മേപ്പാടി: ഇനി എവിടെയെങ്കിലും തിരയാന്‍ ബാക്കിയുണ്ടായിരുന്നില്ല. പ്രതീക്ഷയുടെ ഒരുതിരിവെട്ടം അപ്പോഴും ജോജോയുടെ മനസ്സില്‍ ഉണ്ടായിരുന്നു. ഒടുവില്‍ തിരച്ചിലിന്റെ അഞ്ചാം നാള്‍ ജോജോയെ ആകെ ഉലച്ചുകൊണ്ട് ആ വാര്‍ത്ത എത്തി. ചാലിയാറില്‍ നിന്ന് ഭാര്യ നീതുവിനെ കണ്ടെടുത്തു. ആശ്വാസ വാക്കുകള്‍ക്ക് സ്ഥാനമില്ലാതെയായി. അമ്മയെ നഷ്ടപ്പെട്ട ആറുവയസുകാരന്‍ മകന്‍ പാപ്പിയെ ചേര്‍ത്തുപിടിച്ച് മരവിച്ചിരുന്നു ജോജോ.

'ഞങ്ങള്‍ അപകടത്തിലാണ്, ചുരല്‍മലയില്‍, ഉരുള്‍ പൊട്ടിയിട്ടുണ്ട്, വെള്ളം പൊങ്ങി വരികയാണ്, ആരെങ്കിലും ഒന്ന് രക്ഷിക്കോ' നീതുവിന്റെ ശബ്ദത്തിലൂടെയാണ് വന്‍ ദുരന്തം പുറത്തറിഞ്ഞത്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം പുറം ലോകത്തെ ആദ്യം അറിയിച്ചത് ആദ്യം നീതു ജോജോ ആയിരുന്നു.

മേപ്പാടി വിംസ് ആശുപത്രിയിലെ നഴ്സിങ്ങ് കോളേജ് അഡ്മിനിസ്ട്രേഷന്‍ സ്റ്റാഫായ നീതു അപകടസമയത്ത് സഹായത്തിനായി സഹപ്രവര്‍ത്തകരേയാണ് ആദ്യം വിളിച്ചത്. ഫോണെടുത്ത രാത്രി ഷിഫ്റ്റിലെ ജോലിക്കാരന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. 'ഓക്കെ, ഓക്കെ എന്തെങ്കിലും ചെയ്യാം' എന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ വെച്ചു. വീണ്ടും നീതു വിളിച്ചു. ഇത്തവണ ഫോണെടുത്തത് ഡ്യൂട്ടി മാനേജറാണ്. 'വീണ്ടും ഉരുള്‍ പൊട്ടിയെന്ന് തോന്നുന്നുണ്ട്. ഞങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തുകടക്കാന്‍ പോലും പറ്റുന്നില്ല. എല്ലാവരും ഇപ്പോള്‍ ഒലിച്ചുപോകും', നീതു പറഞ്ഞത് ഇത്രമാത്രം.

പിന്നീട് ആശുപത്രിയില്‍ നിന്ന് നീതുവിനെ തിരിച്ചുവിളിച്ചു. അപ്പോഴേക്കും പുഴ ഗതി മാറി ഒഴുകി വീടിന് ചുറ്റും വെള്ളം നിറഞ്ഞിരുന്നു. ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള സ്ഥലത്താണ് വീടുള്ളതെന്നും അവിടെ നിന്ന് മാറാന്‍ അതിലും സുരക്ഷിതമായൊരു സ്ഥലമില്ലെന്നും സഹപ്രവര്‍ത്തകരോട് നീതു പറയുകയും ചെയ്തു.അതിനിടയിലാണ് രണ്ടാമത് ഉരുള്‍പൊട്ടി നീതുവിന്റെ വീടുള്‍പ്പെടെ വെള്ളം വിഴുങ്ങിയത്.

ബ്ലോഗറായ ജോജോ തന്റെ ഡ്രീംസ് എന്ന ബ്ലോഗില്‍ സ്വന്തം നാടിനെപ്പറ്റി കുറിച്ചത് 'ദൈവത്തിന്റെ സ്വന്തം നാട്, ചൂരല്‍മല'. പക്ഷെ ഉരുള്‍പ്പൊട്ടലില്‍ ജോജോയ്ക്ക് നഷ്ടമായത് തന്റെ പ്രിയപ്പെട്ടവളെ തന്നെ. ഏറ്റവും സുരക്ഷിതമെന്ന് കരുതിയ ചൂരല്‍മലയിലെ ഹൈസ്‌കൂള്‍ റോഡിലെ അവരുടെ ഉറപ്പുള്ള വീടാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. ഉരുള്‍പ്പൊട്ടിയപ്പോള്‍ ജോജോയും മാതാപിതാക്കളും മകനും ഭാര്യ നീതുവും എല്ലാം വീട്ടിലുണ്ടായിരുന്നു.

