ലണ്ടൻ: മൂത്ത കൺണി ആയി പിറന്ന മകൾ ഏതൊരു അച്ഛനമ്മമാരെ പോലെയും സൗമ്യയ്ക്കും ജോബിക്കും പൊന്നോമന കൂടിയായിരുന്നു. പഠിക്കാൻ മിടുക്കിയായ റഗ്‌ബി ഗ്രാമർ സ്‌കൂൾ വിദ്യാർത്ഥിനിയുമായ ജിസ് മോൾ അമ്മയെ സാധിക്കുന്ന തരത്തിലൊക്കെ സഹായിക്കുന്ന പ്രായത്തേക്കാൾ കവിഞ്ഞ പക്വതയുള്ള പെൺകുട്ടി കൂടിയായിരുന്നു. ഒന്നര പതിറ്റാണ്ടായി യുകെയിൽ ഉള്ള ജോബിയും സൗമ്യയും കവൻട്രി മലയാളികളുടെ പ്രിയ കൂട്ടുകാർ കൂടി ആയതിനാൽ കുഞ്ഞുങ്ങളെയും മിക്ക കുടുംബങ്ങൾക്കും പേരെടുത്തു വിളിക്കാൻ തക്ക വിധം പരിചയം ഉണ്ടായതും ഇന്നലെ പുലർച്ചെ മിക്കവരും പള്ളിയിലും മറ്റും പോകാൻ തുടങ്ങവേ എത്തിയ നെഞ്ചുലയ്ക്കുന്ന വാർത്തയോട് സമരസപ്പെടാൻ ഏറെ സമയമെടുത്തു. രാവിലെ ഒമ്പതരയോടെയാണ് കവൻട്രി മലയാളികളെ തേടി ഹൃദയം നുറുങ്ങുന്ന വാർത്ത എത്തിയത്.

അടുത്തിടെ നഴ്സ് ആയി മാറുന്നതിന്റെ ഭാഗമായി സൗമ്യ പഠനവും ജോലിയും ഒക്കെയായി തിരക്കിൽ ആയിരുന്നപ്പോൾ മകൾ ജിസ്മോൾ ആയിരുന്നു വലംകൈ ആയി കൂടെ നിന്നത് എന്നാണ് കണ്ണീരോടെ കൂടെ നഴ്സ് യോഗ്യത പഠനത്തിന് ഉണ്ടായിരുന്ന കവൻട്രിയിലെ മലയാളി സുഹൃത്തുക്കൾ ഇപ്പോൾ ഓർത്തെടുക്കുന്നത്. ശനിയാഴ്ച പോലും ജിസ്മോൾ കവൻട്രിയിലെ മലയാളി കൂട്ടുകാരായ പെൺകുട്ടികളോട് നാട്ടിലെ വിശേഷങ്ങൾ പങ്കുവച്ചിരുന്നതാണ്.

പല കുട്ടികളും ഇന്നലെ രാവിലെ പള്ളിയിൽ വന്നപ്പോളാണ് പ്രിയ കൂട്ടുകാരി ജിസ്മോൾ ഇനിയില്ലെന്ന് അറിയാൻ ഇടയായത്. പള്ളിയിൽ കഴിഞ്ഞ സമയമത്രയും ഈ കുട്ടികൾ കണ്ണീർ അടക്കാൻ പ്രയാസപ്പെടുക ആയിരുന്നു. പല കൂട്ടുകാരോടും മാതാപിതാക്കൾ വിവരം പറയാൻ മടിച്ചെങ്കിലും ഉച്ചയോടെ പരസ്പരം വിവരം പങ്കുവച്ചു കുട്ടികൾ എല്ലാം പ്രിയ കൂട്ടുകാരിയുടെ മരണം അറിയുക ആയിരുന്നു. ഇതോടെ കവൻട്രിയിലെ മിക്ക മലയാളി കുടുംബങ്ങളും സങ്കടത്തിന്റെ മൂകതയിൽ വിങ്ങിപ്പൊട്ടി.

