- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്കുകളിൽ മിതത്വമെന്നത് നിയമ സംഹിത പോലെ കരുതിയ നേതാവ്; വേദി ഏതായാലും ആശയ സ്ഫുടതയും തത്വശാസ്ത്രപരമായ കാഴ്ചപ്പാടും നിലപാടും കൃത്യമായി പുലർത്തണമെന്നതിൽ വിട്ടുവീഴ്ചയുമില്ല; കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടിൽ നിന്നും നേതാവായി മാറിയ വിപ്ലവം; കാനത്തിന് അന്ത്യാജ്ഞലി അർപ്പിച്ച് കേരളം; ഇന്ന് തിരുവനന്തപുരത്ത് പൊതുദർശനം; നാളെ സംസ്‌കാരം

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാജ്ഞലി അർപ്പിച്ച് സാംസ്‌കാരിക-രാഷ്ട്രീയ കേരളം. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് കോട്ടയം കാനത്തുള്ള വീട്ടുവളപ്പിൽ നടക്കും. ഇന്ന് രാവിലെ 7.30ന് വിമാനമാർഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന ഭൗതിക ശരീരം സിപിഐ ആസ്ഥാനമായി പ്രവർത്തിക്കുന്ന പട്ടം പി എസ് സ്മാരകത്തിലും ഇടപ്പഴിഞ്ഞിയിലെ വീട്ടിലും പൊതു ദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് രണ്ടുമണി വരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. സിപിഐ കോട്ടയം ജില്ലാ കൗൺസിൽ ഓഫിസിലും പൊതുദർശനമുണ്ടാകും. തുടർന്ന് മൃതദേഹം സ്വവസതിയിലേക്ക് കൊണ്ടുപോവും.
കാനത്തിന്റെ വിയോഗത്തിൽ നാളെ മുതൽ ഒരാഴ്ച പാർട്ടി ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ പാർട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചതായി സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ അറിയിച്ചു. കാനത്തിന്റെ നിര്യാണത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, മുൻ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം, അസീസ് പാഷ, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ എംപി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പി പി സുനീർ, ഇ ചന്ദ്രശേഖരൻ, മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ അനുശോചിച്ചു.
പൊൻകുന്നത്തിനടുത്ത് കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടിൽ നിന്നും ഇടത് രാഷ്ട്രീയത്തിന്റെ തലപ്പത്തേക്ക് നടന്നുകയറുകയായിരുന്നു കാനം രാജേന്ദ്രൻ. ഏന്തയാറിലെ മർഫി സായിപ്പിന്റെ തോട്ടത്തിലെ കണക്കുപിള്ള പരമേശ്വരൻ നായരുടെ മകൻ രാജേന്ദ്രൻ കമ്മ്യൂണിസ്റ്റ് നേതാവായി മാറുകയായിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെയും യുവജന പ്രസ്ഥാനത്തിന്റെയും പിൻബലത്തിൽ വിപ്ലവത്തിന്റെ പാതയിൽ പഠിച്ചും പ്രവർത്തിച്ചും വളർന്ന അദ്ദേഹം ചെറുപ്രായത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലെത്തി. കാനത്തെ കൊച്ചുകളപ്പുരയിടമെന്ന വീട്ടിൽ നിന്ന് കേരളക്കരയിലെ ജനമറിയുന്ന, കമ്യൂണിസ്റ്റ്കാരുടെ പ്രിയപ്പെട്ട സഖാവായി വളർന്നു.
കോട്ടയമെന്ന കോൺഗ്രസ് മണ്ണിൽ നിന്ന് ചുവപ്പൻ മനസ്സുമായി വളർന്ന നേതാവാണ് അദ്ദേഹം. എഐവൈഎഫി ലൂടെയാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 23-ാംവയസ്സിൽ അതിന്റെ സംസ്ഥാന സെക്രട്ടറിയായി. 28-ാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. ആ നേതൃപദവിയിൽ ഇത് വരെയുള്ളവരിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ സെക്രട്ടേറിയേറ്റ് അംഗമായത് കാനമാണ്. കൂടെ തലയെടുപ്പുള്ള നേതാക്കൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായെത്തി. അവരുടെ കൂടെയുള്ള ശിക്ഷണവും യാത്രകളും അദ്ദേഹത്തെ കരുത്തുറ്റ നേതാവാക്കി. പി കെ വി, എം എൻ ഗോവിന്ദൻ നായർ, സി അച്യുത മേനോൻ, എൻ ഇ ബൽറാം, വെളിയം ഭാർഗവൻ അങ്ങനെ നീളുന്നു പട്ടിക.
