തിരുവനന്തപുരം: വ്യവസായിയും പഴയകാല ബ്രിട്ടീഷ് കോൺട്രാക്ടറുമായിരുന്ന കെ.ഭാസ്‌കരൻ ഓർമ്മയാകുമ്പോൾ അവസാനിക്കുന്നത് അസാധാരണമായ ജീവിത യാത്ര. തിരുവനന്തപുരത്തെ ജവഹർ നഗർ ശിവദി സഫയർ അപ്പാർട്ട്മെന്റിൽ ഫ്ളാറ്റ് 4ഡിയിൽ ഇന്നലെയായിരുന്നു അന്ത്യം. ഇന്റർനാഷ്ണൽ ലയൺസ് ക്ലബ് സജീവ അംഗം, ഫ്രീ മാസൺ, പോളോ അസോസിയേഷൻ അംഗ്, കലാകായിക പൊതുപ്രവർത്തകൻ എന്നീ നിലയിലും സജീവമായിരുന്നു. പ്രശസ്ത ആയുർവേദ ഡോക്ടർ തനിവിള കുഞ്ഞിരാമന്റെ മകനായ കെ.ഭാസ്‌കരന് പേരിട്ടത് ശ്രീനാരായണ ഗുരുവാണ്. ഭാസ്‌കരന്റെ ജീവിതകഥ ആസ്പദമാക്കി 'ഒരാൾ ഒരു യുഗം' എന്ന പേരിൽ സുകു പാൽക്കുളങ്ങര പുസ്തകമെഴുതിയിട്ടുണ്ട്.

ബ്രിട്ടീഷുകാർ നൽകാമെന്നു പറഞ്ഞ വിമാനം വിലയ്ക്ക് വാങ്ങാനുള്ള ആസ്തിയുണ്ടായിരുന്നിട്ടും കെ.ഭാസ്‌കരന് അത് വാങ്ങാനായിരുന്നില്ല. ബ്രിട്ടീഷ് കോൺട്രാക്ടറുമായിരുന്ന കെ.ഭാസ്‌കരന്റെ ജീവിതം ഇതുപോലെ ധാരാളം അപൂർവതകൾ നിറഞ്ഞതാണ്. വിമാനം വാങ്ങാൻ കഴിയാത്ത നിരാശ ഭാസ്‌കരൻ എന്നും കൂടെ കൊണ്ടു നടന്നിരുന്നു. ശീനാരായണ ഗുരുദേവൻ മടിയിലിരുത്തി സൂര്യനെ ഒന്നുനോക്കിയ ശേഷമാണ് ഭാസ്‌കരൻ എന്ന പേര് ചൊല്ലിവിളിച്ചത്. ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി ബങ്കറുകളും മറ്റും നിർമ്മിച്ചു നൽകുന്നതിനുള്ള സാധനങ്ങളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന കോൺട്രാക്ടറായിരുന്നു.

ബ്രിട്ടീഷുകാരുടെ ആവശ്യപ്രകാരം മദ്രാസ്,ബോംബെ (ഇന്നത്തെ മുംബയ്) അടക്കമുള്ള ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഭാസ്‌കരൻ യാത്ര ചെയ്യുമായിരുന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ കൊട്ടാരം വൈദ്യനായിരുന്നു ഭാസ്‌കരന്റെ പിതാവ് തനിവിള കുഞ്ഞിരാമൻ. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകാൻ തീരുമാനിച്ച കാലത്താണ് ഭാസ്‌കരൻ വിമാനം വാങ്ങാനാലോചിച്ചത്. 10,000 രൂപയ്ക്ക് വിമാനം വാങ്ങാനും ധാരണയായി. എന്നാൽ മഹാരാജാവിന് പോലും വിമാനമില്ലെന്നും അപ്പോഴാണോ നീ വിമാനം വാങ്ങുന്നതെന്നും ചോദിച്ച് മഹാരാജാവിന്റെ പേഴ്‌സണൽ സെക്രട്ടറി ഭാസ്‌കരനെ തടഞ്ഞു. അത് അംഗീകരിക്കുകയും വന്നു.

ആ വിമാനം വാങ്ങിയിരുന്നെങ്കിൽ സ്വന്തമായി വിമാനം വാങ്ങുന്ന ആദ്യ മലയാളിയെന്ന ഖ്യാതി കിട്ടുമായിരുന്നു. മുന്തിയ ഇനം കാറുകളോടും ഭാസ്‌കരന് ഭ്രമമായിരുന്നു. അന്നത്തെ കാലത്തെ വിലകൂടിയ ഹമ്പർ സൂപ്പർ സ്‌നൈപ്പ്,ബ്യൂക് റോഡ് മാസ്റ്റർ,എക്സ് എക്സ് തുടങ്ങിയ കാറുകൾ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു. 1941ൽ കൊല്ലത്തെ കരിയിൽ എന്ന സ്ഥലത്തുചെന്ന് ഫോർഡ് കാർ വാങ്ങി. കാർ വാങ്ങാനായി അദ്ദേഹമെത്തുമ്പോൾ നേരം ഇരുട്ടി. എന്നാൽ അവിടെയൊരു വീട്ടിൽ താമസിച്ച ശേഷം അടുത്തദിവസം കാറുമായി മാത്രമേ അദ്ദേഹം വീട്ടിലക്ക് മടങ്ങിയുള്ളൂ.

മുൻ മന്ത്രിയായിരുന്ന സിപിഎം നേതാവ് എം.എൻ.ഗോവിന്ദൻ നായർ ഒളിവിൽ കഴിഞ്ഞത് ഭാസ്‌കരന്റെ പിതാവിന്റെ വൈദ്യശാലയിലായിരുന്നു. പൊലീസ് എത്തുമെന്നായപ്പോൾ വേഷപ്രച്ഛന്നനായി ഗോവിന്ദൻ നായർ രക്ഷപ്പെട്ടതും ഭാസ്‌കരന്റെ ഒപ്പമായിരുന്നു. കുതിരസവാരിയിൽ കമ്പമുണ്ടായിരുന്ന ഭാസ്‌കരൻ വൈകുന്നേരങ്ങളിൽ കുതിരപ്പുറത്തുകൊല്ലത്തെ തെരുവിലൂടെ സഞ്ചരിക്കുന്നത് അപൂർവ്വ കാഴ്ചയായിരുന്നു.

ഫോട്ടോഗ്രഫിയിൽ പാടവമുണ്ടായിരുന്ന ഭാസ്‌കരന് മൂവി ക്യാമറയും സ്വന്തമായുണ്ടായിരുന്നു. യാത്രയ്ക്കിടെ മദ്രാസിലെ ഹോട്ടലിൽ വച്ച് ഇംഗ്‌ളീഷ് കവി സോമർസെറ്റ് മോമുമായി നേരിട്ട് സംഭാഷണം നടത്താനും അദ്ദേഹത്തിന് അവസരം ലഭിച്ചു. അങ്ങനെ നിരവധി പ്രത്യേകതകൾ ഉള്ള മലയാളിയായിരുന്നു ഭാസ്‌കരൻ. മക്കൾ : ഡോ. സജീവ് ഭാസ്‌കർ, രാജീവ് ഭാസ്‌കർ, മരുമക്കൾ ഡോ.സലീന, അനിജ. പേരക്കുട്ടികൾ : അർജുൻ, നിതിൻ, ഗൗരി