ലണ്ടൻ: യുകെയിൽ മലയാളി ദമ്പതികളുടെ കുഞ്ഞിന് ദാരുണ മരണം. ഷെഫീൽഡിൽ ജോലി തേടിയെത്തിയ മലയാളി കുടുംബത്തെ തോൽപ്പിക്കാൻ വിധിയുടെ ക്രൂരതയെത്തി. കേരളത്തിൽ വച്ച് തന്നെ രോഗബാധ ഉണ്ടായിരുന്ന ഒൻപതു മാസം പ്രായമുള്ള കുഞ്ഞു ഇസ മരിയയാണ് ഹൃദ്രോഗത്തെ തുടർന്ന് നീണ്ട കാലത്തെ ചികിത്സകൾക്ക് ശേഷം വിധിക്ക് കീഴടങ്ങിയിരിക്കുന്നത്.

ഷെഫീൽഡ് റോയൽ ഹോസ്പിറ്റലിൽ ജോലി തേടിയെത്തിയ 'അമ്മ ഡ്യൂട്ടിയിൽ പ്രവേശിക്കും മുൻപേ അരുമ മകൾ ആശുപത്രിയിലായി . തുടർന്ന് കുഞ്ഞിന്റെ പരിചരണത്തിനായി ഹോസ്പിറ്റൽ അധികൃതർ ജോലിയിൽ പ്രവേശിക്കാനുള്ള ദിവസം നീട്ടി നൽകുക ആയിരുന്നു . ഇതിനിടയിൽ കുഞ്ഞിന്റെ രോഗാവസ്ഥ വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ലീഡ്‌സ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു .

ലീഡ്സിൽ ഒരു മാസത്തെ ചികിത്സയിലിരിക്കെയാണ് ഇസ വൈദ്യ ശാസ്ത്രത്തിന്റെ പരിമിതികൾ മറികടക്കാൻ കഴിയാതെ മരണത്തിനു ഒപ്പം യാത്ര ആയിരിക്കുന്നത് . വിവരമറിഞ്ഞു കുടുംബ സുഹൃത്തുക്കളും മറ്റും ഉച്ചയോടെ ആശുപത്രിയിൽ എത്തിയിരുന്നു.

മൃതദേഹം അനന്തര നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റിയിക്കുകയാണ് . കോട്ടയം സ്വദേശിയായ ജോസ്മോന്റെയും ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ ജില്ലറ്റിന്റെയും മകളാണ് ഇസ മരിയ.