തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മരണം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മൂന്ന് മാസത്തെ അവധിക്ക് കേന്ദ്ര കമ്മിറ്റിക്ക് അപേക്ഷ നൽകിയതിന് തൊട്ടുപിന്നാലെ. പകരം ചുമതല കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിനു നൽകണമെന്നാണ് കാനം ആവശ്യപ്പെട്ടിരുന്നത്. കാനത്തിന്റെ അപേക്ഷയിൽ ഈ മാസം ചേരുന്ന ദേശീയ നിർവാഹക സമിതി തീരുമാനമെടുക്കാനിരിക്കുകയായിരുന്നു.

ആരോഗ്യപ്രശ്നങ്ങൾ അലട്ടിയതുമൂലം കാനം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തകാലത്ത് കാലിന് ശസ്ത്രക്രിയയും നടന്നതിനാൽ സഞ്ചാരത്തിനും ബുദ്ധിമുട്ടുണ്ടായിരുന്നു, ഈ സാഹചര്യത്തിലാണ് അവധിക്ക് അപേക്ഷ നൽകിയിരുന്നത്. 16നും 17നും ചേരുന്ന സിപിഐ ദേശീയ നിർവാഹസമിതി കാനത്തിന്റെ അവധി അപേക്ഷയിൽ തീരുമാനമെടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നത്.

27ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന നിർവാഹ സമിതി യോഗത്തിൽ പകരം ചുമതലക്കാരൻ ആരെന്ന് ദേശീയ നേതൃത്വം അറിയിക്കാനിരിക്കയായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ. ചന്ദ്രശേഖരനും പി. പി. സുനീറും ഉൾപ്പടെ സംസ്ഥാന നേതൃത്വം കൂട്ടായാണ് പാർട്ടിയുടെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നത്. നയപരമായ കാര്യങ്ങളിലോ വിവാദ വിഷയങ്ങളിലോ സിപിഐ സംസ്ഥാന നേതൃത്വം പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയുടെ ചുമതല കൈമാറ്റം വീണ്ടും ചർച്ചയായത്. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായ കാനത്തിന് പകരം ചുമതലക്കാരനെ നിശ്ചയിക്കുമ്പോൾ അതേ പദവിയുള്ളയാൾ വേണം എന്നതിനാലാണ് ബിനോയി വിശ്വത്തിന്റെ പേര് നിർദ്ദേശിക്കപ്പെട്ടത്

അതിനിടെയാണ് കാനത്തിന്റെ ആക്‌സ്മിക മരണം. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്നുള്ള ചികിത്സയുമായി ദീർഘനാളായി ആശുപത്രിയിൽ കഴിയുകയായിരുന്നു. അടുത്തിടെ കാൽപ്പാദം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയ്ക്കും കാനം വിധേയനായിരുന്നു.

2022 ഒക്ടോബറിലാണ് കാനം സംസ്ഥാനസെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെട്ടത്. 1950 നവംബർ 10-നാണ് കാനം ജനിച്ചത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ചു. കോട്ടയം ജില്ലയിലെ കാനം ഗ്രാമത്തിൽ വി കെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10നാണ് കാനം രാജേന്ദ്രന്റെ ജനനം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. 2015 മുതലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്നത്. 1982 ലും 1987 ലും കോട്ടയം വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, എഐടിയുസി സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.

1978 - ൽ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 ൽ എഐടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2012 ൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായി.