- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും ഗിറ്റാറിൽ എട്ടാം ബാൻഡ് പാസായി; പഴയ നാടൻപാട്ടുകളെ ആധുനിക റോക്ക് സംഗീതത്തിലേയ്ക്ക് പരിവർത്തനം നടത്തിയുള്ള പരീക്ഷണം ജനപ്രിയമായി; എംടിവി ചാനലിലെത്തിയ ആദ്യ മലയാളി ബാൻഡ് ജിഗ്സോ പസിലിന് പിന്നിലെ ചാലക ശക്തി; അവിയലിലെ സൂപ്പർ ഹീറോ; ജോൺ പി വർക്കി യാത്രയാകുമ്പോൾ

തൃശൂർ: ഇത് മലയാളത്തിന് കനത്ത നഷ്ടം. പ്രമുഖ മലയാളം റോക്ക് സംഗീതജ്ഞനും ഗിത്താറിസ്റ്റും സംഗീത സംവിധായകനുമായ ജോൺ പി. വർക്കി (51) വീട്ടിൽ കുഴഞ്ഞുവീണു മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് റിപ്പോർട്ട്. നെയ്ത്തുകാരൻ, കമ്മട്ടിപ്പാടം, ഒളിപ്പോര്, ഉന്നം, ഈട, പെൺകൊടി എന്നീ മലയാള ചിത്രങ്ങൾക്കും നിരവധി തെലുങ്ക്, കന്നഡ സിനിമകൾക്കും സംഗീതം നിർവഹിച്ചിട്ടുണ്ട്. മലയാള സംഗീതത്തിന് തീരാ നഷ്ടമാണ് മരണം.
ജിഗ്സോ പസിലിന്റെ ആൽബവുമായി സംഗീത രംഗത്തു ശ്രദ്ധേയനായ ജോൺ 'അവിയൽ' ബാൻഡിൽ അംഗമായിരുന്നു. എംടിവി ചാനലിലെത്തിയ ആദ്യ മലയാളി ബാൻഡായിരുന്നു ജിഗ്സോ പസിൽ. പിന്നീട് സ്ലോ പെഡൽസ് എന്ന ബാൻഡിലെ അംഗമായി.മണ്ണുത്തി മുല്ലക്കര ഡോൺ ബോസ്‌കോ സ്‌കൂളിനു സമീപം പുറത്തൂർ കിട്ടൻ വീട്ടിൽ കുടുംബാംഗമാണ് ജോൺ. എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിൽ പഠിക്കുമ്പോൾത്തന്നെ വിവിധ ബാൻഡുകളിൽ ഗിത്താർ വായിച്ചിരുന്ന ജോൺ പാട്ടുകൾ എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കമ്മട്ടിപ്പാടത്തിലെ 'പറ...പറ', 'ചിങ്ങമാസത്തിലെ' എന്നീ പാട്ടുകൾക്കാണ് ജോൺ സംഗീതം നൽകിയത്. ഇദി സംഗതി എന്ന തെലുങ്കു സിനിമയ്ക്കും കാർത്തിക് എന്ന കന്നഡ സിനിമയ്ക്കും സംഗീതം ചെയ്തു. നെയ്ത്തുകാരൻ എന്ന സിനിമയുടെ പശ്ചാത്തല സംഗീതവും നിർവഹിച്ചു. മഡ്രിഡ് ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ ഫ്രോസൺ എന്ന സിനിമയിലൂടെ മികച്ച സംഗീത സംവിധായകനായി. പ്രശസ്ത നർത്തകി ദക്ഷ സേത്തിനു വേണ്ടി ഏഷ്യ ഹെൽസിങ്കി സംഗീതോത്സവത്തിൽ സംഗീതം ചെയ്യുകയും പങ്കെടുക്കുകയും ചെയ്തു.
മലയാളസിനിമകളിലെ 50 ഓളം പാട്ടുകൾക്കും നിരവധി തെലുഗു സിനിമകളിലെ ഗാനങ്ങൾക്കും കന്നട സിനിമയിലും ഹിന്ദിയിലും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. അവിയൽ എന്ന റോക്ക് ബാൻഡിന് ചില പാട്ടുകൾ ചിട്ടപ്പെടുത്തിയത് വൻ ഹിറ്റായതോടെ ജോൺ വർക്കി യുവതലമുറയുടെ ഹരമായി. ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും ഗിറ്റാറിൽ എട്ടാം ബാൻഡ് പാസായ ജോൺ വർക്കി തുടർന്ന് ഗിറ്റാറിസ്റ്റായി സംഗീതരംഗത്ത് ജീവിതം ആരംഭിച്ചു. ബി.എം.ജി. ക്രെസൻഡോയുടെ ലേബലിൽ ജിഗ്‌സോപസിൽ എന്ന ബാൻഡിന്റെ പേരിൽ മൂന്ന് ആൽബങ്ങൾ ആദ്യം പുറത്തിറക്കിയിരുന്നു.
മലയാളം റോക്ക് ആദ്യമായി ജിഗ് സോപസിൽ ബാൻഡിന്റെ ഗാനങ്ങളായി പുറത്തുവന്നെങ്കിലും അന്ന് അത് വേണ്ടത്ര ജനങ്ങളിൽ എത്തിയില്ല. കേരളത്തിലുടനീളം സംഗീതപരിപാടികൾ അവതരിപ്പിച്ചെങ്കിലും അത്രയ്ക്ക് ജനപ്രിയമായില്ല ഈ പരീക്ഷണം. 2007ൽ ഫ്രോസൺ എന്ന ഹിന്ദിസിനിമയിലെ സംഗീതസംവിധാനത്തിന് മഡിറിഡ് ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവെലിൽ പുരസ്‌കാരം നേടിയിരുന്നു. നിരവധി പഴയ നാടൻപാട്ടുകളെ ആധുനിക റോക്ക് സംഗീതത്തിലേയ്ക്ക് പരിവർത്തനം നടത്തിയുള്ള പരീക്ഷണം പിന്നീട് ജനപ്രിയമായി.
ഇത് അവിയൽ ബാൻഡ് ഗാനങ്ങൾക്ക് വഴിവെച്ചു. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനുമായി സഹകരിച്ചാണ് ഇത്തരം മോഡേൺ രീതി അവംലബിച്ചത്. ഇന്ത്യയിലുടനീളം ലൈവായി സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. സംഗീതത്തിനായി ജീവിതം സമർപ്പിച്ച ജോൺ സിനിമാസംഗീതം, റോക്ക് ബാൻഡ് സംഗീതം എന്നീ മേഖലകളിൽ പ്രവർത്തിച്ചു. കുട്ടികൾക്ക് സ്വകാര്യമായി ഗിറ്റാർ ക്ലാസുകളും നൽകിയിരുന്നു.
എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിൽ പഠിക്കുമ്പോൾത്തന്നെ വിവിധ ബാൻഡുകളിൽ ഗിത്താർ വായിച്ചിരുന്ന ജോൺ പാട്ടുകൾ എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭാര്യ: ബേബി ജോൺ (അദ്ധ്യാപിക, ഡോൺ ബോസ്‌കോ സ്‌കൂൾ, മണ്ണുത്തി). മക്കൾ: ജോബ് ജോൺ, ജോസഫ് ജോൺ.


