- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിക്കാൻ വളരെ മോശക്കാരനും വല്ലാത്ത ഉഴപ്പനും ആയിരിക്കുമെന്ന് അപ്പന് പെട്ടെന്നൊരു ദൈവവിളിയുണ്ടായി; അത് കേട്ടപ്പോൾ അപ്പന് വല്ലാത്ത വിഷമവുമായി; മകൻ നല്ലവനും നിഷ്‌കളങ്കനുമാണെന്നു നാട്ടുകാർക്കു തോന്നാൻ വേണ്ടി അപ്പനിട്ട പേരാണ് ഇന്നസന്റ്! ആനയോട് സംസാരിക്കാൻ ഹിന്ദി പഠിച്ച ആനപ്രേമിയായ അയ്യപ്പൻ നായർ 'ഗജകേസരി യോഗമായി'; ഇന്നസെന്റ് യുഗം മായുമ്പോൾ
കൊച്ചി: 1989 ൽ പി. ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഗജകേസരിയോഗത്തിലെ ആനപ്പാപ്പാന്റെ വേഷം ചെയ്തതോടെയാണ് ഇന്നസന്റിന്റെ തലവര മാറിയത്. ഹിന്ദിമാത്രം അറിയാവുന്ന ആനയോടു ഹിന്ദി പറയാൻ വല്ലാതെ ബുദ്ധിമുട്ടുന്ന ആനക്കാരന്റെ നിസ്സഹായതയും വിഷമവുമൊക്കെ ഇന്നസന്റിന്റെ സ്വാഭാവികമായ അഭിനയശൈലിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നെ ഇന്നസന്റിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വ്യത്യസ്തമായ ഒരു ഹാസ്യധാര സൃഷ്ടിച്ച, നമ്മുടെയെല്ലാം ചിരിപ്രസാദമായ സാക്ഷാൽ ഇന്നസന്റ് മാറുകയായിരുന്നു.
''അത് നിനക്കറിയില്ലേ, ഇന്നസന്റ് ജനിച്ച സമയത്ത് അവന്റെ അപ്പനിട്ട പേരാണത്. അവൻ പഠിക്കാൻ വളരെ മോശക്കാരനും വല്ലാത്ത ഉഴപ്പനും ആയിരിക്കുമെന്ന് അവന്റെ അപ്പന് പെട്ടെന്നൊരു ദൈവവിളിയുണ്ടായി. അത് കേട്ടപ്പോൾ അപ്പന് വല്ലാത്ത വിഷമവുമായി. അപ്പോൾ തന്റെ മകൻ നല്ലവനും നിഷ്‌കളങ്കനുമാണെന്നു നാട്ടുകാർക്കു തോന്നാൻ വേണ്ടി അപ്പനിട്ട പേരാണ് ഈ ഇന്നസന്റ്.''.. കലൂർ ഡെന്നീസാണ് പേരിന് പിന്നിലെ കഥ പറയുന്നത്. ഇന്നസെന്റിന് ആ പേരു വരാനുള്ള കാരണം. ജോൺപോളാണ് ഇന്നസെന്റിന് ആ പേര് കിട്ടിയതെങ്ങനെ എന്ന് കലൂർ ഡെന്നീസിനോട് പറഞ്ഞത്. ജോണിന്റെ അതിഭാവന കേട്ട് ഞാൻ ചിരിച്ചു. 1980 കാലത്ത് ജോൺ പോൾ പറഞ്ഞാണ് ഇന്നസന്റ് എന്ന പേര് ഞാൻ ആദ്യമായി കേൾക്കുന്നത്. അന്ന് ഇന്നസന്റ് ചെറിയ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയ സമയമാണ്. അന്നുമുതലേ ഈ നവ നാമധേയനെ നേരിട്ടു കാണണമെന്ന് എനിക്കു തോന്നി-ഇങ്ങനെയാണ് ഇന്നസെന്റിന്റെ ആദ്യാനുഭവം കലൂർ ഡെന്നീസ് പറയുന്നത്.
