- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിട പറഞ്ഞത് രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മെത്രാപ്പൊലീത്ത
തിരുവല്ല: ബിലീവേഴ്സ് ചർച്ച് യാത്ര ചെയ്തത് എന്നും വേറിട്ട വഴിയിൽ. വിവാദങ്ങളും കൂടെ കൂടി. എന്നിട്ടും കെപി യോഹന്നാൻ രാഷ്ട്രീയക്കാരുടെ പ്രിയ കൂട്ടുകാരനായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കെപി യോഹന്നാൻ വർഷങ്ങൾക്ക് മുമ്പെത്തിയപ്പോൾ കൂടെയുണ്ടായിരുന്നത് കോൺഗ്രസ് നേതാവ് പി ജെ കുര്യനായിരുന്നു. അതായിരുന്നു കെപി യോഹന്നാന്റെ രാഷ്ട്രീയ സൗഹൃദ കരുത്ത്. ആരേയും പിണക്കാതെ എല്ലാവരേയും ചേർത്തു നിർത്തിയപ്പോഴും പത്തനംതിട്ടയിലെ പല മണ്ഡലങ്ങളിലും വിജയിയെ നിശ്ചയിക്കുന്ന വോട്ട് ബാങ്കായി ബിലീവേഴ്സ് ചർച്ച് മാറി. ഇതിന് പിന്നിൽ കെപി യോഹന്നാന്റെ ബുദ്ധിയായിരുന്നു. ഒരിക്കലും ആർക്കും അവർ പരസ്യ പിന്തുണ നൽകിയില്ല. ഇഷ്ടമുള്ളവരെ വോട്ട് ചെയ്ത് ജയിപ്പിച്ചു. തിരുവല്ലയിലും ചെങ്ങന്നൂരും എല്ലാം യോഹന്നാൻ രാഷ്ട്രീയ വിജയം നിശ്ചയിച്ച സഭാ അധ്യക്ഷനായി.
ബിലീവേഴ്സ് ചർച്ച് ഇസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാനായി കെപി യോഹാന്നാൻ മാറിയത് വിശ്വാസികളുടെ കരുത്തിലാണ്. ഈ വിശ്വാസികളെല്ലാം ബിലീവേഴ്സ് ചർച്ച് ഇസ്റ്റേൺ സഭാധ്യക്ഷൻ പറയുന്നത് എന്നും കേട്ടു. ഇതുകൊണ്ടാണ് മധ്യ കേരളത്തിലെ പല മണ്ഡലത്തിലും നിർണ്ണായക വോട്ട് ബാങ്കായി ബിലീവേഴ്സ് ചർച്ച് മാറിയത്. തിരുവല്ല താലൂക്കിലെ നിരണം കടിപ്പിയാരിൽ കുടുംബാംഗമായ മാർ അത്തനേഷ്യസ് യോഹാൻ, ഗോസ്പൽ ഫോർ ഏഷ്യ എന്ന സംഘടനയുടെ സ്ഥാപക മേധാവിയായി തിരുവല്ലയിലാണ് പ്രവർത്തനമാരംഭിക്കുന്നത്.
തിരുവല്ലയിലും ചെങ്ങന്നൂരും കുട്ടനാട്ടിലുമെല്ലാം നിരവധി വിശ്വാസ കൂട്ടായ്മകളെ യോഹന്നാൻ സൃഷ്ടിച്ചെടുത്തിരുന്നുവെന്നതാണ് യാഥാർത്ഥ്യം. കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും ഇത് തിരിച്ചറിഞ്ഞിരുന്നു. പരസ്യമായി ആർക്കു വേണ്ടിയും വോട്ട് പിടിച്ചില്ല. എന്നാൽ ഇഷ്ടമുള്ളവർക്കാണ് സഭയുടെ വോട്ടെന്ന് യോഹന്നാൻ ഉറപ്പിക്കുകയും ചെയ്തു. പക്ഷേ 2024ൽ അവർ കളമൊന്ന് മാറ്റി പിടിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അനിൽ കെ ആന്റണിക്ക് പരസ്യ പിന്തുണ അറിയിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഡൽഹി ലഫ് ഗവർണ്ണർ കേരളത്തിലേക്ക് പറന്നെത്തിയതും ബിലീവേഴ്സ് ചർച്ചിന്റെ വേദി പങ്കിടാനായിരുന്നു.
ഡൽഹി ലഫ് ഗവർണ്ണർ വിനയ് കുമാർ സക്സേനയെ ബലീവേഴ്സ് ചർച്ചിന്റെ മെഡിക്കൽ കോളേജിലെ പരിപാടിയിൽ മുഖ്യാതിഥിയായി ബിജെപി നേതൃത്വം അയച്ചത് കെപി യോഹന്നാൻ എന്ന മെത്രാലോപിത്തയുടെ വോട്ട് ബലം അറിഞ്ഞായിരുന്നു. പരസ്യമായി തന്നെ അനിൽ കെ ആന്റണിയെന്ന ബിജെപിക്കാരന് സഭ പിന്തുണയും പ്രഖ്യാപിച്ചു. ഇതിന് വേണ്ടി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ. ആന്റണിക്ക് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ സ്വീകരണവും നൽകി. ഈ കരുത്തിലാണ് പത്തനംതിട്ടയിൽ ബിജെപി ജയിക്കുമെന്ന് അവർ പറയുന്നതും.