ഇതിനിടയിൽ ജോബിയും കുടുംബവും പലപ്പോഴും എത്താറുള്ള ജോൺ ഫിഷർ പള്ളിയിലെ ബ്രിട്ടീഷ് വൈദികൻ പതിവുള്ള ഞായറാഴ്ച കുർബാന ആരംഭിക്കുകയും ചെയ്തിരുന്നു. കുർബാന അവസാനിച്ചപ്പോൾ മാത്രമാണ് ഹൃദയം നുറുങ്ങുന്ന വാർത്ത ഫാ. ഡെസ് ഡെവണി കേൾക്കാനിടയായത്. ഉടൻ ജോബിയുടെ കുടുംബത്തെ തങ്ങളുടെ ദുഃഖം അറിയിക്കണമെന്നും എന്ത് സഹായം വേണമെങ്കിലും ആവശ്യപ്പെടാൻ മടിക്കരുത് എന്ന് അറിയിക്കുകയുമായിരുന്നു. രണ്ടാഴ്ച മുൻപ് പള്ളിയിൽ എത്തിയപ്പോൾ ജിസ്മോൾ അണിഞ്ഞിരുന്ന രോമക്കുപ്പായ ജാക്കറ്റ് ഇപ്പോഴും കണ്ണിൽ ഉണ്ടെന്നു ഫാ. ഡെസ് വ്യക്തിപരമായി നടത്തിയ സംഭാഷണത്തിൽ സൂചിപ്പിക്കുകയും ചെയ്തു. തുടർന്നാണ് മലയാളി വിശ്വാസികളുടെ ആവശ്യത്തെ തുടർന്ന് വൈകുന്നേരം വീണ്ടും പള്ളി ഹാൾ തുറന്നു ജിസ്മോൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ അവസരം ഒരുങ്ങുക ആയിരുന്നു.

ഒരു വീട്ടിലെ മൂന്നു അംഗങ്ങൾ വെള്ളത്തിൽ പോയി മരിച്ചെന്ന വാർത്ത വെള്ളൂരിലും പിറവത്തും കടുത്തുരുത്തിയിലും ഏറ്റുമാനൂരിലും കല്ലറയിലും മഞ്ഞൂരിലും കുറുപ്പന്തറയിലും മുട്ടുച്ചിറയിലും എല്ലാം കാട്ടുതീയേക്കാൾ വേഗത്തിലാണ് പടർന്നത്. ഇതിനിടയിൽ യുകെ മലയാളി കുടുംബത്തിലാണ് അപകടം ഉണ്ടായതെന്നും സൂചന എത്തി. ഇതോടെ നാട്ടിൽ അവധിയിൽ ഉള്ള യുകെ മലയാളികൾ ഒന്നടങ്കം മൃതദേഹങ്ങൾ എത്തിച്ച മുട്ടുചിറ ആശുപത്രിയിലേക്ക് ഒഴുകുക ആയിരുന്നു.

വാവിട്ടു കരഞ്ഞു കൊണ്ട് ജോബിയെയും സൗമ്യയെയും മകളെ കാണിക്കാൻ ആശുപത്രിയിൽ എത്തിച്ചപ്പോഴും സങ്കടക്കടൽ ആയി മാറുക ആയിരുന്നു പ്രദേശം മുഴുവൻ. കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് അടക്കം ഉള്ളവർ എത്തി ആവശ്യമായ ക്രമീകരണങ്ങളും നടത്തി. കവൻട്രിക്കടുത്ത നനീട്ടൻ മലയാളിയായ ജോബി ഐത്തിലും മാൽവേൻ മലയാളിയായ സുനിൽ ജോർജും കവൻട്രിയിലെ ജോബി അബ്രാഹവും ഒക്കെ കുടുംബ സഹിതം ഓടിയെത്തിയെങ്കിലും ആർക്കും ജോബിയെയും സൗമ്യയെയും സമാശ്വസിപ്പിക്കാൻ കഴിയുന്ന സാഹചര്യം ആയിരുന്നില്ല. എങ്ങും അലമുറകൾ കൊണ്ട് മുഖരിതമായിരുന്നു.

