- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടകകൃത്ത് ഹുസൈൻ കാരാടി അന്തരിച്ചു
താമരശ്ശേരി: റേഡിയോ നാടകരചനാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നാടകകൃത്തും എഴുത്തുകാരനുമായ ഹുസൈൻ കാരാടി (72) അന്തരിച്ചു. കരളിൽ അർബുദബാധിതനായിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് അന്തരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടേകാൽവരെ താമരശ്ശേരി വെഴുപ്പൂരിലെ പുതുക്കുടി വീട്ടിലും ഒമ്പതേകാൽ വരെ താമരശ്ശേരി ഗവ. യു.പി. സ്‌കൂളിലും പൊതുദർശനത്തിനുവെക്കും. തുടർന്ന് 9.30 ന് കെടവൂർ ജുമാമസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും.
ഇരുപതാംവയസ്സിൽ ആകാശവാണിയുടെ യുവശക്തി പരിപാടിയിൽ സംപ്രേഷണംചെയ്ത 'സ്പന്ദന'ത്തിലൂടെയാണ് നാടകരചനയ്ക്ക് തുടക്കമിടുന്നത്. സ്വതന്ത്രരചനകൾക്ക് പുറമേ പ്രശസ്തരായ എഴുത്തുകാരുടെ കൃതികൾക്ക് റേഡിയോ നാടകാവിഷ്‌കാരമൊരുക്കി. ഒട്ടേറെ സ്റ്റേജ് നാടകങ്ങളും രചിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിൽനിന്ന് ഹെഡ്ക്ലാർക്കായി വിരമിച്ച ശേഷവും നാടകരചനയിലും എഴുത്തിന്റെ വഴിയിലും വ്യാപൃതനായി.
'നക്ഷത്രങ്ങളുടെ പ്രണാമം', കാസിമിന്റെ ചെരിപ്പ്, കരിമുകിലിന്റെ സംഗീതം, അടയാളശില, മുസാഫിർ, വിദൂഷകനെ കാണാനില്ല, നാല് പട്ടിക്കുട്ടികൾ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ നോവലുകളും മുച്ചക്രവണ്ടി (അനുഭവക്കുറിപ്പ്), അതിനുമപ്പുറം (നാടകം), അലാവുദ്ദീനും അദ്ഭുതവിളക്കും, കാസിമിന്റെ ചെരിപ്പ്, ആലിബാബയും നാല്പത് കള്ളന്മാരും (ബാലസാഹിത്യം) എന്നീ കൃതികളും അൻപതിലധികം ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവയുഗ ആർട്സിന്റെ സ്ഥാപക സെക്രട്ടറിയും താമരശ്ശേരി പബ്ലിക് ലൈബ്രറി ഭരണസമിതിയംഗവുമായിരുന്നു.
കാരാടിയിലെ ആദ്യകാല ഹോട്ടലുടമയായിരുന്ന പരേതനായ ആലിയാണ് പിതാവ്. മാതാവ്: കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: ആമിന. മക്കൾ: മുനീർ അലി (തിരക്കഥാകൃത്ത്), ഹസീന. മരുമക്കൾ: സുമയ്യ (ഐ.സി.ഡി.എസ്. സൂപ്പർവൈസർ), എം. ഷിയാസ് (സോഫ്റ്റ് വേർ എൻജിനിയർ, ബെംഗളൂരു).
ടെലിവിഷൻ പ്രചുരപ്രചാരം നേടുന്നതിനുമുമ്പ് നഗര, ഗ്രാമഭേദമെന്യെ റേഡിയോ അരങ്ങുവാണിരുന്ന ദശകങ്ങളിൽ ശ്രോതാക്കളുടെ മനംകവർന്നിരുന്ന നാടകകൃത്തായിരുന്നു ഹുസൈൻ കാരടി. എം ടിയുടെ 'കാല'വും 'രണ്ടാമൂഴ'വും കോവിലന്റെ 'തട്ടക'വും യു.എ. ഖാദറിന്റെ 'ഖുറൈഷിക്കൂട്ട'വുമുൾപ്പെടെ ഒട്ടേറെ പ്രശസ്തകൃതികൾക്ക് ശ്രാവ്യഭാഷയൊരുക്കിയ സർഗപ്രതിഭ, ഇതിനെല്ലാംപുറമേ ഒട്ടേറെ ചെറുകഥകളും സ്റ്റേജ് നാടകങ്ങളും നോവലുകളും ബാലസാഹിത്യവുമെല്ലാം രചിച്ചു ഈ എഴുത്തുകാരൻ.