- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലീസേ, വല്ല മൃഗങ്ങളും വന്നു നമ്മളെ രണ്ടു പേരേയും തട്ടിയാൽ അതു ഭാവിയിൽ കുടുംബത്തിനു വലിയ പേരാകും; ഇവിടെവച്ചു സംഭവിച്ചാൽ നമ്മുടെ അപ്പാപ്പനെ ആഫ്രിക്കയിൽ വച്ചു പുലി പിടിച്ചതാണെന്നു തലമുറകൾ പറയും....; അതു വലിയ പേരാകും! മരണം അടുത്ത് എത്തുമ്പോഴും 'ആ ഷെഡ്യൂളിനെ' ചിരി കൊണ്ട് തോൽപ്പിച്ച മാന്ത്രികൻ
കൊച്ചി: മരണം മുന്നിൽ കാണുമ്പോഴും ചിരിച്ച ഇന്നസെന്റ്. 75-വയസ്സിൽ ഇന്നസെന്റ ്‌യാത്രയാകുമ്പോൾ മലയാള സിനിമ ഞെട്ടലിലാണ്. കാരണവരെയാണ് അവർക്ക് നഷ്ടമാകുന്നത്. പിണങ്ങൾ പറഞ്ഞു തീർത്ത് ഇണക്കങ്ങളിലേക്ക് പറഞ്ഞു വിട്ട ഇന്നസെന്റ്. 18 കൊല്ലമാണ് താര സംഘടനയായ അമ്മയെ നയിച്ചത്. ഒടുവിൽ ആരോഗ്യ കാരണം പറഞ്ഞ് പടിയിറക്കം. നടിയെ ആക്രമിച്ച കേസിലെ വിഷയങ്ങളായിരുന്നു ഇതിന് കാരണം. യാത്രകളെ പ്രണയിച്ച താമശകൾ മാത്രം പറഞ്ഞു നടന്ന ഇന്നസെന്റ്.
ഒരിക്കൽ ആഫ്രിക്കയിലെ സഫാരിക്കിടയിൽ കനത്ത മഴയിൽ അദ്ദേഹം കയറിയ വാഹനം ചതുപ്പിൽ താഴ്ന്നു. നല്ല മഴയും തുടങ്ങി. രാത്രിയായതോടെ വാനിലെ എല്ലാവരും പ്രാർത്ഥന തുടങ്ങി. ഇന്നസന്റ് മാത്രം ഒന്നും സംഭവിക്കാത്തതുപോലെ ഇരുന്നു. വന്യ മൃഗങ്ങൾ വരുന്ന സ്ഥലമാണ്. മഴ കനത്തതോടെ വാനിലെ വയർലെസ് റേഡിയോയും കേടായി. ഇന്നസന്റിന്റെ ഭാവം കണ്ടു ഭാര്യ ആലീസും പ്രതിഷേധ മുഖഭാവത്തിലായി. അപ്പോഴേക്കും മറുപടി എത്തി. ആരേയും കൂടുതൽ വിഷമത്തിലാക്കുന്ന പ്രസ്താവന.
ഇന്നസന്റ് പറഞ്ഞു, 'ആലീസേ, വല്ല മൃഗങ്ങളും വന്നു നമ്മളെ രണ്ടു പേരേയും തട്ടിയാൽ അതു ഭാവിയിൽ കുടുംബത്തിനു വലിയ പേരാകും. ഇരിങ്ങാലക്കുടയിലോ കൊച്ചിയിലോ കാള കുത്തിയോ പട്ടി കടിച്ചോ മരിച്ചാൽ ആര് ഓർക്കാനാണ്. ഇവിടെവച്ചു സംഭവിച്ചാൽ നമ്മുടെ അപ്പാപ്പനെ ആഫ്രിക്കയിൽ വച്ചു പുലി പിടിച്ചതാണെന്നു തലമുറകൾ പറയും. അതു വലിയ പേരാകും.'-ഇതായിരുന്നു ഇന്നസെന്റ്.