കലൂർ ഡെന്നീസ് സിനിമകളാണ് ഇന്നസെന്റിനെ പിന്നീട് മലയാള സിനിമയുടെ ഭാഗാക്കി മാറ്റിയത്. ഇന്നസന്റിന്റെ തമാശകൾ കേൾക്കാൻ വേണ്ടി എന്റെ പല സിനിമകളിലും അവന് ഞാൻ ചില കഥാപാത്രങ്ങൾ എഴുതിച്ചേർക്കാൻ തുടങ്ങി. മിക്കതിലും ഡ്രൈവറും ചെറുവാല്യക്കാരനുമൊക്കെയായ ചെറിയ ചെറിയ വേഷങ്ങളായിരുന്നു. ഞാൻ ജോഷിക്കുവേണ്ടി എഴുതിയ ജൂബിലിയുടെ ആ രാത്രിയും, സന്ദർഭവും വൻഹിറ്റായപ്പോൾ എനിക്കു ചുറ്റും നിർമ്മാതാക്കൾ വട്ടമിട്ടു നടക്കുന്നതറിഞ്ഞ് ഇന്നസന്റ് ഇടക്ക് മദ്രാസിൽ നിന്ന് എന്നെ വിളിക്കും. ''എടാ ഡെന്നിസേ ഞാനിവിടെ ഉണ്ടെട്ടോ.'' ചാൻസിനു വേണ്ടിയുള്ള ഇന്നസന്റിന്റെ തൃശൂർ ഭാഷയിലുള്ള ഓർമപ്പെടുത്തൽ ആയിരുന്നു അത്-കലൂർ ഡെന്നീസ് പറയുന്നു.
എറണാകുളത്തു കൂട്ടിനിളംകിളിയിൽ അഭിനയിക്കാൻ വന്നപ്പോഴാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് വീണ്ടും തുടർച്ചയുണ്ടാകുന്നത്. പിന്നീട് ഞാനെഴുതിയ ഒരു നോക്കു കാണാൻ, ഇനിയും കഥ തുടരും, എന്റെ എന്റേതുമാത്രം, കഥ ഇതുവരെ, ഈ കൈകളിൽ എന്നീ സിനിമകളിലെല്ലാം ഇന്നസന്റിന്റെ സാന്നിധ്യമുണ്ടായി. ഇതോടെ ഇന്നസന്റിനെ തേടി കൂടുതൽ അവസരങ്ങൾ എത്താൻ തുടങ്ങി. ഗജകേസരി യോഗത്തിലെ ഇന്നസന്റിന്റെ അഭിനയം കണ്ടിട്ടാണ് സിദ്ദീഖ് ലാലിന്റെ ആദ്യ ചിത്രമായ റാംജിറാവുവിലേക്ക് വിളിക്കുന്നത്. റാംജിറാവു വന്നതോടെ ഒരു ഇന്നസന്റ് തരംഗം തന്നെയാണ് ഉണ്ടായി. മിമിക്‌സ് പരേഡിലെ ഫാദർ തറക്കണ്ടവും, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസിലെ മത്തായിച്ചനും സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണിയിലെ ഭൂതവും കൂടി വന്നതോടെ മലയാള സിനിമയിൽ ഒരു ഇന്നസന്റ് യുഗം പിറന്നു. കലൂർ ഡെന്നീസിൽ നിന്ന് മലയാള സിനിമ ഇന്നസെന്റിനെ ഏറ്റെടുത്തു.
