തിരുവനന്തപുരം: നർമകൈരളിയും, അഖണ്ഡ ചിരിയജ്ഞവും നടത്തി മലയാളികളുടെ ജീവിതത്തെ തണുപ്പിച്ച സുകുമാർ രാഷ്ട്രീയക്കാരിലും ചിരി വേണമെന്ന പക്ഷക്കാരനായിരുന്നു. ഒരുപക്ഷേ ഇ കെ നായനാരെ ഒക്കെ പോലെ, നർമം പറയുകയും, നർമം ആസ്വദിക്കുകയും ചെയ്യുന്ന സ്വഭാവക്കാരെ അദ്ദേഹം ഇഷ്ടപ്പെട്ടിരിക്കണം. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ വിളിച്ച തലസ്ഥാനത്ത സാംസ്കാരിക നായകരുടെ യോഗത്തിൽ കാർട്ടൂണിസ്റ്റ് സുകുമാർ മുഖ്യമന്ത്രിക്ക് മുമ്പാകെ ഒരുനിർദ്ദേശം മുന്നോട്ടുവച്ചു.

മുഖ്യമന്ത്രി ഒന്ന് പൊട്ടിച്ചിരിച്ചാൽ ഇവിടുത്തെ പ്രശ്‌നങ്ങൾ തീരും. താങ്കൾ വളരെ ഗൗരവക്കാരനാണെന്നാണ് പൊതുസമൂഹത്തിന്റെ ധാരണ. അതിനാൽ താങ്കൾ ചിരിക്കണം. തമാശ പറയാൻ കഴിഞ്ഞില്ലെങ്കിൽ അത് ആസ്വദിക്കുകയെങ്കിലും വേണം. നിങ്ങളെക്കാൾ നന്നായി ചിരിക്കാൻ കഴിയുന്ന ആളാണ് എന്നാൽ കേരളത്തിൽ ചിരിക്കാൻ കിട്ടുന്ന സാഹചര്യം അധികമില്ലെന്ന് മറുപടി. എന്നിട്ട് ഒരനുഭവം പറഞ്ഞു. പാലക്കാട് ഒരു യോഗത്തിന് പോയി. രണ്ട് മണിക്കുറിനകം തലസ്ഥാനത്ത് തിരിച്ചെത്തണം ഒരു യോഗമുണ്ട്. ഹെലികോപ്റ്റർ റെഡിയായി. ടേക്ക് ഓഫിന് തൊട്ട് മുൻപ് കനത്ത മഴ. 15 മിനിട്ട് കാത്ത് നിന്നിട്ടും മഴ കൂടുന്നു. ഒടുവിൽ യാത്ര റദ്ദായി. അങ്ങനെ കാൽ മണിക്കൂർ കൊണ്ട് ഞാൻ തിരുവനന്തപുരത്തെത്തിയെന്ന് പിണറായി ചിരിച്ച് കൊണ്ട് പറഞ്ഞു.

2022 ഓഗസ്റ്റിൽ, സുകുമാർ മൂന്നരവർഷത്തിന് ശേഷം കൊച്ചിയിൽ നിന്ന് വീണ്ടും തലസ്ഥാനത്ത് എത്തിയിരുന്നു. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മദിനാഘോഷമായിരുന്നു വേദി. ചിരിവേദികൾ ഒരുപാട് സംഘടിപ്പിച്ച അയ്യൻങ്കാളി ഹാളിലാണ് അന്ന് വീണ്ടും സുകുമാർ എത്തിയത്. നല്ല നടപ്പ് നല്ല സ്‌നേഹം നല്ല വാക്ക് തൊണ്ണൂറ്റിയൊന്നാം വയസിലെയും ചുറുചുറുക്കിന്റെ രഹസ്യം പറഞ്ഞ് സുകുമാർ. 12 വർഷത്തിന് ശേഷം സുകുമാർ വീണ്ടും പെൻസിൽ എടുത്ത് അന്നത്തെ ചീഫ് സെക്രട്ടറി വി പി ജോയിയുടെ കാർ്ട്ടൂണും വരച്ചിരുന്നു.