അത്യാഹിതത്തിൽ മരിച്ച ജോബിയുടെ സഹോദരി പുത്രന്റെ പിതാവ് ഇറ്റലിയിൽ ആയതിനാൽ അദ്ദേഹത്തിന്റെ സാന്നിധ്യം കൂടി ഉറപ്പിച്ച ശേഷമേ സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച് കുടുംബത്തിന് തീരുമാനമെടുക്കാനാകൂ. അലോഷ്യസിന്റെ പിതാവ് ഇന്ന് നാട്ടിൽ എത്തുമെന്നാണ് വിവരം. ഇതോടെ നാളെ സംസ്‌കാര ചടങ്ങുകൾ നടക്കാനാണ് സാധ്യത. രണ്ടാഴ്ച മുൻപ് സൗമ്യയുടെ സഹോദരൻ അത്യാസന്ന നിലയിൽ ആയതിനെ തുടർന്നാണ് കുടുംബം നാട്ടിൽ എത്തിയത്. സൗമ്യയുടെ സഹോദരൻ പിന്നീട് മരണത്തിനു കീഴടങ്ങിയിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കി നാളെ ജോബിയും സൗമ്യയും കുട്ടികളും യുകെയിലേക്ക് മടങ്ങാൻ ഇരിക്കെയാണ് ഇന്നലെ അപകടം സംഭവിക്കുന്നതും ബന്ധുക്കളായ മൂന്നു പേർ മൂവാറ്റുപുഴയാറിൽ ഓർമ്മയായി മാറിയതും.

ഇന്നലെ ജോബിയുടെ സഹോദരൻ അടക്കം ഉള്ള കുടുംബത്തിലെ ഏഴു പേര് മൂവാറ്റുപുഴയാറിൽ കുളിക്കാൻ എത്തിയതോടെ മറ്റൊരു അത്യാഹിതം കൂടി കുടുംബത്തെ തേടി എത്തുക ആയിരുന്നു. ജോബിയുടെ സഹോദരൻ ജോൺസൻ, സഹോദരിയുടെ മകൻ അലോഷി, ജോബിയുടെ മകൾ ജിസ്മോൾ എന്നിവരാണ് മൂവാറ്റുപുഴ ആറിലെ ദുരന്തത്തിൽ മുങ്ങി മരിച്ചത്. ഇതിൽ ജോൺസന്റെയും അലോഷിയുടെയും മൃതദേഹം വേഗത്തിൽ കണ്ടെത്താനായെങ്കിലും ജിസ്മോളുടെ മൃതദേഹം ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് കണ്ടെത്താനായത്.

അതിനിടെ ഇന്നലെ കേരളത്തിൽ മൂന്നു സംഭവങ്ങളിലായി ഏഴു പേര് വെള്ളത്തിൽ വീണു മരിക്കാൻ ഉണ്ടായ സാഹചര്യം കാലവർഷത്തിൽ നീരൊഴുക്ക് കൂടിയ നദികളിലെയും ജലാശയങ്ങളിലെയും അപകട സാധ്യതയുടെ മുന്നറിയിപ്പാണ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ പായലും വഴുക്കലും പരിചിതം അല്ലാത്ത കുട്ടികൾക്കും കൗമാരക്കാർക്കും പതിയിരിക്കുന്ന അപകടത്തെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരിക്കില്ല. ഇന്നലെ മൂവാറ്റുപുഴ ആറിലെ അപകടം നടന്ന തീരത്തു ആഴം കുറവാണെങ്കിലും പുഴയുടെ അൽപ്പം ഉള്ളിലേക്ക് നീങ്ങിയാൽ പോലും 30 അടി വരെ താഴ്ച ഉണ്ടെന്നാണ് മുങ്ങൽ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

ഇക്കാരണത്താൽ ഇന്നലെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർ ഓക്സിജൻ സിലിണ്ടർ അടക്കമുള്ള സംവിധാനങ്ങൾ കൂടെ കരുതുകയും ചെയ്തിരുന്നു.