സഭയുടെ തിരുവല്ലയിലുള്ള യൂത്ത് സെന്ററിൽ നടന്ന യോഗത്തിൽ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ സിൽവാനിയോസ് മെത്രാപ്പൊലിത്ത, സഭാ പി.ആർ.ഒ ഫാ. സിജോ പന്തപ്പള്ളിൽ തുടങ്ങി നൂറോളം വൈദികരും സഭാ വിശ്വാസികളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. മെത്രാപൊലീത്തയും അനിൽ കെ. ആന്റണിയും യോഗത്തിൽ സംസാരിച്ചു. അനിലിന്റെ വിജയത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് യോഗത്തിൽ ഉറപ്പ് നൽകി. ഇതാദ്യമായാണ് ഒരു കേരളത്തിലെ ക്രൈസ്തവ സഭ ബിജെപിക്ക് പരസ്യ പിന്തുണ നൽകിയത്. ഇത് ഇടതു വലതു മുന്നണികളെ പോലും ഞെട്ടിച്ചു.
ഇഡി കേസുകളിൽ നിന്നും കരകയറാനുള്ള ശ്രമമായി പലരും അടക്കം പറഞ്ഞു. അപ്പോഴും ബീലീവേഴ്സ് ചർച്ചിനേയോ കെപി യോഹന്നാനേയോ കടന്നാക്രമിക്കാൻ മറ്റ് രാഷ്ട്രീയ പാർട്ടികൾ എത്തിയതുമില്ല. ബിലീവേഴ്സ് ചർച്ചിന്റെ വിശ്വാസികൾ മുഴുവൻ സഭയുടെ പരമാധ്യക്ഷന് പിന്നിൽ ഉറച്ചു നിൽക്കുമെന്ന പ്രതീക്ഷയായിരുന്നു ഇതിന് കാരണവും. ചെങ്ങന്നൂരും തിരുവല്ലയും എല്ലാ മുന്നണികളേയും മാറി മാറി പിന്തുണച്ച ചരിത്രം ബിലീവേഴ്സ് ചർച്ചിനുണ്ട്. സഭയുമായി ഏറെ അടുപ്പമുള്ള സജി ചെറിയാനെ ചെങ്ങന്നൂരിൽ ഇറക്കിയും സിപിഎം ബീലീവേഴ്സ് ചർച്ച് വോട്ടുകൾ മുന്നിൽ കണ്ടാണ്. ഇതും വിജയിച്ചു.
അതുകൊണ്ട് തന്നെ ഈ തിരിഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ അനിലിനെ പിന്തുണച്ച തന്ത്രം എങ്ങനെ അന്തിമ ചിത്രത്തെ സ്വാധീനിക്കുമെന്ന ചർച്ചകൾ സജീവമായിരുന്നു. ഇതിനിടെയാണ് സഭയുടെ നാഥൻ അമേരിക്കയിലെ വാഹനാപകടത്തിൽ മരിക്കുന്നത്. മാർത്തോമ്മാ സഭയിലായിരുന്ന മാർ അത്തനേഷ്യസ് യോഹാൻ, സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുവിശേഷവേലയിലേക്കു തിരിഞ്ഞു. 1966 മുതൽ ഓപ്പറേഷൻ മൊബൈലൈസേഷൻ എന്ന സംഘടനയിൽ ചേർന്നു വിവിധ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സുവിശേഷ പ്രവർത്തകനായി. 1974ൽ അമേരിക്കയിൽ ദൈവശാസ്ത്രപഠനത്തിനായി പോയി. മുൻപേ പരിചയമുണ്ടായിരുന്ന ജർമൻ സുവിശേഷകയായ ഗിസിലയെ ഇതിനിടെ ജീവിതപങ്കാളിയായി സ്വീകരിച്ചു.
1979ൽ അമേരിക്കയിലായിരിക്കേ തന്നെ ഗോസ്പൽ ഫോർ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്ക്കു രൂപം നൽകി. അധികം വൈകാതെ കേരളത്തിൽ തിരിച്ചെത്തി. ആത്മീയയാത്ര റേഡിയോ പ്രഭാഷണ പരമ്പരയിലൂടെ ശ്രദ്ധേയനായി. 1990ൽ സ്വന്തം സഭയായ ബിലീവേഴ്‌സ് ചർച്ചിനു രൂപം നൽകി. 2003ൽ സ്ഥാപക ബിഷപ്പായി. മോറാൻ മോർ അത്തനേഷ്യസ് യോഹാൻ എന്ന പേര് സ്വീകരിച്ച അദ്ദേഹം, ക്രൈസ്തവ സഭാ നേതൃത്വത്തിലേക്ക് ഉയർന്നത് അടുത്ത കാലത്താണ്.