എ ബി ബർധന്റെ കൂടെ യുവജന സംഘടനാ രംഗത്ത് ദേശീയ തലത്തിലും കാനം പ്രവർത്തിച്ചു. 1982ലും 1987ലും വാഴൂർ നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി. പിന്നീട് 2 തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനു ശേഷമാണ് പൂർണമായി സംഘടനാ രംഗത്തേക്ക് മാറിയത്.നിയമസഭാ സാമാജികനെന്ന നിലയിലും കാനം ചരിത്രത്തിന്റെ ഭാഗമാണ്. നിർമ്മാണത്തൊഴിലാളികൾക്ക് ക്ഷേമപെൻഷൻ എന്ന ആശയം സഭയിലുന്നയിച്ചത് അദ്ദേഹമാണ്. ഇത് പിന്നീട് നിയമമായി മാറി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹം മൂർച്ഛിച്ച്, കാലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് വിശ്രമത്തിലായിരുന്നു.
1950ൽ കോട്ടയം കാനത്ത് ജനനം. വാഴൂർ എസ് വി ആർ എൻ എസ് എസ് സ്‌കൂൾ, കോട്ടയം ബസേലിയോസ് കോളജ്, മോസ്‌കോ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. 2022ൽ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിൽവച്ച് മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. 53 വർഷമായി സംസ്ഥാന കൗൺസിൽ അംഗമാണ്. രണ്ട് തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 2015 ൽ കോട്ടയം സംസ്ഥാനസമ്മേളനത്തിൽ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി. എഐഎസ്എഫിലൂടെയായിരുന്നു പൊതുജീവിതം ആരംഭിച്ചത്. പിന്നീട് എഐവൈഎഫ് പ്രവർത്തകനായ കാനം 1970 ൽ സംസ്ഥാന സെക്രട്ടറിയായി. ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കേരളത്തിൽ എഐവൈഎഫിന്റെ അടിത്തറ വിപുലമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
1970 ൽ സിപിഐ സംസ്ഥാന കൗൺസിലിലും പിന്നീട് എൻ ഇ ബാലറാം സെക്രട്ടറിയായിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. 25 വയസായിരുന്നു അന്ന് പ്രായം. എംഎൻ, സി അച്യുതമേനോൻ, ടി വി തോമസ്, വെളിയം ഭാർഗവൻ തുടങ്ങിയ മഹാരഥന്മാർക്കൊപ്പമുള്ള പ്രവർത്തനത്തിലൂടെ ലഭിച്ച അനുഭവ സമ്പത്താണ് കാനത്തിന്റെ വഴികാട്ടി. യുവജന രംഗത്തു നിന്ന് നേരിട്ട് ട്രേഡ് യൂണിയൻ മേഖലയിലെ പ്രവർത്തനങ്ങളിലാണ് കാനം ശ്രദ്ധയൂന്നിയത്. 1970 ൽ കേരള സ്റ്റേറ്റ് ട്രേഡ് യൂണിയൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയായി. പി ബാലചന്ദ്ര മേനോൻ, കെ എ രാജൻ, പി ഭാസ്‌കരൻ, കല്ലാട്ട് കൃഷ്ണൻ, ടി സി എസ് മേനോൻ, കെ സി മാത്യു തുടങ്ങിയ മുൻനിര ട്രേഡ് യൂണിയൻ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പരിചയം പിന്നീട് എഐടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിൽ തിളക്കമാർന്ന പ്രവർത്തനം നടത്താൻ ഉപകരിച്ചു. ഈ ഘട്ടത്തിലാണ് വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികളുടെയും പുത്തൻതലമുറ ബാങ്കുകൾ, ഐടി സ്ഥാപനങ്ങൾ, മുതൽ സിനിമാ മേഖലയിലുൾപ്പെടെ പുതിയ യൂണിയനുകളുണ്ടാക്കിയത്. കെഇഡബ്ല്യുഎഫ് പ്രസിഡന്റ്, എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകളിൽ ട്രേഡ് യൂണിയൻ രംഗത്ത് ശ്രദ്ധേയ ഇടപെടൽ നിർവഹിക്കുന്നു.
കേരള നിയമസഭയിൽ കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും കാനവും കന്നിക്കാരായി ഒരുമിച്ചെത്തിയവരായിരുന്നു. വാക്കുകളിൽ മിതത്വമെന്നത് നിയമ സംഹിത പോലെ കരുതിയാണ് സംസാരമെങ്കിലും വേദി ഏതായാലും ആശയ സ്ഫുടതയും തത്വശാസ്ത്രപരമായ കാഴ്ചപ്പാടും നിലപാടും കൃത്യമായി പുലർത്തണമെന്നതിൽ വിട്ടുവീഴ്ചയില്ല. സി അച്യുതമേനോൻ ഫൗണ്ടേഷൻ പ്രസിഡന്റായ കാനം എഴുതിയ നവമാധ്യമ രംഗത്തെ ഇടതുചേരി എന്ന പുസ്തകം ഏറെ ശ്രദ്ധേയമായി. പ്രഭാത് പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത ലേഖനങ്ങൾക്കും വായനക്കാരേറെയാണ്. ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ താരാ സന്ദീപ്, വി സർവേശ്വരൻ.