'ഇയാൾക്കു കുട്ടിക്കാലത്ത് ഒരു അപകടം പറ്റി തലച്ചോറിലെ കുറെ ദ്രാവകം പോയി. അതുകൂടി ഉണ്ടായിരുന്നെങ്കിൽ ഇയാൾ ഇന്ത്യ പിടിച്ചെടുത്തേനെ.'-ഇതായിരുന്നു മോഹൻ ലാൽ ഇന്നസെന്റിനെ കുറിച്ച് പറഞ്ഞത്. ശിവാജി ഗണേശൻ, അമിതാഭ് ബച്ചൻ, രാജ്കുമാർ, എൻ.ടി.രാമറാവു, നാഗേശ്വര റാവു, രജനീകാന്ത് തുടങ്ങി മലയാളത്തിൽ ഒരു സിനിമയിൽ മുഖം കാണിച്ച പ്രമുഖരുമായി പോലും അടുത്ത ബന്ധമുണ്ടായിരുന്നു.
ഓരോ തവണ ആശുപത്രിയിൽ നിന്നു വീട്ടിലെത്തുമ്പോഴും രാത്രി ഇന്നസന്റ് വിളിക്കുമായിരുന്നു. 'ഈ ഷെഡ്യൂൾ കഴിഞ്ഞു ട്ടാ..' എന്നു പറഞ്ഞാണു തുടങ്ങുക. ഇത്തവണ അതു തെറ്റുകയാണ്. ആശുപത്രിയിൽ ഇറങ്ങി വീൽ ചെയറിൽ ഡോക്ടറുടെ അടുത്തേക്ക് പോയ താരം നിശ്ചലമായാണ് തിരിച്ചു വീട്ടിലെത്തുന്നത്. ചിരിയുടെ നടൻ വിടപറയുകയാണ്.
കാൻസറിന് ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാൻസർ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടൻ ഇന്നസെന്റ് അറിയപ്പെടുന്നത്. തന്റെ മണ്ഡലത്തിൽ കാൻസർ രോഗികൾക്ക് ആശ്വാസകരമായ പദ്ധതികൾക്കും കൂടിയാണ് എംപിയായിരിക്കെ ഇന്നസെന്റ് പ്രാധാന്യം നൽകിയത്. 'കാൻസർ വാർഡിലെ ചിരി', 'ഞാൻ ഇന്നസെന്റ്'(ആത്മകഥാ കുറിപ്പുകൾ), 'ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും', ഇന്നസെന്റിന്റെ ഓർമ്മകളും ആലീസിന്റെ പാചകവും', 'ചിരിക്കു പിന്നിൽ: ഇന്നസെന്റിന്റെ ആത്മകഥ' തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
2014-2019 ൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് ഇടതുമുന്നണി സ്ഥാനാർത്ഥിയായി വിജയിച്ച് പാർലമെന്റ് അംഗമായി. 19791982ൽ ഇരിങ്ങാലക്കുട നഗരസഭാംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്. 1970ൽ ആർഎസ്‌പി അംഗമായാണ് രാഷ്ട്രീയ പ്രവേശം. പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു. 2019ലാണ് സിപിഎം ൽ ചേർന്നത്. 2019ൽ വീണ്ടും ചാലക്കുടി മണ്ഡലത്തിൽ നിന്ന് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചെങ്കിലും ബെന്നി ബഹന്നാനോട് പരാജയപ്പെടുകയായിരുന്നു. കേരള സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് 2009ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഇന്നസെന്റിനായിരുന്നു. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചിട്ടുണ്ട്.
1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിങ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിങ്, ഗോഡ്ഫാദർ, കിലുക്കം, വിയറ്റനാം കോളനി, മഴവിൽക്കാവടി, കാബൂലിവാല, മിഥുനം, ദേവാസുരം, മണിച്ചിത്രത്താഴ്, അഴകിയ രാവണൻ, മനസിനക്കരെ, രാവണപ്രഭു, വേഷം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലടക്കം അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചു. ഇരിങ്ങാലക്കുട ടൗൺ ഹോളിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് 5.30ന് ഇരിങ്ങാലക്കുട കത്തീഡ്രൽ സെമിത്തേരിയിൽ സംസ്‌കാരം. ഭാര്യ: ആലീസ്. മകൻ: സോണറ്റ്. മരുമകൾ: രശ്മി സോണറ്റ്. പേരമക്കൾ: ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ്.