- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനത്തിന് വിടനൽകാനൊരുങ്ങി കേരളം; മൃതദേഹം വീട്ടിലെത്തിച്ചു; തലസ്ഥാനത്തു നിന്നും കോട്ടയത്തിലേക്കുള്ള അന്ത്യയാത്രയിൽ അന്ത്യാജ്ഞലി അർപ്പിച്ച് ആയിരങ്ങൾ; സംസ്ക്കാര ചടങ്ങുകൾ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ; കാനം മടങ്ങുന്നത് നവീകരണം പൂർത്തിയായ പുതിയ എം.എൻ സ്മാരകത്തിസൽ പ്രവേശിക്കാനാകാതെ
കോട്ടയം: അന്തരിച്ച സിപിഐ. നേതാവ് കാനം രാജേന്ദ്രന് വിടനൽകാനൊരുങ്ങി രാഷ്ട്രീയകേരളം. ഞായറാഴ്ച രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കാനത്തെ വീട്ടിൽ എത്തിച്ചത്.
ജന്മനാട്ടിലേക്കുള്ള വിലാപയാത്രയിലുടനീളം ആയിരങ്ങൾ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. വിലാപയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ആളുകൾ തിങ്ങിനിറഞ്ഞതോടെ യാത്ര മണിക്കൂറുകളോളം വൈകി. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് വിലാപയാത്ര കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയത്. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ ആയിരങ്ങൾ ഇവിടേക്കും ഒഴുകിയെത്തി.
പ്രത്യേകം സജ്ജമാക്കിയ കെ.എസ്.ആർ.ടി.സി ബസിലായിരുന്നു അന്ത്യയാത്ര. 2015ൽ പാർട്ടി സെക്രട്ടറിയായ ശേഷം തിരുവനന്തപുരത്തേക്ക് വരുമ്പോൾ കാറിൽ ഒപ്പമുണ്ടായിരുന്ന പി. പ്രസാദ് അവസാനയാത്രയിലും തലയ്ക്കൽ മാറാതെയുണ്ടായിരുന്നു. 18 വർഷത്തോളം ഡ്രൈവറായി ഒപ്പമുണ്ടായിരുന്ന വിനോദും.
നിശ്ചയിച്ച സമയത്തേക്കാൾ 20 മിനിറ്റ് വൈകിയാണ് പട്ടത്ത് നിന്ന് വിലാപയാത്ര പുറപ്പെട്ടത്. വിലാപയാത്ര പുറപ്പെട്ട് അധികം കഴിയുംമുമ്പ് കേന്ദ്രമന്ത്രി വി. മുരളീധരൻ അന്തിമോപചാരമർപ്പിക്കാനെത്തി. വഴിയരികിൽ വണ്ടി നിർത്തി അദ്ദേഹത്തിന് അവസരമൊരുക്കി. 2.45ഓടെയാണ് വിലാപയാത്ര മണ്ണന്തലയിലെത്തിയത്. വൈകാരികമായി മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ മൃതദേഹം വഹിച്ചുള്ള വാഹനത്തെ എതിരേറ്റത്.
കാനത്തിന്റെ ചിത്രം പതിപ്പിച്ച ബാഡ്ജണിഞ്ഞ് സ്ത്രീകളും മുതിർന്നവരുമടക്കം വലിയ ജനക്കൂട്ടം പ്രിയനേതാവിനെ കാണാൻ ഇവിടെ കാത്തുനിന്നു. വാഹനത്തിനുള്ളിൽ കയറി എല്ലാവർക്കും അഭിവാദ്യമേകാൻ സൗകര്യമൊരുക്കിയിരുന്നു. കോവൂർ കുഞ്ഞുമോൻ എംഎൽഎയും ഇവിടെയുണ്ടായിരുന്നു. ഉച്ചക്ക് മൂന്നോടെ വാഹനം വട്ടപ്പാറയിലെത്തുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല; വലിയ ജനാവലി. നിശ്ചിത കേന്ദ്രങ്ങളിലാണ് വാഹനം നിർത്തുകയെന്ന് മുൻകൂട്ടി അറിയിച്ചിരുന്നതെങ്കിലും പലയിടങ്ങളിലും വഴിനീളെ ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കനത്തവെയിലിനെ അവഗണിച്ചും കന്യാകുളങ്ങരയിലും വെമ്പായത്തും പ്രവർത്തകരെത്തി.
വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ എന്നിവിടങ്ങളിലാണ് തലസ്ഥാന ജില്ലയിൽ വാഹനം നിർത്തി പൊതുദർശനത്തിന് സൗകര്യമൊരുക്കിയ മറ്റ് കേന്ദ്രങ്ങൾ. കെ.പി. രാജേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, ബിനോയ് വിശ്വം, പ്രകാശ് ബാബു അടക്കം നേതാക്കളും സിപിഐ മന്ത്രിമാരും കുടുംബാംഗങ്ങളും വാഹനത്തിലുണ്ടായിരുന്നു.
കണ്ണീർ നനവുള്ള മുദ്രാവാക്യങ്ങൾ നനഞ്ഞ് സ്വന്തം തട്ടകത്തിലേക്ക് മടങ്ങുമ്പോഴും കാനത്തെ സംബന്ധിച്ച് ഒരാഗ്രഹം മാത്രം നിറവേറാതെയുണ്ടായിരുന്നു. അസുഖബാധിതനായി അവധിയിൽ പ്രവേശിക്കവേ, നവീകരണം പൂർത്തിയായ പുതിയ എം.എൻ സ്മാരകത്തിലേക്കായിരിക്കും ഇനി താൻ മടങ്ങിയെത്തുകയെന്ന് കാനം പറഞ്ഞിരുന്നു.
പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ നവീകരണം കാനത്തിന്റെ വലിയ ആഗ്രഹമായിരുന്നു. തലസ്ഥാനത്തുള്ള സമയത്തെല്ലാം ഏറെ സമയം ചെലവഴിച്ചതും എം.എൻ സ്മാരകത്തിലും. പക്ഷേ, അവസാനമെത്തുമ്പോൾ ഇവിടേക്കെത്താനായില്ല. പട്ടത്തെ പി.എസ് സ്മാരകത്തിലാണ് സംസ്ഥാന കമ്മിറ്റി ഓഫിസ് നിലവിൽ പ്രവർത്തിക്കുന്നതിനാലാണ് ഭൗതിക ശരീരം ഇങ്ങോട്ടേക്കെത്തിച്ചത്.
ഇന്ന് അന്തിമോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംഎൽഎ.മാർ, സിപിഐ. ദേശീയ സെക്രട്ടറി ഡി. രാജ ഉൾപ്പെടെയുള്ള നേതാക്കൾ ഞായറാഴ്ച രാവിലെ കാനത്തെ വീട്ടിലെത്തും. ഞായറാഴ്ച കാനത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന സാഹചര്യത്തിൽ രണ്ടുദിവസത്തേക്ക് വിളിച്ചുചേർത്ത സിപിഎം. പി.ബി. യോഗം ശനിയാഴ്ചത്തോടെ അവസാനിപ്പിച്ചു. തിങ്കളാഴ്ച മൂന്നിന് കോട്ടയം മാമ്മൻ മാപ്പിള സ്മാരകഹാളിൽ അനുശോചനയോഗം ചേരുമെന്ന് സിപിഐ. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു അറിയിച്ചു.