തുടർന്ന് രഞ്ജിത്തിന്റെ ദേവാസുരം, സിദ്ദീഖ് ലാലിന്റെ ഹിറ്റ്ലർ, കാബൂളിവാല, സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, പ്രിയദർശന്റെ കിലുക്കം, കാക്കക്കുയിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഇന്നസന്റിനു മാത്രം അഭിനയിച്ച് വിജയിപ്പിക്കാൻ കഴിയുന്ന കഥാപാത്രങ്ങളായിരുന്നു. ഗായകനല്ലെങ്കിലും ഇന്നസന്റ് ഏതാനും ചിത്രങ്ങളിൽ പാട്ടുപാടിയിട്ടുണ്ട്. 1990ൽ ജോൺസന്റെ ഈണത്തിൽ 'ഗജകേസരിയോഗം' എന്ന ചിത്രത്തിൽ 'ആനച്ചന്തം ഗണപതി മേളച്ചന്തം' എന്ന ഗാനവും 'സാന്ദ്രം' എന്ന ചിത്രത്തിൽ 'കണ്ടല്ലോ പൊൻകുരിശുള്ളൊരു' എന്ന ഗാനവും പാടി.
2000ൽ വിദ്യാസാഗറിന്റെ ഈണത്തിൽ 'മിസ്റ്റർ ബട്ലർ എന്ന സിനിമയ്ക്കുവേണ്ടി 'കുണുക്കു പെൺമണിയെ' എന്ന ഗാനവും 2012ൽ 'ഡോക്ടർ ഇന്നസന്റാണ്' എന്ന ചിത്രത്തിൽ സന്തോഷ് വർമയുടെ സംഗീതസംവിധാനത്തിൽ 'സുന്ദര കേരളം നമ്മൾക്ക്', 2021ൽ 'സുനാമി' എന്ന ചിത്രത്തിൽ 'സമാഗരിസ' എന്നീ ഗാനങ്ങളും പാടി. പാവം ഐഎ ഐവാച്ചൻ, കീർത്തനം എന്നീ ചിത്രങ്ങളുടെ കഥയെഴുതിയത് ഇന്നസന്റാണ്. ഡോക്ടർ പശുപതി, ഇഞ്ചക്കാടൻ മത്തായി, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി എന്നീ ചിത്രങ്ങൾ ഇന്നസന്റ് ടൈറ്റിൽ റോളിൽ അഭിനയിച്ചതാണ്. അങ്ങനെ 700 ഓളം ചിത്രങ്ങളിൽ ഇന്നസെന്റ് തന്റെ കൈയൊപ്പ് ചാർത്തി. ഇപ്പോൾ വിടവാങ്ങൽ. മലയാളത്തിന് നഷ്ടമാകുന്നത് കാരണവരെയാണ്.
എ ബി രാജ് സംവിധാനം ചെയ്ത് 1972 ൽ പുറത്തിറങ്ങിയ 'നൃത്തശാല' എന്ന സിനിമയിലൂടെയായിരുന്നു ഇന്നസെന്റിന്റെ തുടക്കം. മോഹൻ സംവിധാനം ചെയ്ത ഇളക്കങ്ങൾ എന്ന ചിത്രത്തിലെ കറവക്കാരൻ ദേവസ്സിക്കുട്ടി എന്ന കഥാപാത്രമാണ് ഇന്നസെന്റിന്റെ ആദ്യത്തെ ശ്രദ്ധേയമായ വേഷം. തന്റെ നാട്ടിലെ തന്നെ ദേവസ്സിക്കുട്ടി എന്നൊരാളെ തന്നെയായിരുന്നു ഇന്നസെന്റ് സ്‌ക്രീനിലേക്ക് കൊണ്ടുവന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ അവിടുത്തെപോലെ ഇവിടെയും എന്ന സിനിമയിലെ കച്ചവടക്കാരന്റെ വേഷത്തിന് ശേഷമാണ് സിനിമയിൽ പിടിച്ചു നിൽക്കാൻ കഴിയുമെന്ന് ഇന്നസെന്റിന് ഉറപ്പായത്.
