കൊച്ചി: മുൻ കേരള ക്യാപ്റ്റനും കെ.സി.എ അപെക്സ് കൗൺസിൽ അംഗവുമായ കെ.ജയരാമൻ (ജയറാം-67) വിടവാങ്ങുന്നത് കേരളാ ക്രിക്കറ്റിന് അമൂല്യ സംഭാവനകൾ നൽകിയാണ്. ക്യാപ്ടനായും സെലക്ടറായും മാച്ച് റഫറിയുമായി വിവിധ മേഖലകളിൽ തിളങ്ങി. ഇന്നും ക്രിക്കറ്റ് അസോസിയേഷന്റെ അതിവിശ്വസ്തനായി നിലകൊണ്ട വ്യക്തി കൂടിയാണ് ജയറാം എന്ന് വിളിക്കുന്ന ജയരാമൻ.

കേരളാ ക്രിക്കറ്റ് ടീമിനെ ദേശീയ തലത്തിലെ പ്രമുഖ ടീമാക്കി മാറ്റുന്നതിന് ജയറാം വഹിച്ച പങ്ക് വലുതാണ്. കേരളാ ക്രിക്കറ്റിലെ പ്രധാന ചുമതലകളിൽ എത്തിയ ജയറാം പുതിയ യുവ നിരയെ തന്നെ സൃഷ്ടിച്ചു. അനന്തപത്മനാഭനും രാംപ്രകാശും സുനിൽ ഓയാസീസും എല്ലാം വിരമിച്ചപ്പോൾ പകരക്കാരെ കണ്ടെത്തിയതും കേരളാ ടീമിന് ദിശാബോധം നൽകിയതും ജയറാമായിരുന്നു. കേരളാ ക്രിക്കറ്റിനെ ഒരുകാലത്ത് നയിച്ചത് എസ് കെ നായരായിരുന്നു. ബിസിസിഐ സെക്രട്ടറി വരെയായിരുന്ന എസ് കെ നായരെ അട്ടിമറിച്ച് ടിസി മാത്യു കേരളാ ക്രിക്കറ്റിലെ നിർണ്ണായക ശക്തിയായി. ടിസിയ്‌ക്കൊപ്പം നിന്ന് കേരളാ ക്രിക്കറ്റിന് പുതിയ ദിശാബോധം നൽകിയത് ജയറാമായിരുന്നു.

സഞ്ജു വി സാംസൺ അടക്കമുള്ള പ്രതിഭകളിലേക്ക് കേരളാ ക്രിക്കറ്റ് എത്തിയത് ജയറാമിന്റെ കരുതലിന്റെ ഭാഗമായിരുന്നു. കേരളത്തിലുട നീളം സഞ്ചരിച്ച് പ്രതിഭകളെ കണ്ടെത്തി. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിഭകളെ കണ്ടെത്തുന്ന പദ്ധതിക്ക് ചുക്കാൻ പിടിച്ചു. വേദം ഹരിഹരനെ കേരളാ ടീമിന്റെ പരിശീലകനാക്കി ടീം അംഗങ്ങളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടു പോയി പരിശീലനം നടത്തിയതിന് പിന്നിലും ജയറാമിന്റെ ഇടപെടലുണ്ടായിരുന്നു. ഇന്ന് നിരവധി കേരളാ താരങ്ങൾ ഐപിഎൽ കളിക്കുന്നു. അതിലേക്ക് കേരളത്തിലെ ക്രിക്കറ്റിന്റെ പശ്ചാത്തല സൗകര്യം വികസിച്ചത് ജയറാമിലൂടെയായിരുന്നു. ടിസി മാത്യുവിൽ നിന്ന് ക്രിക്കറ്റ് അധികാരം ജയേഷ് ജോർജിലെത്തിയപ്പോഴും ക്രിക്കറ്റ്  അസോസിയേഷനൊപ്പമായിരുന്നു ജയാറാം. മറ്റ് ഗ്രൂപ്പിസങ്ങൾക്കൊന്നും അദ്ദേഹം ചെവി കൊടുത്തില്ല. ഡേവ് വാട്‌മോറിനെ കേരളത്തിന്റെ പരിശീലകനാക്കിയതും ജയറാമിന്റെ കൂടെ ഇടപെടൽ കാരണമാണ്.

