കണ്ണൂർ: സർക്കസ് കലയെ നെഞ്ചോട് ചേർത്ത് ഉയരങ്ങൾ കീഴടക്കിയ എഴുത്തുകാരൻ ശ്രീധരൻ ചമ്പാട് (86) ഇനി ഓർമ്മകളിൽ മാത്രം. ശനിയാഴ്‌ച്ച വൈകിട്ട് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ നൂറ് കണക്കിനാളുകളുടെ സാന്നിധ്യത്തിൽ വടക്കെമലബാറിന്റെ പ്രീയപ്പെട്ടഎഴുത്തുകാരന്റെ മൃതദേഹം സംസ്‌കരിച്ചു.

സർക്കസ് കഥകളിലൂടെ പ്രശസ്തനായ സാഹിത്യകാരനും തമ്പ്, മേള എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥാ രചയിതാവുമായിരുന്നു അദ്ദേഹം. വെള്ളിയാഴ്‌ച്ച രാത്രി പത്തുമണിക്ക് പത്തായക്കുന്നിലെ ശ്രീവത്സത്തിലായിരുന്നു മരണം. 1938 ൽ കണ്ണൂർ ജില്ലയിലെ ചമ്പാട് ഗ്രാമത്തിൽ വൈദ്യ ക്കാരൻ കുഞ്ഞിക്കണ്ണൻ - തത്ത നാരായണി ദമ്പതികളുടെ മകനായാണ് ശ്രീധരൻ ജനിച്ചത്.

കുന്നുമ്മൽ ഹയർ എലിമെൻഡറി സ്‌കൂൾ ചമ്പാട്, ബോർഡ് ഹൈസ്‌കൂൾ കതിരൂർ സെന്റ് ജോസഫ്‌സ് കോളേജ് കോഴിക്കോട് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം കോളേജ് ഓഫ് എൻജിനിയറിങ് മദ്രാസിൽ നിന്നും എൻജിനിയറിങ് ഡിപ്‌ളോമ നേടി ഗ്രേറ്റ് റെയ്മൻ സർക്കസിൽ ഫ്‌ളെയിങ് ട്രിപ്പിസ് കലാകാരനായും ജെമിനി, ജംബോ സർക്കസുകളിൽ പബ്‌ളിസിറ്റി മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.

പടയണി ആഴ്ചപതിപ്പിന്റെ ചീഫ് എഡിറ്റർ, പടയണി സായാഹ്ന പത്രത്തിന്റെ ന്യൂസ് എഡിറ്റർ, ജഗന്നാഥ ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലുള്ള ശ്രീനാരായണ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് ജനറൽ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. അന്യോന്യം തേടി നടന്നവർ, കോമാളി റിങ്, അന്തരം, കൂടാരം (നോവലുകൾ) അരങ്ങേറ്റം നോവലൈറ്റ്) തച്ചോളി ഒതേനൻ, ആരോമൽ ചേകവർ ഉണ്ണിയാർച്ചയും ആരോമലും, കിന്റ് ബ്രാല സാഹിത്യങ്ങൾ) ഉത്തര പർവ്വം സർക്കസിന്റെ ലോകം (ലേഖന സമാഹാരങ്ങൾ) ശ്രീധരൻ ചമ്പാട് സർക്കസ് കഥകൾ, കീലേരി , തമ്പ് പറഞ്ഞ ജീവിതം (ആത്മകഥ) എന്നിവയാണ് പ്രധാന കൃതികൾ.

തമ്പ്, മേള എന്നീ ചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു. കുമ്മാട്ടി ആരവം, അപൂർവ്വ സഹോദരങ്ങൾ, ജോക്കർ, ഭൂമിമലയാളം തുടങ്ങിയ ചലച്ചിത്രങ്ങളുടെ നിർമ്മിതിയിൽ പങ്കാളിയായി. തമ്പിലും ഭുമി മലയാളത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭാര്യ : വത്സല 'മക്കൾ: റോഷ്‌നി റേഷൻ, രോഹിത്, രോഹിന ' കെ.പി.മോഹനൻ എംഎ‍ൽഎ ഉൾപെടെയുള്ള നൂറ് കണക്കിനാളുകൾ അന്ത്യാഞ്ജലിയർപ്പിച്ചു.