട്ടിനോട് ഇഷ്ടമുണ്ടെന്നത് തിരിച്ചറിഞ്ഞ് നല്ല പാട്ടുകാരിയായി വളർത്താൻ മാതാപിതാക്കൾ ഏറെ താൽപര്യം കാണിച്ചു. സംഗീത സാന്ദ്രമായ കുടുംബാന്തരീക്ഷം കൂടിയായതോടെ റംലയെന്ന ഗായികയുടെ വളർച്ചയും വേഗത്തിലായി. ഉമ്മയും പാട്ടുകാരിയായിരുന്നു.

മതവിലക്കുകൾ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്‌ലിം വനിതയാണ് റംല ബീഗം. 1976 ൽ, കണ്ണൂർ ചൊവ്വയിൽ വച്ചായിരുന്നു മുസ്‌ലിം വനിത പൊതുവേദിയിൽ പരിപാടി അവതരിപ്പിക്കുന്നതിനെതിരെ യാഥാസ്ഥിതികർ രംഗത്തുവന്നത്. മുസ്ലിംസ്ത്രീ കഥാപ്രസംഗം നടത്തുന്നത് അംഗീകരിക്കാൻ 1970കളിൽ സമുദായനേതാക്കൾക്കായിരുന്നില്ല, മതപണ്ഡിതന്മാർ റംലയുടെ വേദികളെ എതിർത്തു. 'പൊതുരംഗത്ത് ഇറങ്ങുന്നവരെ എറിഞ്ഞുകൊല്ലണം- അതായിരുന്നു അവരുടെ ഫത്വ.

'കർബലയിലെ രക്തക്കളം' കഥയായിരുന്നു നിശ്ചയിച്ചത്. ടിക്കറ്റുള്ള പരിപാടിയായിരുന്നു. ഒരുകാരണവശാലും പരിപാടി അവതരിപ്പിക്കരുതെന്ന് മതപണ്ഡിതർ നിർബന്ധം പിടിച്ചു. ആലപ്പുഴയിൽ നിന്നു വരുന്ന റംലാബീഗത്തെ എറിഞ്ഞുകൊല്ലണമെന്നുവരെ ആഹ്വാനമുണ്ടായി. 'ആലപ്പുഴക്കാരിയെ ഈ നാട്ടിൽ ആടാൻ വിടില്ല' എന്നു പറഞ്ഞായിരുന്നു ആളുകൾ എത്തിയത്. കണ്ണൂരിൽ താമസിക്കുന്ന ഹോട്ടലിലെത്തി കുറച്ചാളുകൾ ഭീഷണി മുഴക്കി--''പരിപാടി നടത്താൻ പറ്റില്ല. റംലാബീഗത്തിന്റെ രക്തക്കളമായിരിക്കും അവിടെ'' എന്നുവരെ. ഭർത്താവ് ഇടപെട്ട് കഥ അവതരിപ്പിക്കാൻ തീരുമാനിച്ചു. പൊലീസ് അകമ്പടിയോടെയാണ് വേദിയിൽ എത്തിയത്. കഥ അൽപ്പം മുന്നോട്ടുപോയപ്പോൾ ആളുകൾ ടിക്കറ്റെടുത്ത് കയറാൻ തുടങ്ങി. അരമണിക്കൂറിനകം സദസ്സ് നിറഞ്ഞു. പിന്നീട് എതിർത്ത ആളുകൾ വന്ന് മാപ്പുപറഞ്ഞു. പിന്നീട് നാലുദിവസം അവിടെ സമീപത്തായി നിരവധി വേദി കിട്ടി.