രഞ്ജി ട്രോഫിയിൽ രോഹൻ കുന്നുമ്മൽ കേരളത്തിനായി തുടർച്ചയായി മൂന്ന് ഇന്നിങ്സുകളിൽ സെഞ്ചുറി നേടി റെക്കോഡിട്ടിരുന്നു. അന്ന് ജയറാമും ചർച്ചകളിലെത്തി. ജയറാമിന് തുടരെ മൂന്ന് മത്സരങ്ങളിലായിരുന്നു സെഞ്ചുറികൾ. അതുമാത്രമല്ല, ഒരു ഒരു സീസണിൽ നാല് സെഞ്ചുറി നേടുന്ന കേരള താരമെന്ന റെക്കോഡ് ഇപ്പോഴും ജയറാമിന്റെ പേരിലുണ്ട്. വിരമിച്ചതിന് ശേഷവും ക്രിക്കറ്റിന്റെ ഭാഗമായി. 1996-ൽ കേരളത്തിന്റെ സെലക്ടറായി. 2002-03 സീസണിൽ അണ്ടർ-19 ഇന്ത്യൻ ടീമിന്റെ സെലക്ടറുടെ റോളും വഹിച്ചു. ചേതേശ്വർ പുജാര, രോഹിത് ശർമ, ഇഷാന്ത് ശർമ എന്നിവരൊക്കെ ആ സമയത്താണ് ടീമിൽ വരുന്നത്. 2012-17 വരെ വീണ്ടും സെലക്ടറായി. ഋഷഭ് പന്ത്, ഇഷാൻ കിഷാൻ എന്നിവരുൾപ്പെട്ട താരങ്ങൾ അക്കാലത്താണ് വന്നത്. മൂന്നുവർഷം കാഷ് കേരള അക്കദാമിയുടെ ഡയറക്ടറായി.

എൺപതുകളിൽ കേരള രഞ്ജി ടീമിലെ നിർണായക താരങ്ങളിലൊരാളായിരുന്നു വലംകൈയൻ ബാറ്റർ കേരള ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായിരുന്നു. 1986-87 സീസൺ രഞ്ജി ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നാല് സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യൻ ടീം സെലക്ഷന് തൊട്ടരികെ എത്തിയിരുന്നു. കർണാടക, ഗോവ, തമിഴ്‌നാട് തുടങ്ങിയ മുൻനിര ടീമുകൾക്ക് എതിരെയായിരുന്നു സെഞ്ചുറി നേട്ടം. തുടർച്ചയായി നാല് ശതകങ്ങൾ ജയറാമിനെ ദേശീയ ശ്രദ്ധയിലേക്കെത്തിച്ചെങ്കിലും ഇന്ത്യൻ ടീമിൽ ഇടം നേടാനായില്ല. കേരളത്തിന്റെ സീനിയർ, ജൂനിയർ ടീമുകളുടെ ക്യാപ്റ്റനായിരുന്നു. 1977നും 1989നും ഇടയിൽ 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചു.