കൊച്ചിയിലേക്ക് താമസം മാറിയത് 88ാം വയസിൽ

കാർട്ടൂണിസ്റ്റ് സുകുമാർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് താമസം മാറ്റിയത് തന്റെ 88-ാം പിറന്നാളിന് രണ്ടുനാൾ ശേഷിക്കെയായിരുന്നു. 1932 ജൂലൈ ഒമ്പതിന് ആറ്റിങ്ങലിലാണ് എസ് സുകുമാരൻ പോറ്റിയെന്ന സുകുമാർ ജനിച്ചത്. ഓർമയിൽ തിരുവനന്തപുരത്തിന് പുറത്ത് പിറന്നാൾ ആഘോഷിച്ചത് ഒരു തവണ അമേരിക്കയിൽ. വാഷിങ്ടണിലെ മലയാളി അസോസിയേഷന്റെ അതിഥിയായി അവിടെയെത്തിയപ്പോൾ 75-ാം പിറന്നാളിന്റെ വിവരമറിഞ്ഞ് സംഘാടകർ ആഘോഷം സംഘടിപ്പിക്കുകയായിരുന്നു.

സുകുമാറിന്റെ അച്ഛനും മുത്തച്ഛനും ഹൗസിങ് ബോർഡ് ജംക്ഷനിലെ സുബ്രഹ്‌മണ്യക്ഷേത്രത്തിലെ പൂജാരിമാരായിരുന്നു. അദ്ദേഹവും കുറച്ചുകാലം പൂജ നടത്തി. ആർട്സ് കോളജിലെയും യൂണിവേഴ്സിറ്റി കോളജിലെയും പഠനശേഷം പൊലീസ് വകുപ്പിൽ ജോലി. 30 വർഷം പണിയെടുത്ത് അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. പിന്നീടാണു തലസ്ഥാനത്തു ചിരി പടർത്തിയ 'നർമ്മകൈരളി'യുടെ ആരംഭം. രാഷ്ട്രീയവും സിനിമയും സ്‌പോർട്‌സും തുടങ്ങി ആകാശത്തിനു കീഴിലും മുകളിലുമുള്ള എന്തും ഇവിടെ പൊട്ടിച്ചിരിയായി മാറി.

'അച്ഛൻ പത്തെൺപത്തെട്ടു വർഷം ജീവിച്ച നാടല്ലേ? അതു വിട്ടു പിരിയുമ്പോൾ ഉള്ളിൽ സങ്കടം കാണാതിരിക്കുമോ?' ഏകമകൾ സുമംഗല അന്ന് ചോദിച്ചത് ഇങ്ങനെ. പ്രമുഖ ഡബിങ് ആർട്ടിസ്റ്റായ സുമ വരാപ്പുഴയിലാണു സ്ഥിരതാമസം. തിരുവനന്തപുരം വിട്ട് തനിക്കൊപ്പം വരാൻ നിർബന്ധിച്ചപ്പോൾ അച്ഛൻ ഗത്യന്തരമില്ലാതെ സമ്മതിക്കുകയായിരുന്നു.' മരുംതംകുഴിയിലെ കാർട്ടൂണിസ്റ്റിന്റെ വീട് അടച്ചുപൂട്ടി സാധനങ്ങളെല്ലാം കൊച്ചിയിലേക്കു മാറ്റി.

2002 ൽ വിജെടി ഹാളിൽ തുടർച്ചയായി 12 മണിക്കൂർ തമാശ പൊട്ടിച്ച് സുകുമാർ ലോക റെക്കോർഡ് നേടി. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളെ മുഖം നോക്കാതെ വിമർശിക്കാൻ തുടങ്ങിയതോടെ അവരും മനസ്സുതുറന്നു ചിരിക്കാൻ നർമ്മകൈരളിയിലെത്തി. 40 ഹാസ്യഗ്രന്ഥങ്ങളുൾപ്പെടെ അറുപതോളം പുസ്തകങ്ങൾ ഈ നഗരത്തിലിരുന്നാണ് എഴുതിയത്. 'ഉള്ളുനിറയെ തിരുവനന്തപുരമാണ്. ഇടയ്ക്കു വരാം എല്ലാവരേയും കാണാം.' എന്നുപറഞ്ഞ് കൊച്ചിക്ക് പോയ അദ്ദേഹം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഒരിക്കൽ കൂടി വന്നുപോയി.

ആറ്റിങ്ങലിൽ ജനിച്ച്, തലസ്ഥാനത്തെ ഓരോ ചലനവും വരയിലും എഴുത്തിലും പ്രതിഫലിപ്പിച്ച മലയാളത്തിന്റെ പ്രിയ ഹാസസാഹിത്യകാരന് ഏതുനാടും ഒരുപോലെ. കാർട്ടൂൺ അക്കാദമിയുടെ ആദ്യകാലംമുതൽ സജീവമായി പ്രവർത്തിക്കുന്ന സുകുമാറിന് കൊച്ചി അന്യനഗരമല്ലായിരുന്നു.