കൊച്ചി: ബുദ്ധിമുട്ടുകളെ നർമ്മത്തിൽ ചാലിച്ച് പറയുന്നതായിരുന്നു ഇന്നസെന്റിന്റെ ശൈലി. ആ മുഖം നോക്കിയാൽ വേദന അറിയാം... വാക്കുകളിൽ ശ്രദ്ധിച്ചാൽ അതിലുണ്ടാകും നടന്റെ മനസ്സ്. അസുഖത്തേയും മറ്റും ചിരിച്ചു തള്ളുമ്പോഴും വാക്കുകളിലെ താമശകളിൽ വേദന നിറഞ്ഞു. ആ വേദന ചുറ്റമുള്ളവർക്ക് മനസ്സിലാകുകയും ചെയ്തു. അതായിരുന്നു ഇന്നസെന്റ്. മൂന്ന് തവണ കോവിഡ് വന്നു. രണ്ടു തവണ കാൻസറും. നിരന്തരം മരുന്ന് കഴിച്ചതോടെ രോഗ പ്രതിരോധം താറുമാറായി. അങ്ങനെ മാർച്ച മാസത്തിലെ ന്യുമോണിയയെ അതിജീവിക്കാനുള്ള കരുത്ത് ശരീരത്തിന് ഇല്ലാതെയായി. തിരിച്ചു വരവിന്റെ പുതിയ തമാശയ്ക്കായി കാത്തു നിന്നവർ നിരാശരായി. അങ്ങനെ ഇന്നസന്റ് മടങ്ങുന്നു.

കോവിഡ് കാലത്തു അണുബാധയേറ്റ് ഐസിയുവിലേക്കു കൊണ്ടുപോകുമ്പോഴും ഇന്നസന്റ് വിളിച്ചു: 'കാൻസറും കോവിഡും തമ്മിലുള്ള മത്സരമാണ്. ഇതുവരെ ആരും ജയിച്ചിട്ടില്ല. ബാക്കി കളി ഐസിയുവിലാണ്. ഞാൻ റഫറി നിൽക്കാൻ പോകുകയാണ്. തിരിച്ചു വന്നാൽ കാണാം.' രോഗത്തോടും ഇതേ മനോഭാവത്തോടെ പെരുമാറി. എംപിയായി തിരഞ്ഞെടുക്കപ്പെട്ട് ഒരുമാസം കഴിഞ്ഞ് കോടിയേരി ബാലകൃഷ്ണനെ കാണാനെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: 'വീട്ടിൽ ചെറിയൊരു പ്രശ്‌നമുണ്ട്. സഹായിക്കണം.' എന്താ പ്രശ്‌നമെന്നു കോടിയേരി ചോദിച്ചു.-പിന്നെ കോടിയേരിയുടെ മനസ്സിനെ ഉലയ്ക്കാതെ ആ വേദന ഇന്നസെന്റ് പറഞ്ഞു.

'എല്ലാ ദിവസവും രാവിലെ എൽസി വിളിക്കും. എട്ടും പത്തും എൽസികൾ. അതു പതിവായതോടെ ഭാര്യ ആലീസിനു പേടിയാണ്. നമ്മുടെ പാർട്ടിയിൽ വന്നതോടെ എനിക്കു പുതിയ ബന്ധം തുടങ്ങിയോ എന്നാണു അവളുടെ പേടി'. കോടിയേരി എഴുന്നേറ്റു കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു: 'ഇനി എൽസി വിളിക്കില്ല. ഡിസിയിൽനിന്നു വിളി വന്നാൽ പോയാൽ മതി'. സിപിഎം ലോക്കൽ കമ്മിറ്റിക്കാണു പാർട്ടി ഭാഷയിൽ എൽസി എന്നു പറയുന്നത്. തുടർച്ചയായി പരിപാടിക്കു വിളി വരാൻ തുടങ്ങിയതോടെ ഇന്നസന്റിനു അതൊരു രോഗകാല പ്രശ്‌നമായി.

രോഗത്തിന്റെ അസ്വസ്ഥത കൂടെയുണ്ടായിരുന്നു. യാത്രകൾ പ്രശ്‌നമാകുമെന്നു ഡോക്ടർമാർ മുന്നറിയിപ്പും നൽകിയിരുന്നു. അതോടെ ഇന്നസന്റിനെ നേരിട്ടു പരിപാടിക്കു വിളിക്കരുതെന്നു കമ്മിറ്റികൾക്കു നിർദ്ദേശം പോയി. ജില്ലാ കമ്മിറ്റിയിൽ (ഡിസി) നിന്നായി അദ്ദേഹത്തിന്റെ പരിപാടികൾ തീരുമാനിക്കുന്നത്. അങ്ങനെ ജില്ലാ കമ്മറ്റി അംഗമല്ലായിരുന്ന ഇന്നസെന്റിനെ എൽസിക്ക് കിട്ടാതെയായി എന്നതാണ് വസ്തുത. ഇന്നസെന്റ് തമാശകളിലൂടെ എന്നും പറഞ്ഞത് തന്റെ മനസ്സായിരുന്നു. അത് കോടിയേരിക്ക് പിടികിട്ടുകയും ചെയ്തു. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ആ പ്രശ്‌നം തീർത്തു.