അഞ്ചു സെഞ്ചുറിയും 10 അർധസെഞ്ചുറിയുമടക്കം 2358 റൺസും നേടി ഒരു വിക്കറ്റും നേടി. 133 ആണ് ഉയർന്ന സ്‌കോർ. ദുലീപ് ട്രോഫിയിൽ സൗത്ത് സോണിനായി കളിച്ചിട്ടുണ്ട്. വിരമിച്ചതിന് ശേഷം വർഷങ്ങളോളം കേരള ടീമിന്റെ മുഖ്യ സെലക്ടറായി പ്രവർത്തിച്ചു. കേരള രഞ്ജി ടീമിനൊപ്പം അണ്ടർ 22, അണ്ടർ 25 ടീമുകളുടെ മുഖ്യ സെലക്ടറായിരുന്നു. ദേശീയ ജൂനിയർ സെലക്ഷൻ കമ്മിറ്റി അംഗവുമായിരുന്നു.
2010ൽ ബി.സി.സിഐ മാച്ച് റഫറിയുമായി. ആറ് ലിസ്റ്റ് എ മത്സരങ്ങളും രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നിയന്ത്രിച്ചു.

എറണാകുളത്ത് സ്വാന്റൺസ് ക്ലബ്ബിലൂടെയാണ് ജയറാം കളി തുടങ്ങുന്നത്. അളിയൻ കൃഷ്ണൻ കുട്ടി അടക്കമുള്ളവരായിരുന്നു അതിന്റെ സ്ഥാപകർ. ക്ലബ്ബിന്റെ പരിശീലനം ദർബാർ ഹാൾ ഗ്രൗണ്ടിലായിരുന്നു. 1968-ലായിരുന്നു കേരള സ്‌കൂൾസ് ടീം സെലക്ഷൻ. തൃപ്പൂണിത്തുറ വെച്ച് നടന്ന മത്സരങ്ങളിൽ സെൻട്രൽ സോൺ ടീമിൽ സെലക്ഷൻ കിട്ടി. സോണൽ മത്സരത്തിൽ ജെ.കെ. മഹേന്ദ്രയുടെ വിക്കറ്റെടുത്തു. ജെ.കെ. നോർത്ത് സോണിന്റെ ക്യാപ്റ്റനായിരുന്നു. അന്ന് ജെ.കെ ഇന്ത്യൻ സ്‌കൂൾ ടീമിനായി ഇംഗ്ലണ്ടിലൊക്കെ കളിച്ചുവന്ന സമയമാണ്. രഞ്ജി ടീമിലും കളിക്കുന്നുണ്ട്. വിക്കറ്റ് കിട്ടിയെങ്കിലും കളി നോർത്ത് സോൺ ജയിച്ചു. സോണൽ മത്സരങ്ങളിലെ പ്രകടനം സംസ്ഥാന സ്‌കൂൾ ടീമിലെത്തിച്ചു.

1973-74 സീസണിൽ രഞ്ജി ടീമിലെടുത്തു. ഒരു പ്രോത്സാഹനം പോലെയായിരുന്നു ടീമിലേക്കുള്ള വിളി. 17 വയസ്സായിരുന്നു പ്രായം. അന്ന് മറ്റൊരു നിയമമുണ്ട്. രഞ്ജി കളിച്ചാൽ പിന്നെ ജൂനിയർ ടീമിൽ കളിക്കാനാവില്ല. അതുകൊണ്ട് രഞ്ജി ടീമിലെ ആദ്യ ഇലവനിൽ അവസരം കിട്ടിയില്ല. ടീമിന്റെ കൂടെ കൊണ്ടുപോകും. ഒപ്പം അണ്ടർ-22 അടക്കമുള്ള മറ്റുടീമുകളിലും കളിക്കും. മൂന്ന് കൊല്ലം അണ്ടർ-22 സൗത്ത് സോൺ ടീമിൽ കളിച്ചു. ഒരു വർഷം വൈസ് ക്യാപ്റ്റനായിരുന്നു. ആ വർഷം സൗത്ത് സോൺ ചാമ്പ്യന്മാരായി.

