ഹൂസ്റ്റൺ: രോഗികൾക്ക് ആശ്വാസം പകരുന്ന പ്രിയ ഡോക്ടർ എന്നതിൽ ഉപരിയായി നിരവധി മേഖലകളിൽ തന്റേതായ വ്യക്തമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അമേരിക്കയിലെ ഹൂസ്റ്റണിൽ രണ്ട് ദിവസം മുമ്പ് വാഹനാപകടത്തിൽ മരിച്ച രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്കൽ. 52ാം വയസിലായിരുന്നു അപകട രൂപത്തിൽ മരണം അവരെ തേടിയെത്തിയത്. ഇവരുടെ അപ്രതീക്ഷിത വിയോഗം ഹൂസ്റ്റണിലെ മലയാളി സമൂഹത്തിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

ഫിസിഷ്യൻ എന്നതിന് പുറമെ നർത്തകി, മോഡൽ, വ്ലോഗർ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു ഡോ. മിനി. ഹൂസ്റ്റണണിലെ മലയാളി സാംസ്കാരിക രംഗത്തും അവർ സജീവമായിരുന്നു. സൗമ്യമായി പെരുമാറുന്ന പ്രസന്നവതിയായ ഡോക്ടറുടെ വിയോഗം ഹൂസ്റ്റണിലെ മലയാളി സമൂഹത്തെയും ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ മാഗസിനുകളിലും മോഡലായി അവർ എത്തിയിരുന്നു. വനിതയിലും ഫോർവേഡ് മാഗസിനിലും മിനി വെട്ടിക്കൽ മോഡലായി. ഹൂസ്റ്റണിലെ മലയാൡ കമ്മ്യൂണിറ്റിയുടെ ഓണം, ക്രിസ്തുമസ് ആഘോഷങ്ങളിലെല്ലാം അവർ ഭാഗമായിരുന്നു. ഇങ്ങനെ മലയാളി അസോസിയേഷന്റെ പരിപാടികളിൽ നർത്തകിയായും അവർ തിളങ്ങിയിരുന്നു. ഇങ്ങനെ എല്ലാവരാലും പ്രിയങ്കിയായ ഡോക്ടറുടെ വിയോഗം പ്രവാസി മലയാളികളെയും കണ്ണീരിലാഴ്‌ത്തുന്നു.

കോട്ടയത്തു നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്നു ഡോ. മിനി വെട്ടിക്കൽ. കുന്നത്ത് കെ വി പൗലോസിന്റെയും പരേതയായ ഏലിയാമ്മയുടെയും മകളാണ്. അമേരിക്കയിലായിരുന്നു മെഡിസിൻ പഠനം അടക്കം നടന്ന്. ഏറെക്കാലമായി കുടുംബത്തോടൊപ്പം ഹൂസ്റ്റണിലാണ് മിനി വെട്ടിക്കൽ കഴിയുന്നത്. മൂന്ന് പതിറ്റാണ്ടായി അവിടെ ജോലിയിൽ പ്രവേശിച്ചിട്ട്.

ടെക്‌സാസ് ഹെൽത്ത് സയൻസ് സെന്ററിൽ നിന്നായിരുന്നു മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. ഇപ്പോൾ ബേയർ കോളേജ് ഓഫ് മെഡിസിനിൽ ഇന്റേണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. ഡോക്ടർ ഓടിച്ച കാറും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തിലാണ് ജീവൻ നഷ്ടമായത്. ഡിസംബർ ഒമ്പതാം തീയ്യതി വൈകിട്ട് നാല് മണിയോടെ സ്‌കോട്ട് സ്ട്രീറ്റിലാണ് സംഭവം. സ്ഥലത്ത് വെച്ച് തന്നെ ഡോക്ടർ മരിച്ചു. ബൈക്കോടിച്ചിരുന്ന യുവാവിനും അപകടത്തിൽ ജീവൻ നഷ്ടമായി. 25 കാരനായ ബൈക്ക് യാത്രികൻ ആശുപത്രിയിലാണ് മരിച്ചത്. ബൈക്ക് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മൃതദേഹം ഞായർ 2 മുതൽ 5 വരെ ജസെക് ചാപ്പലിലും ബറിങ് ഡ്രൈവ് ജിയോ ലൂയിസ് ആൻഡ് സൺസ് ഗ്രാൻഡ് ഫൊയറിലുമായി പൊതുദർശനത്തിന് വയ്ക്കും. ഈരാറ്റുപേട്ട അരുവിത്തുറ വെട്ടിക്കൽ കുടുംബാംഗം സെലസ്റ്റിനാണ് ഭർത്താവ്. അമേരിക്കയിൽ ഐ ടി എൻജിനീയറായി ജോലി നോക്കുകയാണ് അദ്ദേഹം. പൂജ, ഇഷ, ദിയ, ഡിലൻ, ഏയ്ഡൻ എന്നിവരാണ് മക്കൾ. സംസ്‌കാരം തിങ്കളാഴ്ച ഒരു മണിക്ക് ഹൂസ്റ്റണിലെ സെയ്ന്റ് ആൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.