മലയാള സിനിമയിലെ നിഷ്‌കളങ്കമായ ചിരിയുടെ പര്യായമായിരുന്നു. 75-ാം വയസ്സിലാണ് മടക്കം. ശ്വാസകോശ പ്രവർത്തനത്തെ സഹായിക്കുന്ന ഇസിഎംഒ (എക്സ്ട്രാകോപ്പോറിയൽ മെംബ്രേയ്ൻ ഓക്സിജനേഷൻ) സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഞായറാഴ്ച രാത്രി എട്ടിന് അതീവ ഗുരുതരാവസ്ഥയിലായതോടെ ഡോ. വി പി ഗംഗാധരന്റെ നേതൃത്വത്തിൽ മെഡിക്കൽബോർഡ് ചേർന്നു. 10.30നാണ് അന്ത്യം സംഭവിച്ചത്. 10.40ന് മന്ത്രി പി രാജീവാണ് മരണവിവരം അറിയിച്ചത്. ഇന്നസെന്റിന്റെ ഭാര്യ ആലീസും മകൻ സോണറ്റും കൂടെയുണ്ടായിരുന്നു. മന്ത്രിമാരായ സജി ചെറിയാൻ, ആർ ബിന്ദു, കെ രാജൻ, നടന്മാരായ മമ്മൂട്ടി, ജയറാം, എം മുകേഷ് എംഎൽഎ, സംവിധായകൻ കമൽ, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എന്നിവരും ആശുപത്രിയിലെത്തി.

വർഷങ്ങളായി കാൻസർ ബാധിതനായ ഇന്നസെന്റ് ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ടാഴ്ചയായി കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .നാല് പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്ന ഇന്നസെന്റ് 750ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2014ൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച് പാർലമെന്റിലെത്തി. ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായും പ്രവർത്തിച്ചു. 12 വർഷം അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായിരുന്നു. 2022ൽ പുറത്തിറങ്ങിയ കടുവയായിരുന്നു അവസാന ചിത്രം.

'മഴവിൽക്കാവടി' എന്ന ചിത്രത്തിലെ അഭിനയത്തിന് 1989ൽ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ഇന്നസെന്റ് നിർമ്മിച്ച 'വിടപറയുംമുമ്പേ', 'ഓർമയ്ക്കായി' എന്നീ ചിത്രങ്ങൾ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. 'പത്താം നിലയിലെ തീവണ്ടി'യിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ക്രിട്ടി്ക് പുരസ്‌കാരം ഉൾപ്പെടെ ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മാർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28നാണ് ഇന്നസെന്റ് ജനിച്ചത്. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെന്റിലും നാഷണൽ ഹൈസ്‌കൂളിലും ഡോൺബോസ്‌കോ എസ്എൻഎച്ച് സ്‌കൂളിലുമായി പഠനം. 1972ൽ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. തുടർന്ന് ജീസസ്, നെല്ല് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലിനയിച്ചു. പിന്നീട് നിർമ്മാതാവായിട്ടാണ് രംഗപ്രവേശം. 'ഇളക്കങ്ങൾ, 'വിട പറയും മുമ്പേ', 'ഓർമ്മയ്ക്കായി', 'ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്,' 'ഒരു കഥ ഒരു നുണക്കഥ' തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങൾ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസിന്റെ ബാനറിൽ നിർമ്മിച്ചു. പിന്നീട് മുഴുവൻ സമയ അഭിനേതാവായി. ഹാസ്യ, സ്വഭാവ വേഷങ്ങളിൽ ഒരുപോലെ തിളങ്ങി. 1989ൽ പുറത്തിറങ്ങിയ സിദ്ദിഖ് ലാലിന്റെ 'റാംജി റാവു സ്പീക്കിങ്ങി'ലെ മാന്നാർ മത്തായി എന്ന മുഴുനീള കോമഡിവേഷം ഇന്നസെന്റ് എന്ന പേര് മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാക്കി. ഭരതൻ, പ്രിയദർശൻ, ത്യൻ അന്തിക്കാട്, ഫാസിൽ, സിദ്ദിഖ്‌ലാൽ തുടങ്ങിയവരുടെ ചിത്രങ്ങളിലാണ് ഇന്നസെന്റ് തന്റെ പ്രതിഭ പൂർണമായും പുറത്തെടുത്തത്.