ഭാരതയാത്ര നയിച്ച് കേരളത്തിലെത്തിയതാണ് സന്ദേശത്തിലെ ഐഎൻഎസ് പി ദേശീയ നേതാവ് യശ്വന്ത് സഹായി. നാരിയൽ കാ പാനി എന്നാവശ്യപ്പെടുമ്പോൾ അതെന്താണെന്ന് മനസ്സിലാവാതെ നട്ടം തിരിയുന്ന പാർട്ടി പ്രവർത്തകരെ നോക്കി സമ്പൂർണ്ണ സാച്ചരത എന്ന പുശ്ചിക്കുമ്പോൾ കേരളം പൊട്ടിച്ചിരിച്ചു. മനസ്സിനക്കരയിലെ ചാക്കോ മാപ്പിള നന്നായി മദ്യപിക്കും. മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് മകൻ റെജിയോട് വഴക്ക് കേൾക്കുമ്പോഴും അവർക്കിടയിൽ അസാധാരണമായ ഹൃദയബന്ധം നിറഞ്ഞു നിന്നു.
' ആനയോട് സംസാരിക്കാൻ ഹിന്ദി പഠിച്ചയാളാണ് ഗജകേസരിയോഗത്തിലെ ആനപ്രേമിയായ അയ്യപ്പൻ നായർ. ദാസനും വിജയനും മദ്രാസിൽ അഭയം നൽകി പുലിവാൽ പിടിക്കുകയാണ് നാടോടിക്കാറ്റിലെ പാവം ബാലേട്ടൻ. കൃഷ്ണമൂർത്തിക്കൊപ്പം കേളനിയിലെത്തുന്ന കെ കെ ജോസഫ് സൃഷ്ടിക്കുന്ന പൊട്ടിച്ചിരികളാണ് വിയറ്റ്‌നാം കോളനി എന്ന സിനിമയെ രസകരമാക്കുന്നത്. പല കാരണങ്ങൾ പറഞ്ഞ് ഒപ്പിടാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥനോട് 'ഒപ്പിടെടാ പട്ടീ.. ' എന്നു പറയുന്ന മിഥുനത്തിലെ കെ ടി കുറുപ്പിന്റെ ഗൗരവഭാവത്തിലുള്ള നർമ്മം ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. മിമിക്‌സ് പരേഡിലെ ഫാ. തറക്കണ്ടത്തിന്റെ തലവെട്ടിച്ചുള്ള പ്രത്യേക ചലനങ്ങൾ പോലും തിയേറ്ററിൽ നിറച്ചത് പൊട്ടിച്ചിരിയുടെ അലകളായിരുന്നു.
തിരക്കഥാകൃത്തായും നിർമ്മാതാവായും ഗായകനായുമെല്ലാം ഇന്നസെന്റ് പ്രേക്ഷകർക്ക് മുമ്പിലെത്തി. പാവം ഐ എ ഐവാച്ചൻ, കീർത്തനം എന്നീ സിനിമകൾക്ക് തിരക്കഥയെഴുതിയ ഇന്നസെന്റ് 'വിട പറയും മുൻപേ', 'ഇളക്കങ്ങൾ', 'ഓർമ്മയ്ക്കായ്', 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്', 'ഒരു കഥ ഒരു നുണക്കഥ' എന്നീ സിനിമകളും നിർമ്മിച്ചു. ഡോളി സജാ കെ രഖ്‌ന, മാലാമാൽ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) തുടങ്ങിയ ചിത്രങ്ങളിലൂടെ ഇതര ഭാഷകളിലും സാന്നിധ്യം അറിയിച്ചു. അമ്പത് വർഷങ്ങളിലധികം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ഇന്നസെന്റ് വേഷങ്ങൾ അഴിച്ചുവെച്ച് യാത്രയാവുകയാണ്. ആ തമാശകൾ പക്ഷെ പ്രേക്ഷകരെ ഇനിയും ചിരിപ്പിച്ചുകൊണ്ടിരിക്കും.