കൊച്ചി: ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ (63) അന്തരിക്കുമ്പോൾ നഷ്ടമാകുന്നത് നീതി ബോധമുള്ള നിയമ വിദഗ്ധനെ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ഹൈക്കോടതിയിൽ 12 വർഷത്തിലേറെ ജഡ്ജിയായിരുന്ന ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയാണു സർവ്വീസിൽ നിന്ന് വിരമിച്ചത്. ഛത്തീസ്‌ഗഡ്, തെലങ്കാന/ആന്ധ്ര ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസും, തെലങ്കാനയ്ക്കു പ്രത്യേക ഹൈക്കോടതി രൂപീകരിച്ചപ്പോൾ ആദ്യ ചീഫ് ജസ്റ്റിസും ആയിരുന്നു. 

1983ൽ അഭിഭാഷകനായി. 2004 ഒക്ടോബർ 14ന് കേരള ഹൈക്കോടതിയിൽ ജഡ്ജിയായി. രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായി. കേരള ലീഗൽ സർവീസസ് അഥോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനായിരുന്നു. ന്യായാധിപനെന്ന നിലയിൽ പൗരാവകാശങ്ങളും അടിസ്ഥാന ജനകീയപ്രശ്‌നങ്ങളും ഉൾപ്പെട്ട വിഷയങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്നു ജസ്റ്റീസ്. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലും മുതിർന്ന പൗരന്മാരുടെ പ്രശ്‌നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ഇ്രടപെടൽ നടത്തി. ശബരിമല ബഞ്ചിനേയും നയിച്ചിട്ടുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനെതിരെ നടത്തിയ വിമർശനം ചർച്ചയായിരുന്നു.

2004 ൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് രാധാകൃഷ്ണൻ പിന്നീട് ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ നേരിട്ട് ഇടപെട്ടിരുന്ന ന്യായാധിപനാണ് അദ്ദേഹം. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിൽ നഗരസഭയുടെ ഭാഗത്ത് വീഴ്ചയുണ്ടായപ്പോൾ തന്റെ വസതിക്കു മുന്നിലൂടെയൊഴുകുന്ന കാന വൃത്തിയാക്കാൻ കൈക്കോട്ടുമായി മഴയിലിറങ്ങിയത് ജനശ്രദ്ധ നേടിയിരുന്നു.

കുടിവെള്ള ടാങ്കറിൽ കക്കൂസ് മാലിന്യം കടത്തുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ദേഹം ഔദ്യോഗിക വാഹനത്തിൽ പിന്തുടർന്നു പിടികൂടിയതും ,സംസ്ഥാനത്തെ മാനസികാരോഗ്യകേന്ദ്രങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുത്തതും ഉദാഹരണങ്ങളാണ്.ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ ,2017 മാർച്ച് 18നാണ് അദ്ദേഹം ഛത്തിസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. പിന്നീട് ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു. 2019 ജനുവരി ഒന്നിന് തെലുങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി .

2019 ഏപ്രിൽ ഏഴിനാണ് കൊൽക്കത്ത ചീഫ് ജസ്റ്റിസായത്. അഭിഭാഷകരും കൊല്ലം സ്വദേശികളുമായ എൻ. ഭാസ്‌കരൻ നായരുടെയും എൻ. പാറുക്കുട്ടി അമ്മയുടെയും മകനായ തോട്ടത്തിൽ രാധാകൃഷ്ണൻ ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഉപരിപഠനത്തിനു ശേഷം കോളാറിലെ കെ.ജി.എഫ് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി.

1983ൽ അഭിഭാഷകനായി എന്റോൾ ചെയ്തു. 1988ൽ ഹൈക്കോടതി അഭിഭാഷകനായി . മീരസെൻ ഭാര്യ. മക്കൾ: പാർവതി നായർ, കേശവരാജ് നായർ.