അതിനുശേഷം കോഴിക്കോട് കൊടുവള്ളിയിലും സമാന സംഭവമുണ്ടായി. പഞ്ചായത്ത് റോഡ് ടാറിടാനുള്ള ധനശേഖരണാർഥമായിരുന്നു ബദ്റുൽ മുനീർ, ഹുസ്നുൽ ജമാൽ കഥാപ്രസംഗം. പ്രോഗ്രാം നിർത്തിപ്പോകണമെന്ന് ആക്രോശം. 'ഇസ്ലാമിനെ താറടിക്കാനോ, അതോ റോഡ് ടാറിടാനോ' എന്ന് നോട്ടീസും ഇറക്കി. പരിപാടി കഴിഞ്ഞപ്പോൾ ആളുകൾ വന്ന് മാപ്പുചോദിച്ചു. മുസ്ലിംസ്ത്രീ പൊതുരംഗത്തിറങ്ങിയത് ആയിരുന്നു അവരുടെയൊക്കെ പ്രശ്നം

ഭർത്താവാണ് തന്റെ ശക്തിയെന്ന് പല അഭിമുഖങ്ങളിലും ഈ അനുഗൃഹീത കലകാരി പറഞ്ഞിട്ടുണ്ട്. എം.എ. റസാഖ് എഴുതിയ ജമീല എന്ന കഥയാണ് റംല ബീഗം ആദ്യമായി കഥാപ്രസംഗമായി അവതരിപ്പിച്ചത്. പിന്നീട് മോയിൻകുട്ടി വൈദ്യരുടെ ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ അവതരിപ്പിച്ചു. കോഴിക്കോട് പരപ്പിൽ സ്‌കൂളിലായിരുന്നു അരങ്ങേറ്റം. മലബാറിലെ ആദ്യ പ്രോഗ്രാമായിരുന്നു അത്. പിന്നീട് നിരവധി വേദികൾ കിട്ടി. ഇസ്ലാമിക ചരിത്രകഥകളും ബദറുൽ മുനീർ ഹുസനുൽ ജമാൽ, 'ലൈലാമജ്‌നു പ്രണയകഥകളും' മാത്രമല്ല, കാളിദാസന്റെ ശാകുന്തളവും കുമാരനാശാന്റെ നളിനിയും കേശവദേവിന്റെ 'ഓടയിൽനിന്നു'മൊക്കെ റംലാ ബീഗം കഥാപ്രസംഗമാക്കി. ഒരു യുദ്ധത്തിന്റെ പശ്ചാത്തലം കൊണ്ടുവരാൻ കർബല യുദ്ധസ്മരണകൾ അവതരിപ്പിക്കുമ്പോൾ കാഥികക്ക് കഴിഞ്ഞു. വ്യത്യസ്ത പ്രമേയങ്ങളിൽ മുപ്പതോളം കഥകൾ റംലാ ബീഗം അവതരിപ്പിച്ചിട്ടുണ്ട്. 9500ലധികം സ്റ്റേജുകളിൽ പരിപാടിയവതരിപ്പിച്ചു.

1971 ൽ ഭർത്താവുമൊന്നിച്ച് സിംഗപ്പൂരിൽ കഥാപ്രസംഗം അവതരിപ്പിച്ചതാണു വിദേശത്തെ ആദ്യ വേദി. 2018 വരെ പരിപാടികളിൽ സജീവമായി. 1986 ഡിസംബർ 6നാണ് ഭർത്താവ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം രണ്ടുവർഷം കഥാപ്രസംഗ ലോകത്തുനിന്നും വിട്ടുനിന്നു. കെ.ജെ.യേശുദാസ്, വി എം.കുട്ടി, പീർ മുഹമ്മദ്, എരഞ്ഞോളി മൂസ, അസീസ് തായിനേരി, വടകര കൃഷ്ണദാസ്, എം. കുഞ്ഞിമൂസ എന്നിവരുടെ ട്രൂപ്പുകളിലും പുതിയ തലമുറയിലെ കണ്ണൂർ ഷെരീഫ്, കൊല്ലം ഷാഫി, താജുദ്ദീൻ വടകര, കുന്ദമംഗലം സി.കെ. ആലിക്കുട്ടി എന്നിവരുടെ ട്രൂപ്പുകളിലും റംല ബീഗം ഉണ്ടായിരുന്നു.