1982ലെ അപൂർവ്വ ഭാഗ്യം ജയറാം വിശദീകരിച്ചത് ഇങ്ങനെ

1982-ൽ അപൂർവ ഭാഗ്യം ലഭിച്ചു. കേരള ചീഫ് മിനിസ്റ്റേഴ്സ് ഇലവനും ഇംഗ്ലണ്ട് ഇലവനും തമ്മിലുള്ള മത്സരം. കെ. കരുണാകരനായിരുന്നു അന്നത്തെ മുഖ്യമന്ത്രി. കീത്ത് ഫ്ളെച്ചറായിരുന്നു എം.സി.സി. ക്യാപ്റ്റൻ. എം.സി.സി. ടീം ശ്രീലങ്കയിൽ നിന്ന് പര്യടനം കഴിഞ്ഞ് തിരുവനന്തപുരത്തെത്തി. അവിടെ യൂണിവേഴ്സിറ്റി ഗ്രൗണ്ടിലായിരുന്നു മത്സരം. ജെഫ് ബോയ്ക്കോട്ട്, ബോബ് വില്ലീസ് എന്നിവരൊക്കെ ഉണ്ടായിരുന്നു എം.സി.സി. ടീമിൽ. കപിൽദേവ്, ഗാവസ്‌കർ, മൊഹീന്ദർ അമർനാഥ് അടക്കമുള്ള താരങ്ങൾ ചീഫ് മിനിസ്റ്റേഴ്സ് ടീമിലും ഉൾപ്പെട്ടു. രവി ശാസ്ത്രിയും ടീമിനൊപ്പമുണ്ട്.

ചീഫ് മിനിസ്റ്റേഴ്സ് ഇലവനിൽ പ്രാദേശിക താരങ്ങൾ എന്ന നിലയിൽ എന്നെയും രഞ്ജിത് തോമസിനെയും ഉൾപ്പെടുത്തി. എന്നാൽ, എന്നെ അറിയിച്ചില്ല. ഞാൻ ചെന്നൈയിലായിരുന്നു. സുനിൽ വത്സൻ ടീമിലുണ്ടായിരുന്നു. മത്സരത്തിന്റെ തലേദിവസം അദ്ദേഹം എന്നെ വിളിച്ചു വരുന്നില്ലേ എന്ന് ചോദിച്ചു. അപ്പോഴാണ് ഞാൻ ടീമിലുള്ള കാര്യം അറിയുന്നത്. ഞാൻ വീട്ടിലേക്ക് വിളിച്ചു. അവിടേക്ക് കത്തൊന്നും വന്നിട്ടില്ല. കെ.സി.എ.യിൽ വിളിച്ചപ്പോൾ നിങ്ങളെ ഫോണിൽ കിട്ടിയില്ലെന്ന് പറഞ്ഞു. പിറ്റേന്ന് ഞാൻ എത്തിക്കോളാം എന്നും അവരെ അറിയിച്ചു.

മത്സരത്തിന്റെ അന്ന് രാവിലെ ഗാവസ്‌കർ ഒരു പ്രാദേശിക താരത്തെ കളിപ്പിക്കാം എന്ന് തീരുമാനിച്ചു. ആ തീരുമാനത്തിൽ ഞാൻ ടീമിലെത്തി. 13 റൺസുമായി പുറത്താകാതെ നിന്നു. ഗാവസകറായിരുന്നു അപ്പുറത്ത്. പിന്നീടൊരിക്കൽ ഗാവസ്‌കറെ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞു. കോഴിക്കോടും കപിൽ ദേവ് ഇലവനും ഗാവസ്‌കർ ഇലവനും തമ്മിൽ മത്സരമുണ്ടായിരുന്നു. അതിൽ കപിൽ ഇലവനിലായിരുന്നു. ബാറ്റ് ചെയ്യേണ്ടി വന്നില്ല. ബൗളിങ്ങിൽ ഒരു വിക്കറ്റെടുത്തു. സഞ്ജയ് മഞ്ജരേക്കർ, മുഹമ്മദ് അസ്ഹറുദ്ദീൻ, ശ്രീകാന്ത് അടക്കമുള്ള താരങ്ങളുണ്ടായിരുന്നു.