- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ കഴിയവേ; അപ്രതീക്ഷിത വിയോഗം ഇന്ന് ഉച്ചയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന്; വിട പറയുന്നത് ഇടതു മുന്നണിയിലെ കരുത്തനായ നേതാവ്
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അപ്രതീക്ഷിത വിയോഗം ഉണ്ടായത് ഇന്ന് ഉച്ചയോടെ ഹൃദയാഘാത്തെ തുടർന്നാണ്. ഹൃദയാഘാത്തെ തുടർന്ന് കാനത്തെ സിസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സിപിഐ സംസ്ഥാന സെക്രട്ടറിയായ കാനം ഇടതു മുന്നണിയിലെ കരുത്തനായ നേതാവാണ്.
കുറച്ചു കാലമായി കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലായിരുന്നു അദ്ദേഹം. അനാരോഗ്യംമൂലം സെക്രട്ടറി സ്ഥാനത്തു നിന്നു അവധിക്ക് അപേക്ഷ നല്കിയിരിക്കവേയാണ് കാനം അന്തരിച്ചത്. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നതിനാൽ കടുത്ത ആരോഗ്യ പ്രശ്‌നത്തിലായിരുന്നു അദ്ദേഹം. ഈ സാഹചര്യത്തിലാണ് കാനം സ്ഥാനമൊഴിയാൻ തയ്യാറെടുത്തത്. ഇതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി അന്ത്യം സംഭവിച്ചിരിക്കുന്നത്. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. തുടർന്ന് അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.
മുന്ന് തവണയാണ് അദ്ദേഹം സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കിടങ്ങൂർ സ്വദേശിയായ പി.കെ.വാസുദേവൻ നായർക്കു ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരൻ കൂടിയാണു കാനം. തോട്ടം മാനേജരായിരുന്ന പിതാവിന്റെ ഒപ്പം എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിതം കണ്ടാണ് കാനംവളർന്നത്. അതുകൊണ്ടു തന്നെ പിൽക്കാലത്തു നിയമസഭയിൽ നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ബിൽ സ്വകാര്യബില്ലായി അവതരിപ്പിച്ചു തൊഴിലാളികളോടുള്ള കരുതലിന് അടിവരയിട്ടു. നല്ല നിയമസഭാസാമാജികനെന്ന പേരും നേടി.
എഐഎസ്എഫ് 1970ൽ നടത്തിയ കലാമേളയിൽ 'രക്തപുഷ്പങ്ങൾ' എന്ന നാടകത്തിൽ നായകനടനായിരുന്നു കാനം. അഭിനയം സ്റ്റേജിൽ മാത്രമായിരുന്നു. ജീവിതത്തിൽ പച്ചമനുഷ്യനായി, 1982ലും 87ലും വാഴൂരിലെ ജനങ്ങൾ അദ്ദേഹത്തെ നിയമസഭയിലെത്തിച്ചു. ആദ്യം എം.കെ.ജോസഫിനെയും പിന്നീട് പി.സി.തോമസിനെയുമാണ് തോൽപിച്ചത്. 1991ൽ രാജീവ്ഗാന്ധി വധത്തിനു ശേഷമുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പിന്നീടു രണ്ടു തവണ കൂടി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1996ൽ കെ.നാരായണക്കുറുപ്പിനോടും 2006ൽ അദ്ദേഹത്തിന്റെ മകൻ എൻ.ജയരാജിനോടും പരാജയപ്പെട്ടു.
എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കവേ നടത്തിയ ഇടപെടലുകളിലൂടെയാണ് അദ്ദേഹം സിപിഐ തലപ്പത്തേക്കും ഉയർന്നു വന്നത്. സിപിഐ വിഭാഗീയതക്കിടയിലും കാനം സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന രണ്ട് തവണ സെക്രട്ടറി സ്ഥാനത്തിരുന്ന ്‌ദ്ദേഹം 2022 ഒക്ടോബറിലാണ് കാനം സംസ്ഥാനസെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെടുന്നത്.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് സർക്കാറിന്റെ തിരുത്തായി പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഇടതു സർക്കാറിനെ രണ്ടാമത് അധികാരത്തിലേക്ക് നയിക്കുന്നതിലും കാനത്തിന്റെ ഇടപെടലുകൾ നിർണായകമായിരുന്നു. പാർട്ടിയിൽ കാർക്കശ്യക്കാരനായിരുന്ന കാനം സ്ഥാനാർത്ഥി നിർണയത്തിലും മന്ത്രിമാരെ നിശ്ചയിക്കുന്നതിലും അടക്കം പുതുമുഖങ്ങൾക്ക് അവസരം നല്കാൻ മുന്നിൽ നിന്നു. ഇതോടെ മുന്നണിയിൽ അസ്വാരസ്യങ്ങൾ കൂടാതെ മുന്നോട്ടു കൊണ്ടുപോകാനും കാനത്തിന്റെ നേതൃത്തിന് സാധിച്ചിരുന്നു.
എ.ഐ.ടി.യു.സി സംസ്ഥാനസെക്രട്ടറി ആയിരിക്കവേ സിനിമ, ഐ.ടി., പുതുതലമുറബാങ്കുകൾ തുടങ്ങി എ.ഐ.ടി.യു.സി.ക്ക് വിവിധ മേഖലകളിൽ ഘടകങ്ങളുണ്ടാക്കിയ നേതാവ് കൂടിയാണ് കാനം. ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ: താരാ സന്ദീപ്, വി. സർവേശ്വരൻ.