ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ സ്പിന്നറും മുൻ ക്യാപ്റ്റനായിരുന്ന ബിഷൻ സിങ് ബേദി (77) അന്തരിച്ചു. 1967 മുതൽ 1979 വരെ ഇന്ത്യൻ ടീമിനായി 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 266 വിക്കറ്റുകൾ വീഴ്‌ത്തിയ താരമാണ്. 10 ഏകദിനങ്ങളിൽ കളിച്ച ബേദി ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്.

ഏരപ്പള്ളി പ്രസന്ന, ബി.എസ് ചന്ദ്രശേഖർ, എസ്. വെങ്കിട്ടരാഘവൻ എന്നിവർക്കൊപ്പം ഇന്ത്യൻ സ്പിൻ ബൗളിങ്ങിൽ വിപ്ലവം തീർത്ത ഒരു തലമുറയുടെ ഭാഗമായിരുന്നയാളാണ് ബേദി. ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ജയത്തിൽ പങ്കാളിയായിരുന്നു. 1975 ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരായ മത്സരത്തിലായിരുന്നു അത്.

1946 സെപ്റ്റംബറിൽ 25 ന് അമൃത്സറിൽ ജനിച്ച ബേദി ഇടംകൈയൻ ഓർത്തഡോക്സ് സ്പിന്നറാിരുന്നു. 1971 ൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയത്തിൽ അജിത് വഡേക്കറുടെ അഭാവത്തിൽ ടീമിനെ നയിച്ചതും അദ്ദേഹമായിരുന്നു. കൈക്കുഴയുടെ അപാരമായ വഴക്കവും വായുവിലെ ഫ്ളൈറ്റുമായിരുന്നു ബേദിയെ ബാറ്റർമാരുടെ പേടിസ്വപ്നമാക്കിയിരുന്നത്. കൃത്യമായ ലൈനിലും ലെങ്തിലും വരുന്ന ബേദിയുടെ പന്തുകളിൽ റൺ നേടുന്നതിനേക്കാൾ കഠിനമായിരുന്നു വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചുനിൽക്കുകയെന്നത്.

15-ാം വയസിൽ നോർത്തേൺ പഞ്ചാബിനായി കളിച്ചുകൊണ്ടായിരുന്നു ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള വരവ്. വെറും 13-ാം വയസിൽ മാത്രം ക്രിക്കറ്റിന് ശ്രദ്ധ നൽകിയ ഒരു താരം രണ്ടു വർഷത്തിനപ്പുറം ആഭ്യന്തര ക്രിക്കറ്റിലേക്ക് ആദ്യ ചുവടുവെയ്ക്കുക എന്നതിനെ അദ്ഭുതം എന്നല്ലാതെ എന്ത് വിളിക്കും. എന്നാൽ അത് പിൽക്കാലത്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പകരംവെയ്ക്കാനാകാത്ത റെക്കോഡുകളുടെ ഉടമയിലേക്കുള്ള വളർച്ചയുടെ തുടക്കം മാത്രമായിരുന്നു. 370 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 1,560 വിക്കറ്റുകളെന്ന ബേദിയുടെ നേട്ടം ഇന്നും റെക്കോഡ് ബുക്കിൽ മായാതെയുണ്ട്. 90,315 പന്തുകളാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മാത്രം അദ്ദേഹം ബൗൾ ചെയ്തത്.

1968-69 സീസണിൽ ഡൽഹി രഞ്ജി ടീമിലേക്ക് മാറിയ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ 1974-75 ആയിരുന്നു. 64 വിക്കറ്റുകളാണ് ആ ഒരൊറ്റ സീസണിൽ ബേദിയുടെ പോക്കറ്റിലെത്തിയത്. ഈ പ്രകടനം അദ്ദേഹത്തെ ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബ് നോർത്താംടൺഷെയറിലെത്തിച്ചു.

1985-ൽ കപിൽ ദേവ് മറികടക്കുന്നതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തിയ ഇന്ത്യൻ താരമെന്ന റെക്കോഡ് ബേദിയുടെ പേരിലായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 വിക്കറ്റുകളെന്ന നേട്ടത്തിൽ ആദ്യമെത്തിയ ഇന്ത്യൻ താരവും ബേദി തന്നെ. 1976-ൽ മൻസൂർ അലി ഖാൻ പട്ടൗഡിക്ക് പകരം ബേദി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തുകയും ചെയ്തു. 22 മത്സരങ്ങളിൽ അദ്ദേഹം ടീമിനെ നയിച്ചു.

കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ബേദിയുടെ ശൈലി പലപ്പോഴും ക്രിക്കറ്റിൽ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. പലപ്പോഴും കളിക്കളത്തിലെ അദ്ദേഹത്തിന്റെ രീതികളും ഇത്തരത്തിലായിരുന്നു. 1976-ലെ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റായിരുന്നു ഇതിലൊന്ന്. ഇന്ത്യൻ താരങ്ങളെ പുറത്താക്കാൻ സാധിക്കാതിരുന്ന വിൻഡീസ് പേസർമാർ തുടർച്ചയായി ബീമറുകൾ എറിയാൻ തുടങ്ങി. രണ്ട് ഇന്ത്യൻ താരങ്ങൾക്ക് പരിക്കേറ്റതിനു പിന്നാലെ ബേദി മറ്റൊന്നും നോക്കാതെ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത് എല്ലാവരേയും ഞെട്ടിച്ചു.

പിന്നാലെ 1978-ൽ പാക്കിസ്ഥാനെതിരേ നടന്ന ഒരു ഏകദിനത്തിലും നിലപാട് കൊണ്ട് ബേദി വ്യത്യസ്തനായി. മത്സരം ജയിക്കാൻ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റുകൾ ശേഷിക്കേ 14 പന്തിൽനിന്നു 23 റൺസ് വേണമെന്ന ഘട്ടം. ഇതിനിടെ പാക് താരം സർഫറാസ് നവാസ് ഇന്ത്യൻ താരങ്ങൾക്ക് നേർക്ക് നാല് ബൗൺസറുകളെറിഞ്ഞു.