- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിങ്ങാലക്കുടയിലെ 'പാർപ്പിട'ത്തിൽ കണ്ണടച്ച് കിടക്കുമ്പോൾ മുഖത്ത് ഒരു ചെറുചിരിമാത്രം ബാക്കി; ഇന്നസെന്റിന്റെ വേഷം പതിവ് സ്വർണക്കളർ ജുബ്ബ; കാണാനെത്തിയവരെല്ലാം വിതുമ്പി; ആ ചിരി ഇന്ന് പൂർണ്ണമായും മായും; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ
ഇരിങ്ങാലക്കുട: സിനിമയിൽ മാത്രമല്ല പ്രസംഗിക്കാനെത്തിയപ്പോഴും വോട്ടു ചോദിക്കാനെത്തിയപ്പോഴും കല്യാണത്തിനും കാതുകുത്തിനും വന്നപ്പോഴുമെല്ലാം നാട്ടുകാരെ ചിരിപ്പിച്ച ഇന്നസെന്റ്. തിരക്കുമൂലം, പറഞ്ഞതിലും ഒരു മണിക്കൂർ വൈകിയാണു ഭൗതികശരീരം ഇന്നസന്റിന്റെ വീട്ടിലെത്തിച്ചത്.
ഇരിങ്ങാലക്കുടയിലെ 'പാർപ്പിട'ത്തിൽ കണ്ണടച്ച് കിടക്കുമ്പോൾ മുഖത്ത് ഒരു ചെറുചിരിമാത്രം ബാക്കി. വേഷം പതിവ് സ്വർണക്കളർ ജുബ്ബ. ചൊവ്വാഴ്ച രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കാരം. ഞായറാഴ്ച രാത്രി പത്തരയോടെ മരണത്തിന് കീഴടങ്ങിയ ഇന്നസെന്റിനെ അവസാനമായി കാണാൻ സിനിമാലോകത്തേയും കലാസാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെയും പ്രമുഖരടക്കം പതിനായിരങ്ങളാണ് എത്തിയത്.
സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആർ.ബിന്ദു മുഴുവൻസമയവും അവസാനയാത്രയിൽ ഇന്നസന്റിന്റെ കൂടെനിന്നു. വർഷങ്ങളായി കുടുംബസുഹൃത്തും അഭിനേതാവും മുനിസിപ്പൽ ചെയർപഴ്‌സണുമായ സോണിയ ഗിരി തന്റെ ഗുരുകൂടിയായ ഇന്നസന്റിനെ യാത്രയാക്കാൻ മുഴുവൻ സമയവും കൂടെയുണ്ടായിരുന്നു. ഭാര്യ ആലീസും മകൻ സോണറ്റും കുടുംബവും ടൗൺ ഹാളിലെത്തിയതു കൂട്ടക്കരച്ചിലോടെയാണ്.
ഇരിങ്ങാലക്കുട ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈ ഉയർത്തി വിപ്ലവാഭിവാദ്യത്തോടെയാണു സഖാവിനു വിട ചൊല്ലിയത്. മന്ത്രി കെ.രാധാകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് തുടങ്ങിയവരായിരുന്നു ടൗൺഹാളിലെ ഒരുക്കങ്ങൾക്കു നേതൃത്വം നൽകിയത്. പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബാംഗമായ ഇന്നസന്റ് പാർട്ടിയുടെ മുൻനിരയിലേക്കു വന്നത് അടുത്തകാലത്താണെങ്കിലും അദ്ദേഹം എല്ലാവർക്കും പെട്ടെന്നാണു നേതാവും സഖാവുമായത്.
പാവപ്പെട്ടവർക്കു ഡയാലിസിസും കാൻസർ പരിശോധനയുമായിരുന്നു പാർലമെന്റ് അംഗം എന്ന നിലയിൽ ഇന്നസന്റിന്റെ ഏറ്റവും വലിയ ലക്ഷ്യം. അതിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നവരാണ് ഇന്നസെന്റിനെ കാണാൻ ടൗൺ ഹാളിലേക്ക് ഒഴുകിയെത്തിയത്. ആറു മണിയോടെ കൂടൽമാണിക്യ ക്ഷേത്രത്തിനു മുന്നിലുള്ള റോഡിലൂടെ ഇന്നസന്റ് വീട്ടിലേക്കു മടങ്ങി. ഇന്ന് അന്ത്യായാത്ര.
ലേക്ഷോർ ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 7.55ന് മൃതദേഹം പൊതുദർശനത്തിന് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെത്തിച്ചു. വലിയ ജനസഞ്ചയം ഇവിടേക്കെത്തി. പതിനൊന്നരയോടെ ഇരിങ്ങാലക്കുടയിലേക്ക് വിലാപയാത്ര പുറപ്പെട്ടു. ആലുവയിലും അങ്കമാലിയിലും ചാലക്കുടിയിലുമെല്ലാം ആളുകൾ തടിച്ചുകൂടി.
രണ്ടരയോടെ ഇരിങ്ങാലക്കുട ടൗൺഹാളിൽ. പിന്നീട് മൃതദേഹം ഇരിങ്ങാലക്കുട തെക്കേഅങ്ങാടിയിലെ വീട്ടിലെത്തിച്ചു. ഭാര്യ ആലീസ്, മകൻ സോണറ്റ്, മരുമകൾ രശ്മി, പേരക്കുട്ടികളായ അന്ന, ജൂനിയർ ഇന്നസെന്റ് എന്നിവർ നിറകണ്ണുകളോടെ പ്രിയപ്പെട്ടവനെ കെട്ടിപ്പുണർന്നു. അവിടെ അവസാന കാഴ്ചയിൽ പലരും നിറകണ്ണുകൾ മറയ്ക്കാനാവാതെ നിന്നു.
സംവിധായകൻ പ്രിയദർശൻ കണ്ണീരിനിടയിലൂടെയാണ് ഇന്നസെന്റിനെ കണ്ടത്. സത്യൻ അന്തിക്കാടും വിതുമ്പിപ്പോയി. മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുട ടൗൺഹാളിലും നടൻ മമ്മൂട്ടി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും മോഹൻലാൽ ഇരിങ്ങാലക്കുടയിലെ വീട്ടിലും എത്തി ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