മഴ കനത്തുപെയ്യുമ്പോഴും നീതു വിശ്വസിച്ചത് തന്റെ വീടുപോലെ സുരക്ഷിതമായ ഒരു സ്ഥലം വേറെ എവിടെയും ഇല്ലെന്നായിരുന്നു. എന്നാല്‍ ഉരുള്‍പ്പൊട്ടലില്‍ കാറുള്‍പ്പെടെയുള്ള ഭാരമേറിയ സാധനങ്ങളും ചെളിയും വീട്ടിലേക്ക് ഇരച്ചു കയറിയപ്പോള്‍ ജോജോയ്ക്ക് ഒന്നും ചെയ്യാനായില്ല. അയാള്‍ മകനെയും പ്രായമേറിയ മാതാപിതാക്കളെയും പിടിച്ച് എങ്ങിനെയോ വാതില്‍ തുറന്ന് രക്ഷപ്പെട്ടു. അപ്പോഴേക്കും പാലം തകര്‍ന്നിരുന്നു. അപ്പോഴും ഭാര്യ നീതു അവിടെ എവിടെയെങ്കിലും ഉണ്ടാകും എന്നാണ് അയാള്‍ വിശ്വസിച്ചത്. എന്നാല്‍ നീതു നിന്നിരുന്ന വീടിന്റെ ഒരു ഭാഗം പെട്ടെന്നാണ് പൊട്ടിത്തകര്‍ന്ന് ഒലിച്ചുപോയത്. ആ ഒഴുക്കില്‍പ്പെട്ട് നീതുവും പോയി.

തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു ചൂരല്‍മലയില്‍ ആദ്യം ഉരുള്‍പൊട്ടിയത്. കുത്തിയൊലിച്ചെത്തിയ മലവെള്ളത്തില്‍ തൊട്ടടുത്ത രണ്ടുമൂന്നു വീടുകളില്‍ വെള്ളം കയറിയതോടെ അവരൊക്കെ അടച്ചുറപ്പുള്ള ജോജോയുടെ വീട്ടില്‍ അഭയം തേടി. പുലര്‍ച്ചെ നാലുമണിയോടെ രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായി. വീട്ടിലെ സോഫയും കട്ടിലുമൊക്കെ ഒഴുകിപ്പോകാന്‍ തുടങ്ങി. ഉടന്‍ ജോജോ അച്ഛനെ സോഫയില്‍ ഇരുത്തി. വീണ്ടും ചെളിവെള്ളം ഇരച്ചെത്തിയതോടെ അമ്മ അടിതെറ്റി വീണു. ഒലിച്ചുപോകാതിരിക്കാന്‍ അവര്‍ ഹാളിലുണ്ടായിരുന്ന ഫ്രിഡ്ജില്‍ പിടിച്ചെങ്കിലും അതും കുത്തൊഴുക്കില്‍ പെട്ടു. മുന്‍വാതിലിലൂടെ അമ്മ ഓമന ഒഴുകാന്‍ തുടങ്ങിയപ്പോള്‍ എങ്ങനെയെല്ലാമോ ജോജോ അവരെ അകത്തേക്കു വലിച്ചുകയറ്റി.

ഈ സമയം മകന്‍ നിലയില്ലാവെള്ളത്തില്‍ പെട്ടു. ഹാളിലെ വലിയ കര്‍ട്ടന്‍ വലിച്ചുകീറി നെഞ്ചില്‍ കെട്ടി അവനെ സുരക്ഷിതനാക്കി അതിനകത്തിരുത്തി. അച്ഛനെയും അമ്മയെയും ഇരുകൈകളിലും താങ്ങി എങ്ങനെയല്ലാമോ പുറത്തുകടന്ന് തൊട്ടടുത്ത വീടിന്റെ ടെറസിലെത്തിച്ചു. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലും മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിലും എത്തിക്കുന്ന മൃതദേഹങ്ങളില്‍ നീതുവിനെ അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ തിരിച്ചറിഞ്ഞത്. ചൂരല്‍മല സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ നീതുവിന്റെ സംസ്‌കാരം നടന്നു.