- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തു നിന്നും കാനത്തേക്ക് സഖാവിന്റെ അന്ത്യയാത്ര; അവസാനമായി ഒരു നോക്കു കാണാൻ വഴിനീളെ അണികൾ; കൊട്ടാരക്കരയിലും പന്തളത്തുമൊക്കെ അന്തിമോപചാരം അർപ്പിച്ചത് ആയിരങ്ങൾ; ഞായറാഴ്ച്ച 11-ന് കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം
തിരുവനന്തപുരം: അന്തരിച്ച സിപിഐ. നേതാവ് കാനം രാജേന്ദ്രന് രാഷ്ട്രീയകേരളം ഞായറാഴ്ച വിട നൽകും. 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാര ചടങ്ങുകൾ നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ചെങ്ങന്നൂരിൽ എത്തിയിട്ടുണ്ട്.
പന്തളത്തും കൊട്ടാരക്കരയിലും ചെങ്ങന്നൂരുമൊക്കെ കാനത്തെ അവസാനമായി ഒരു നോക്കു കാണാൻ ആയിരങ്ങൾ എത്തിയിട്ടുണ്ട്. ചങ്ങനാശ്ശേരിയിലും കുറിച്ചിയിലും വിലാപയാത്രയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമുണ്ടാകും. ചിങ്ങവനവും നാട്ടകവും പിന്നിട്ട് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ ഞായറാഴ്ച പുലർച്ചയോടെ എത്തും. നാളെ രാവിലെ രണ്ട് മണിക്കൂർ പൊതുദർശനമുണ്ട്.
പ്രിയസഖാവിനെ അവാനമായി കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വിലാപയാത്ര കടന്നുപോകുന്ന ഇടങ്ങളിലെല്ലാം തിങ്ങിനിറയുന്നുണ്ട്. കൊട്ടാരക്കരയിലായിരുന്നു ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. മൂന്നു മണിക്കൂറോളം വൈകിയാണ് നിലവിൽ വിലാപയാത്ര കടന്നുപോകുന്നത്. ഞായറാഴ്ച കാനത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന സാഹചര്യത്തിൽ രണ്ടുദിവസത്തേക്ക് വിളിച്ചുചേർത്ത സിപിഎം. പി.ബി. യോഗം ശനിയാഴ്ചത്തോടെ അവസാനിപ്പിച്ചു.
നാളെ അന്തിമോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംഎൽഎ.മാർ, സിപിഐ. ദേശീയ സെക്രട്ടറി ഡി. രാജ ഉൾപ്പെടെയുള്ള നേതാക്കൾ എത്തും. തിങ്കളാഴ്ച മൂന്നിന് കോട്ടയം മാമ്മൻ മാപ്പിള സ്മാരകഹാളിൽ അനുശോചനയോഗം ചേരുമെന്ന് സിപിഐ. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി അർപ്പിച്ചത്. ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചതിന് പിന്നാലെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കോട്ടയത്തേക്ക് തിരിക്കുകയായിരുന്നു. കൊച്ചിയിൽ നിന്ന് വ്യോമമാർഗം രാവിലെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം പട്ടം പി.എസ്. സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ചു. ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ അടക്കമുള്ളവർ ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കാൻ ഉണ്ടായിരുന്നു. വൈകാരികമായ യാത്രയയപ്പാണ് പാർട്ടി നേതാക്കളും പ്രവർത്തകരും കാനത്തിന് നൽകിയത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സിപിഐ നേതാക്കളായ പ്രകാശ് ബാബു, പന്ന്യൻ രവീന്ദ്രൻ, പി.സന്തോഷ് കുമാർ എംപി, പി.പി.സുനീർ, ബിനോയ് വിശ്വം, കെ.ഇ.ഇസ്മയിൽ, കെ.പി.രാജേന്ദ്രൻ, മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, ചിഞ്ചുറാണി, പി.പ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ കാനത്തിന് ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു.സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ, കെ.കെ.ശൈലജ, പി.കെ.ശ്രീമതി, എം.വിജയകുമാർ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയും അന്ത്യോപചാരമർപ്പിക്കാൻ എത്തി
കെ.എസ്.ആർ.ടി.സിയുടെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് പോകുന്നത്. കാനത്തിന്റെ മകൻ സന്ദീപ്, കൊച്ചുമകൻ, മന്ത്രി പി.പ്രസാദ് മറ്റ് സിപിഐ നേതാക്കൾ തുടരങ്ങിയവർ യാത്രയെ അനുഗമിക്കുന്നുണ്ട്. നാളെ രാവിലെ 11 മണിക്ക് കോട്ടയം വാഴൂരിലാണ് സംസ്‌ക്കാര ചടങ്ങുകൾ.